Friday, May 11, 2012

മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി ! ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം
 •  മൊയാരത്ത് ശങ്കരന്റെ ജഡം എവിടെയാണ് സംസ്കരിച്ചത് എന്ന് ആര്‍ക്കുമറിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഏതോ മൂലയിലാകാം. ബാക്കിയായത് രക്തംപുരണ്ട ഒരു ഖാദി മുണ്ടും നെഹ്രുവിയന്‍ മേല്‍ക്കുപ്പായവും മാത്രം. കോയ്യാറ്റിലെ (കണ്ണൂര്‍ജില്ല) മൊയാരം ഹൗസില്‍ ഉലയാതെ സൂക്ഷിച്ച ആ പരുക്കന്‍ ഖാദിത്തുണികള്‍ പറയുന്നത് ഒരു പിതൃഹത്യയുടെ കഥയാണ്. ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്. ആ സംഘത്തിന്റെ പേരിലും ഗാന്ധിനാമമുണ്ടായിരുന്നു- ഗാന്ധിയന്‍ ദേശരക്ഷാസമിതി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയപ്പോഴാണ് മൊയാരം ഇനി ജീവിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യകാല തൊഴിലാളി-കര്‍ഷക ബഹുജന സംഘാടകരില്‍ പ്രമുഖനും കോണ്‍ഗ്രസിന്റെ ചരിത്രരചയിതാവുമായ മൊയാരത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പഴക്കമുണ്ട് കേരളത്തില്‍ ഖദറിട്ട നരഭോജിരാഷ്ട്രീയത്തിന് എന്നര്‍ഥം.
 • പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുലംകുത്തികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിളിച്ചത് കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിക്ക് "ക്രൂരത"യായി തോന്നുന്നു. സ്വന്തം പാര്‍ടിയെ നയിച്ച നേതാവ് വിട്ടുപോയപ്പോള്‍ വളഞ്ഞിട്ട് തല്ലിവീഴ്ത്തി കൊല്ലാക്കൊലചെയ്ത് പൊലീസിനെ ഏല്‍പ്പിക്കുകയും ഇരുമ്പഴിക്കുള്ളില്‍ നരകിച്ച് മരിക്കാന്‍ വിടുകയും ചെയ്ത പാരമ്പര്യമോ? 1948 മെയ് 11ന് എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നുനീങ്ങുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട പൊലീസിനൊപ്പമെത്തി മൊയാരത്തിനുനേരെ ചാടി വീണത്. കുറുവടികള്‍ ആ ശരീരം തകര്‍ത്തു. ഖദര്‍ വസ്ത്രം ചോര വീണ് നഞ്ഞു. ആ ചോരയാലെ ലോക്കപ്പിലേക്കും ജയിലിലേക്കും. മൂന്നാംനാള്‍ മരണം. ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് ചോരപുരണ്ട വസ്ത്രം മാത്രം. കോണ്‍ഗ്രസ് കേരളത്തില്‍ വളര്‍ന്നത് ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിടുപണിചെയ്താണ്. നാണംകെട്ട ഒറ്റുകാരുടെ ഇന്നലെകളാണ് ആ പാര്‍ടിയുടേത്. കമ്യൂണിസ്റ്റ് ആശയങ്ങളെ ഉന്മൂലനംചെയ്യാന്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒറ്റുകാരാകാന്‍ അവര്‍ മടിച്ചുനിന്നില്ല. വിദേശികള്‍ ഒഴിഞ്ഞുപോയപ്പോള്‍ ഖദറിട്ട സായ്പന്മാര്‍ പരമാധികാരം ഏറ്റെടുത്തു. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയി എന്നകാരണം മതിയായിരുന്നു അവര്‍ക്ക് മൊയാരത്ത് ശങ്കരനെ കൊന്നുതള്ളാന്‍. മഹാമനീഷിയായ മൊയാരത്തിന്റേതിനേക്കാള്‍ വലിയ ഏതു രക്തസാക്ഷിത്വമുണ്ട് കേരളത്തില്‍ എന്ന ചോദ്യത്തിനുമുന്നില്‍ കോണ്‍ഗ്രസുകാര്‍ക്ക് നിവര്‍ന്നുനില്‍ക്കാനാകില്ല-അന്നും ഇന്നും.
 • വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പ്രാദേശികനേതാവ് കൊല്ലപ്പെട്ടപ്പോള്‍ കുറ്റം സിപിഐ എമ്മിനുമേല്‍ ചാരാന്‍ കോണ്‍ഗ്രസ് വെപ്രാളപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പുറത്തുപോയി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചന്ദ്രശേഖരനെ കൊന്നത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. ആ പ്രചാരണത്തിന് ആയുസ്സ് കൂട്ടാന്‍ ഭരണസംവിധാനങ്ങളെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പറയുന്നത് ചന്ദ്രശേഖരനെക്കുറിച്ച് മാത്രമാണ്. വിരല്‍ചൂണ്ടുന്നത് സിപിഐ എമ്മിനുനേരെയാണ്. അതിനവര്‍ക്ക് തെളിവുവേണ്ട; വസ്തുതകള്‍ വേണ്ട; യുക്തി വേണ്ട.
 • സമാധാനത്തിന്റെ വെള്ളിപ്പറവകളായി കേരളീയര്‍ക്കുമുന്നില്‍ അഭിനയിക്കുന്ന കോണ്‍ഗ്രസിന്റെ ഭൂതകാലം ചോരക്കൊതിയുടെ കറുത്ത കറയില്‍ മുങ്ങിയതാണ്. പാര്‍ടിവിട്ടതിന് മൊയാരത്ത് ശങ്കരന് വധശിക്ഷ വിധിച്ചവര്‍ പിന്നീട് നടത്തിയ കൊലപാതകങ്ങളുടെ നിര നീണ്ടതാണ്. ചീമേനിയില്‍ അഞ്ചുപേരെ ജീവനോടെ ദഹിപ്പിച്ചതുള്‍പ്പെടെ. കുഞ്ഞാലിയുടെ നെഞ്ചിലേക്ക് പാഞ്ഞുകയറിയ വെടിയുണ്ട കോണ്‍ഗ്രസിന്റേതാണ്. അഴീക്കോടന്റെ ജീവരക്തം പുരണ്ട കത്തിയുടെ ഒരറ്റത്ത് കോണ്‍ഗ്രസിന്റെ സ്പര്‍ശമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ വിളമ്പിയ ചോറില്‍ പടര്‍ന്ന ചോര കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ വാളുകളില്‍നിന്ന് തെറിച്ചതാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയ്ക്കും കോണ്‍ഗ്രസിന്റെ ഉടമസ്ഥതയുണ്ട്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും കോണ്‍ഗ്രസ് കൊന്നുതള്ളിയവരുടെ പട്ടികയ്ക്ക് സമാനമായി മറ്റൊന്നില്ല. അടിയന്തരാവസ്ഥയില്‍ അധികാരമത്തിന്റെ ചവിട്ടടിയില്‍ പിടഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ക്ക് കണക്കുപറയേണ്ടതും കോണ്‍ഗ്രസ് തന്നെ.
 • ആരാണ് ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ എന്ന ചോദ്യം ഉയരുമ്പോള്‍ കോണ്‍ഗ്രസിലേക്ക് കണ്ണുകള്‍ നീളാന്‍ ആ പാര്‍ടിയുടെ ചതിയുടെയും അറുകൊലയുടെയും ചോരപുരണ്ട ചരിത്രംതന്നെ പ്രചോദനം.
 • ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ടീയം 2

