Saturday, May 19, 2012

സിപിഐ എമ്മിനെതിരായ ഗൂഢാലോചന പി രാജീവ്



  • കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമവാര്‍ത്തകളും വിശകലനങ്ങളും കാര്‍ട്ടൂണുകളും കമ്യൂണിസ്റ്റ് വൈരം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനു നടത്തുന്ന പ്രചാരവേലയുടെ ക്ലാസിക്കല്‍ ഉദാഹരണമാണ്. ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകമാണ് ഇക്കൂട്ടര്‍ ഇതിനായി ഉപയോഗിക്കുന്നത്. സിപിഐ എമ്മിനെ തകര്‍ക്കുന്നതിനായി ഈ സംഭവത്തെ ഉപയോഗിക്കാന്‍ കഴിയുമോയെന്ന വൃഥാശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. അതിനായി ദിവസവും നുണക്കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു. ചന്ദ്രശേഖരന്റെ കൊലപാതകം കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കൊലയാളി സംഘം അദ്ദേഹത്തെ വകവരുത്തിയത്. അങ്ങേയറ്റം പ്രൊഫഷണലായ സംഘത്തിനു മാത്രം ചെയ്യാന്‍ കഴിയുംവിധം ക്രൂരമായിരുന്നു ആ കൊലപാതകം. അദ്ദേഹത്തെ വധിച്ച സംഘത്തെ പിടികൂടേണ്ടതും അതിനു പിറകിലുള്ള ശക്തികളെ നിയമത്തിന്റേയും സമൂഹത്തിന്റേയും മുന്നില്‍ കൊണ്ടുവരേണ്ടതും കേരളീയ സമൂഹത്തിന്റെ പൊതു ആവശ്യമാണ്.

    കൊലപാതകത്തെ ശക്തമായി അപലപിച്ച സിപിഐ എം നേതൃത്വവും അതുതന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കൊലപാതകം നടന്ന് അധികസമയം കഴിയുന്നതിനു മുമ്പുതന്നെ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും മുഖ്യമന്ത്രിയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വമാകെ ഇതേ നിലപാട് ആവര്‍ത്തിച്ചു. ഇതിനു പറ്റുന്ന രൂപത്തിലുള്ള കഥകളും ഉപകഥകളും മെനയുകയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങള്‍. എന്നാല്‍, ഡിജിപി കഴിഞ്ഞ ദിവസം&ാറമവെ; നടത്തിയ വെളിപ്പെടുത്തല്‍ ഇക്കൂട്ടരെ വെട്ടിലാക്കിയിട്ടുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ രാഷ്ട്രീയകൊലപാതകമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും സ്വകാര്യ ലാഭത്തിനുവേണ്ടിയാണ് അദ്ദേഹത്തെ വധിച്ചതെന്നുമാണ് ഡിജിപി പറഞ്ഞത്. എന്നാല്‍, അതു തിരുത്തുന്നതിന് ആഭ്യന്തരമന്ത്രി തന്നെ രംഗത്തുവന്നത് കേസില്‍ എത്രമാത്രം രാഷ്ട്രീയമായി ഇടപെടുന്നതിന് കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് വ്യക്തമാക്കുന്നു.

    ആരുടെ സ്വകാര്യലാഭത്തിനായാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുകയും അതു സമൂഹത്തോട് തുറന്നുപറയുകയുമാണ് യഥാര്‍ഥത്തില്‍ ആഭ്യന്തരമന്ത്രി ചെയ്യേണ്ടത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് നിരത്തുന്ന ന്യായം അദ്ദേഹം പാര്‍ടി വിട്ടുപോയ ആളാണെന്നാണ്. ആളുകളെ കൊന്ന് അവരുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന മൂഢധാരണയുള്ള പാര്‍ടിയല്ല സിപിഐ എം. ആളെ ഇല്ലാതാക്കിയാല്‍ രാഷ്ട്രീയം ഇല്ലാതാകുമെങ്കില്‍ ആദ്യം ഇല്ലാതാകേണ്ടത് കമ്യൂണിസ്റ്റ് പാര്‍ടിയല്ലേ? കമ്യൂണിസ്റ്റാവുകയെന്ന് പറഞ്ഞാല്‍ മരണത്തില്‍നിന്നും ലീവെടുത്തുനില്‍ക്കുന്നതുപോലെയാണെന്ന് കരുതിയ കാലമുണ്ടായിരുന്നു. എത്രയെത്ര സഖാക്കള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കണ്ണൂരിലെ സിപിഐ എമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസിന്റെ മുന്നിലുള്ള ബോര്‍ഡുകളില്‍ രക്തസാക്ഷികളുടെ പേരുകള്‍ നിരത്തിയെഴുതിയിരിക്കുന്നത് കാണാം. നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടും കണ്ണൂരിലെ പാര്‍ടിയെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആളെക്കൊന്ന് ഏതെങ്കിലും പാര്‍ടിയെ തകര്‍ക്കാമെന്ന് കമ്യൂണിസ്റ്റുകാര്‍ കരുതുകയില്ല. പാര്‍ടി വിട്ടവരെ ആശയപരമായി നേരിടുന്നതിനാണ് എക്കാലത്തും സിപിഐ എം ശ്രമിക്കുന്നത്.

