Thursday, May 17, 2012

വീണ്ടും ഇരുട്ടിലേക്ക്; നിരക്കുവര്‍ധനയും




തിരു: ലോഡ് ഷെഡിങ്ങും പവര്‍കട്ടുമില്ലാത്ത അഞ്ചാണ്ടുകള്‍ കേരളത്തിന് സമ്മാനിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം മാറിയതോടെ കേരളത്തില്‍ തിരിച്ചെത്തിയത് ഇരുട്ടിന്റെ നാളുകള്‍. വേനലെത്തുംമുമ്പേ ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തിയത് അടക്കമുള്ള ആസൂത്രണപ്പാളിച്ചകള്‍ കേരളത്തെ തള്ളിവിട്ടത് ലോഡ് ഷെഡിങ്ങിലേക്കും പവര്‍കട്ടിലേക്കും. ഒപ്പം പ്രതിസന്ധി മറയാക്കി നിരക്കുവര്‍ധനയുടെ ഇരുട്ടടി. ഇതുംകൂടാതെ സ്ഥിരംനിരക്കും സര്‍ചാര്‍ജും അധിക ഉപയോഗത്തിന് കൂടിയ നിരക്കും കൊടുക്കേണ്ട ദുരിതത്തിലാണ് ഉപയോക്താവ്. വൈദ്യുതി കിട്ടാതെ വ്യവസായമേഖല തകരുമ്പോള്‍ വൈദ്യുതിമേഖലയില്‍ യുഡിഎഫ് വരച്ച അരാജകചിത്രം പൂര്‍ണം. അഞ്ചുവര്‍ഷം ലോഡ്ഷെഡിങ്ങോ പവര്‍കട്ടോ ഏര്‍പ്പെടുത്താതെയാണ് വൈദ്യുതിമേഖലയെ എല്‍ഡിഎഫ് സര്‍ക്കാര്‍ നയിച്ചത്. ഉല്‍പ്പാദനത്തിലും പ്രസരണത്തിലും വിതരണത്തിലുമെല്ലാം അതിശയിപ്പിക്കുന്ന മുന്നേറ്റം. എന്നാല്‍, ഒരു വര്‍ഷംകൊണ്ട് ചിത്രം ആകെ മാറി. അധിക ഉപയോഗത്തിന് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കൂടിയ നിരക്ക്. സ്ഥിരം നിരക്കിനുപുറമെ പീക്ക് സമയ ഉപയോഗത്തിന് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമീഷനെ സമീപിച്ചുകഴിഞ്ഞു. ഇടുക്കിയിലെ അമിതോല്‍പ്പാദനമായിരുന്നു താളപ്പിഴകളുടെ തുടക്കം. ചെറുകിട പദ്ധതികളില്‍നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമെനിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് ആവശ്യം നിറവേറ്റുകയാണ് പതിവ്. മഴക്കാലത്ത് കുറഞ്ഞവിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങാനുമാവും. അതിനു തയ്യാറാകാതെ ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തി. മുല്ലപ്പെരിയാര്‍ജലനിരപ്പ് കുറയ്ക്കാന്‍ നടത്തിയ അമിതോല്‍പ്പാദനമാണ് ഇടുക്കി ജലനിരപ്പ് കുറച്ചതെന്നാണ് വാദം. നവംബര്‍ മധ്യത്തോടെയാണ് മുല്ലപ്പെരിയാര്‍ വീണ്ടും വന്‍ ചര്‍ച്ചയായത്. എന്നാല്‍, അതിനു രണ്ടു മാസംമുമ്പേ തുടങ്ങിയ അമിതോല്‍പ്പാദനം മുല്ലപ്പെരിയാറിന്റെ പേരിലും തുടര്‍ന്നു. മഴക്കാലത്ത് മൂന്നുമുതല്‍ നാലുവരെ ദശലക്ഷം യൂണിറ്റാണ് ഇടുക്കിയില്‍ പരമാവധി ഉല്‍പ്പാദിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം 8-9 ദശലക്ഷം യൂണിറ്റ്. സെപ്തംബറില്‍ ആരംഭിച്ച അമിതോല്‍പ്പാദനം മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താനെന്ന പേരില്‍ തുടരുകയുംചെയ്തു. ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്വകാര്യ നിലയങ്ങളില്‍നിന്ന് മുന്‍കാലങ്ങളില്‍ കേരളത്തിന് വൈദ്യുതി ലഭിച്ചിരുന്നു. ദക്ഷിണ മേഖലയില്‍നിന്നുള്ള പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിഴ്നാടും മുന്‍കൂട്ടി ബുക്ക്ചെയ്തതോടെ ഈ സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി കൊണ്ടുവരാനായില്ല. വേനല്‍ മുന്നില്‍ക്കണ്ട് ഇത്തരം നടപടികളൊന്നുമുണ്ടായില്ല. പ്രതിസന്ധി തല്‍ക്കാലം മറികടക്കാനുള്ള പോംവഴി കായംകുളത്തെ ഉല്‍പ്പാദനം പുനരാരംഭിക്കല്‍മാത്രം. അതോടെ ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യതയും വര്‍ധിച്ചു. ബാധ്യത താങ്ങാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. അതോടെ ഭാരം വന്നുവീണത് ജനങ്ങളില്‍. പ്രതിമാസം 150 യൂണിറ്റിനു മേലുള്ള ഓരോ യൂണിറ്റിനും ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്ന് 10 രൂപ വീതം ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോഡ്, വൈദ്യുതി ബോര്‍ഡ് റെഗുലേറ്റി കമീഷനോട് ആവശ്യപ്പെട്ടത്. ഗാര്‍ഹിക ഉപയോക്താക്കളോട് എന്തിനാണ് ഈ ക്രൂരതയെന്ന് കമീഷന്‍ ആരായുന്ന സ്ഥിതിവരെയുണ്ടായി. ഒടുവില്‍, 300 യൂണിറ്റിനുമേലുള്ള ഉപയോഗത്തിന് അധികനിരക്ക് ഈടാക്കാന്‍ അനുമതി നല്‍കി. നിരക്കുവര്‍ധന അടക്കമുള്ള പുതിയ നിര്‍ദേശങ്ങള്‍ ആഗസ്ത് ഒന്നിന് നടപ്പില്‍ വരും.

No comments:

Post a Comment