  ഒന്നാം ഭാഗം മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി

  രണ്ടുവട്ടം എംഎല്‍എയും ഡിസിസി പ്രസിഡന്റുമായിരുന്ന പി കെ അബ്ദുള്‍ഖാദറിന്, കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനോടൊപ്പമെത്തിയതിന്റെ നാല്‍പ്പത്തൊന്നാം നാളിലാണ് "വധശിക്ഷ"നടപ്പാക്കിയത്. നാലുപതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസുകാര്‍ അരുംകൊലയ്ക്ക് ഉപയോഗിച്ച ആയുധം ബോംബും വാളുമല്ല-തീ തുപ്പുന്ന തോക്ക്. പാര്‍ടിയില്‍നിന്ന് പുറത്തുപോകുന്നവര്‍ക്ക് ശിക്ഷ വിധിക്കാന്‍ കോണ്‍ഗ്രസിനകത്ത് അന്ന് കോടതിയുണ്ടായിരുന്നു. ജന്മിമാരുടെയും നാട്ടുപ്രമാണിമാരുടെയും ഗുണ്ടകളുടെയും കോടതി.

  പി കെ എന്നാണ് അബ്ദുള്‍ഖാദര്‍ അറിയപ്പെട്ടത്. എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട ഡിസിസിയുടെ പ്രസിഡന്റായിരുന്നു. കൊടുങ്ങല്ലൂരില്‍ പി കെയ്ക്കുശേഷം അത്രയും ജനകീയനായ മറ്റൊരു നേതാവുണ്ടായിട്ടില്ല. കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പാവപ്പെട്ടവനു കിടപ്പാടമുണ്ടാക്കാന്‍ 10സെന്റ് സ്ഥലം വളച്ചുകെട്ടി നല്‍കുന്നതിനുള്ള പോരാട്ടം നയിച്ചതാണ് പി കെ ചെയ്ത കുറ്റം. 1971 ആഗസ്ത് എട്ടിന് സിപിഐ എമ്മില്‍ ചേര്‍ന്നു; സെപ്തംബര്‍ 17ന് കൊലചെയ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായിരുന്ന അഹമ്മുവിനെയും പി കെയ്ക്കൊപ്പം വെടിവച്ചുകൊന്നു. വെടിയുണ്ടകള്‍ തുളഞ്ഞുകയറി മാംസം ചിതറിയ രണ്ട് ശരീരങ്ങള്‍ ഇന്നും എറിയാട് ഗ്രാമത്തിന്റെ നീറ്റലാണ്. ഇരുവരും നാടിന് പ്രിയപ്പെട്ടവര്‍. മൃഗീയകൊലപാതകത്തിന് കോണ്‍ഗ്രസ് സംഘത്തിന് ഇരുളിന്റെ മറപോലും വേണ്ടി വന്നില്ല. സ്കൂളിനടുത്ത്, കുട്ടികളെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തി ഇന്നലെവരെ സ്വന്തം നേതാവായിരുന്ന മനുഷ്യനെ വെടിവച്ചുകൊന്നതിന്റെ ഭീകരത അന്ന് മാധ്യമ ആഘോഷമായില്ല. കൊന്നത് കോണ്‍ഗ്രസുകാരായിരുന്നുവല്ലോ.

  ആരും പി കെയെക്കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ആര്‍ക്കും വ്യക്തിവിരോധവുമില്ല. ജന്മിമാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിന്നപ്പോള്‍ കുടിയാന്‍മാര്‍ക്കുവേണ്ടി പി കെ പൊരുതി. കുടികിടപ്പു സംഘം രൂപീകരിച്ചു. അത് കോണ്‍ഗ്രസിന് സഹിക്കാതായപ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതാകയേന്തി. ഗാന്ധിജിയില്‍നിന്ന് ഖദര്‍ സ്വന്തമാക്കിയവര്‍ പിന്നീട് അതില്‍ പൊതിഞ്ഞുവച്ചത് മാടമ്പിത്തരവും മൃഗീയതയുമായിരുന്നു. അഹിംസ ഗാന്ധിയോടൊപ്പം കൊലചെയ്യപ്പെട്ടു-മൂവര്‍ണക്കൊടിക്കുപകരം തോക്കും കത്തിയുമായി ഖദര്‍ധാരികളുടെ സമരായുധം. പി കെയെയും അഹമ്മുവിനെയും വെടിവച്ചുവീഴ്ത്താന്‍ ഒരു പ്രകോപനവുമുണ്ടായിരുന്നില്ല.

  1971 സെപ്തംബര്‍ 17ന് എറിയാട് കേരളവര്‍മ കോളേജില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പഠിപ്പുമുടക്കായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത കുട്ടികളെ പുറത്തുനിന്നെത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൂട്ടമായി മര്‍ദിച്ചു. സ്കൂളിന്റെ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പി കെയും അഹമ്മുവും വിവരമറിഞ്ഞ് ഓടിച്ചെന്നു. തോക്കുമായി കാത്തിരിക്കുകയായിരുന്നു കൊലയാളിസംഘം. ഇത്തരമൊരാക്രമണം ആരും പ്രതീക്ഷിച്ചതല്ല. 1969 ജൂലൈ 28ന് സഖാവ് കുഞ്ഞാലിയെ കൊന്ന കോണ്‍ഗ്രസ്, രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ വീണ്ടും തോക്കെടുത്തപ്പോള്‍ കേരളം അന്ന് ഞെട്ടിത്തരിച്ചു. മാതൃഭൂമിയും മനോരമയും പക്ഷേ, ആ കോണ്‍ഗ്രസുകാരന്റെ ഉറ്റവരുടെ കണ്ണീരുകണ്ടില്ല; കൊലയാളികളുടെ ക്രൂരത വര്‍ണിച്ചില്ല. രണ്ട് കമ്യൂണിസ്റ്റുകാര്‍ വധിക്കപ്പെടേണ്ടവര്‍ എന്ന് അവരും വിധിയെഴുതി. കൊലയ്ക്കുശേഷം പ്രതികള്‍ ഒളിവില്‍ പോയി. അഭയം നല്‍കിയത് കോണ്‍ഗ്രസുകാര്‍. മഹാരാഷ്ട്രയിലെ പുണെയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടയില്‍ ഒളിച്ചുതാമസിക്കവെ പിടിയിലായി. ഏഴു പ്രതികളും കോണ്‍ഗ്രസുകാര്‍. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ കാക്കച്ചി മുഹമ്മദ്, ജബ്ബാര്‍ എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചു.