    കേരളത്തിലെ കമ്യൂണിസ്റ്റ് മനസ്സില്‍ ഗൗരിയമ്മയ്ക്കുണ്ടായിരുന്ന സ്ഥാനം വിവരണാതീതമായിരുന്നു. പൊതുസമൂഹത്തിലും അവര്‍ക്ക് അവരുടേതായ ഇടമുണ്ടായിരുന്നു. അതുപോലെ എംവി രാഘവനും സിപിഐ എമ്മിന്റെ ശക്തനായ നേതാവായിരുന്നു. അദ്ദേഹം പുറത്തുപോയതോടൊപ്പം കരുത്തരായ പല നേതാക്കളും പുറത്തുപോയി. അതിനെയെല്ലാം രാഷ്ട്രീയമായി തന്നെയാണ് സിപിഐ എം അഭിമുഖീകരിച്ചത്. അവരോടൊന്നും തോന്നാത്ത പക ചന്ദ്രശേഖരനോട് സിപിഐ എമ്മിനുണ്ടായെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ചന്ദ്രശേഖരനും മറ്റുചിലരും പുറത്തുപോയതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍നിന്നും കോഴിക്കോട്ടെ പാര്‍ടി ഏറെ മുന്നോട്ടുപോയി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനു ഏറ്റവും വലിയ മുന്നേറ്റമുണ്ടായ ജില്ലയാണ് കോഴിക്കോട്. അതുല്യമായി മികവോടെ സംഘടിപ്പിച്ച പാര്‍ടി കോണ്‍ഗ്രസ് ആ ജില്ലയിലെ പൊതുസമൂഹത്തിനിടയിലും പാര്‍ടിയെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കി. ഇത്തരം സാഹചര്യത്തില്‍ പാര്‍ടി വിട്ടുപോയ പലരും മടങ്ങിവരികയും ചെയ്തു. ഒരു തരത്തിലുള്ള സംഘര്‍ഷവും ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാലും സമൂഹം അത് തിരിച്ചറിയും.

    ആദ്യം പറഞ്ഞ പല കഥകളും വിഴുങ്ങേണ്ടിവന്ന മാധ്യമങ്ങള്‍ പുതിയ നിര്‍മിത കഥകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്. ചന്ദ്രശേഖരന്റെ വധം ചൊക്ലി മോഡലായിരുന്നുവത്രേ. മനോരമയുടെ പഴയ ലക്കങ്ങള്‍ ആകെ പരതി നോക്കി. ഇതുവരെ അങ്ങനെയാരു മോഡല്‍ കൊലപാതകം കണ്ടെത്താനായില്ല. ചില തീവ്രവാദസംഘടനകള്‍ നടത്തുന്ന കൊലപാതകവുമായി സാമ്യമുണ്ടെന്ന് ചിലര്‍ പറഞ്ഞത് ഇവരൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. കൊലയാളി സംഘം ഉപയോഗിച്ച വാഹനം സിപിഐ എം പ്രവര്‍ത്തകന്റേതാണെന്ന വാര്‍ത്ത ബ്രേക്കിങ് ന്യൂസായിരുന്നു. എന്നാല്‍, അത് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ബന്ധുവിന്റേതാണെന്ന കാര്യം അദ്ദേഹത്തിനു തന്നെ സമ്മതിക്കേണ്ടി വന്നു. ആ വാര്‍ത്ത ചില മാധ്യമങ്ങള്‍ തമസ്കരിച്ചു. പിണറായി വിജയന്‍ ചന്ദ്രശേഖരനെ കൂലംകുത്തിയെന്ന് വിളിച്ചതു സംബന്ധിച്ച നിര്‍മിച്ച കഥകളും മലീമസ പത്രപ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ്. ക്രൂരമായി കൊലചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചോദിക്കുന്നത് സങ്കുചിത മനഃസ്ഥിതിയാണെന്ന് പിണറായി നേരിട്ട് പത്രക്കാരോട് പറഞ്ഞ കാര്യവും മിക്കവാറും മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞു.

    സിപിഐ എമ്മിനെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് അരങ്ങേറുന്നത്. ഇടതുപക്ഷശക്തികള്‍ ദേശീയരാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിട്ട കാലമാണ് പിന്നിട്ടത്. ബംഗാളിലെയും കേരളത്തിലെയും തിരിച്ചടിയും മറ്റും സൃഷ്ടിച്ച പിന്നോക്കാവസ്ഥയെ മറികടക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതൊന്നും അറിയില്ലെന്ന മട്ടില്‍ ചിലര്‍ പൊതുവര്‍ത്തമാനം നടത്തുന്നുണ്ട്. ശത്രുക്കള്‍ വളഞ്ഞുനിന്ന് സിപിഐ എമ്മിനെ ആക്രമിക്കുമ്പോള്‍ അത് തിരിച്ചറിയില്ലെന്ന മട്ടില്‍ സംസാരിക്കുന്നവരും ശത്രുവര്‍ഗത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകികളെ പിടികൂടേണ്ടത് ഇന്ന് ജനാധിപത്യകേരളത്തിന്റെ പൊതുആവശ്യമായി മാറിയിട്ടുണ്ട്. ആ അന്വേഷണത്തെ അട്ടിമറിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കഴിയണം. ചന്ദ്രശേഖരനെ സ്നേഹിച്ചിരുന്നവരും അതുതന്നെയായിരിക്കും ആഗ്രഹിക്കുന്നത്.

No comments:

Post a Comment