  പി കെ അബ്ദുള്‍ഖാദറിന്റെ ജീവിതത്തിനും കൊലയ്ക്കും താരതമ്യങ്ങളില്ല. നവോത്ഥാന പ്രവര്‍ത്തകന്‍ പടിയത്ത് മണപ്പാട്ട് കുഞ്ഞിമുഹമ്മദ്ഹാജിയുടെ മകനായി ജന്മികുടുംബത്തില്‍ ജനം. വിദ്യാര്‍ഥിയായിരിക്കെ കൊച്ചിന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായി. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സ്കൂളില്‍നിന്ന് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തനം. ആദ്യം ലോകമലേശ്വരം മണ്ഡലം പ്രസിഡന്റ്. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും. 1953ല്‍ എറിയാട് പഞ്ചായത്ത് മെമ്പര്‍. 1954ല്‍ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി ഗോപാലകൃഷ്ണമേനോനെ കമ്യൂണിസ്റ്റ് കോട്ടയായ കൊടുങ്ങല്ലൂരില്‍ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് അബ്ദുള്‍ഖാദറിനെ. പി കെ ജയിച്ചു. 1957ല്‍ മത്സരിച്ചില്ല. 1960ല്‍ കൊടുങ്ങല്ലൂരില്‍നിന്ന് കേരള നിയമസഭയില്‍.

  അത്രയേറെ പാരമ്പര്യമുള്ള നേതാവിനാണ് കോണ്‍ഗ്രസിന്റെ ജന്മിസേവ മടുത്ത് പാര്‍ടി വിടേണ്ടിവന്നത്. ഭൂപരിഷ്കരണ ഭേദഗതിനിയമം നടപ്പാക്കണമെന്നും കുടികിടപ്പ് അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നയിച്ച പോരാട്ടമാണ് പി കെയുടെ മനസ്സ് മാറ്റിയത്. സമരത്തെ സര്‍ക്കാരും ജന്മിമാരും ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ അതിനെ എതിര്‍ത്ത പി കെ നിരാശനായി. ആത്മാര്‍ഥതയ്ക്കും ത്യാഗത്തിനും കോണ്‍ഗ്രസ് നേതൃത്വം വില കല്‍പ്പിക്കുന്നില്ലെന്ന തിരിച്ചറിവാണ് പികെയെ സിപിഐ എമ്മിലെത്തിച്ചത്. കുടികിടപ്പ് സമരത്തോടെ കൊടുങ്ങല്ലൂരിലെ അപ്രതിരോധ്യശക്തിയായി മാറിയ സിപിഐ എമ്മിനോടൊപ്പം പി കെയും എത്തിയപ്പോള്‍ കോണ്‍ഗ്രസ് കണ്ടത്ഉന്മൂലനത്തിന്റെ വഴി.

  അന്ന് തീയുണ്ടയുതിര്‍ത്ത ആ തോക്ക് പില്‍ക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രതീകമായി. കോണ്‍ഗ്രസാണ് രാഷ്ട്രീയത്തില്‍ തോക്ക് കൊണ്ടുവന്നത്. ആ ചരിത്രം രമേശ് ചെന്നിത്തലയുടെ അറിവിനും അപ്പുറമാകാം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍നിന്ന് ചാടിപ്പോയിട്ടുണ്ടാകാം. പി കെ അബ്ദുള്‍ഖാദറിനെയും അഹമ്മുവിനെയും സ്നേഹിക്കുന്ന നാട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും ഓര്‍മകള്‍ പക്ഷേ ഇന്നും നീറുന്നുണ്ട്. പി കെയെ കുലംകുത്തിയെന്നു വിളിക്കാതെ ജീവന്‍ കുത്തിയെടുത്തവര്‍ മാന്യതയുടെ പുറംതോടണിഞ്ഞ്, അഹിംസാ സിദ്ധാന്തം രചിക്കുന്നത് കൊടുങ്ങല്ലൂരുകാര്‍ തിരിച്ചറിയുന്നുണ്ട്. (അവസാനിക്കുന്നില്ല)


No comments:

Post a Comment