Thursday, May 10, 2012

മാധ്യമങ്ങള്‍ ഏറ്റെടുത്ത യുഡിഎഫ് ക്വട്ടേഷന്‍




  •  ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ അന്വേഷണത്തെ മാധ്യമ വാര്‍ത്തകള്‍ വഴിതെറ്റിക്കുന്നുവെന്ന് ഡിജിപി ജേക്കബ് പുന്നൂസിന് തുറന്നു സമ്മതിക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് വളര്‍ന്നിരിക്കുന്നു പത്രങ്ങളുടെ ക്വട്ടേഷന്‍ എഴുത്ത്. മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതുവരെയെത്തി കാര്യങ്ങള്‍. കൊലയാളികള്‍ സിപിഐ എമ്മുകാരാണെന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ് അച്ചടി-ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളെന്ന് സംസ്ഥാനത്തെ പൊലീസ് മേധാവിതന്നെ പരോക്ഷമായി സമ്മതിച്ചിരിക്കയാണ്.
  •  ഇത്തരം വിവാദകേസുകളില്‍ മാധ്യമങ്ങളുടെ സമാന്തര വിചാരണ പാടില്ലെന്ന് മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, സിപിഐ എം വിരുദ്ധതയുടെ തിമിരം ബാധിച്ച മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിവിധിയും ബാധകമല്ല. മുത്തൂറ്റ് കേസില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യഗ്രതയില്‍ മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകള്‍ സിബിഐ റിപ്പോര്‍ട്ട് നിരാകരിച്ചത് ഒട്ടും പഴയ കാര്യമല്ല.
  •  രാത്രി പത്തരയ്ക്ക് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വിവരം പതിനൊന്നു മണിക്കുതന്നെ മാധ്യമങ്ങളും പൊലീസും അറിഞ്ഞതാണ്. സംഭവസ്ഥലത്തുനിന്ന് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ വേണമെന്നിരിക്കെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ പൊലീസ് എന്തുചെയ്തുവെന്ന് ഇതുവരെ ഒരു മാധ്യമവും ചോദിച്ചിട്ടില്ല. രാത്രിതന്നെ അതിര്‍ത്തികളില്‍ പരിശോധന നടത്താമെന്നിരിക്കെ പൊലീസ് ബോധപൂര്‍വം ഉഴപ്പിയതെന്തിന്?
  •  പൊലീസ് കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്ന വിവരങ്ങള്‍ ഒരു പരിശോധനയുമില്ലാതെ (പ്രത്യേകിച്ചും തീവ്രവാദ, വ്യാജഏറ്റുമുട്ടല്‍ കേസുകളില്‍) നല്‍കുന്ന വടക്കേ ഇന്ത്യന്‍ മാധ്യമങ്ങളെ കുറ്റം പറയുന്ന ഒരു മാധ്യമവിശാരദനും ചന്ദ്രശേഖരന്‍ വധക്കേസിലെ പൊലീസിന്റെ വാര്‍ത്താസൃഷ്ടികളെ എതിര്‍ത്തുകണ്ടില്ല. കൊലപാതകം നടന്ന് നേരം വെളുത്തപ്പോള്‍ ന്യൂസ് ചാനലുകളില്‍ തെളിഞ്ഞ ബ്രേക്കിങ്ന്യൂസുകള്‍ പൊലീസിന്റെ അടുക്കളയില്‍ രൂപംകൊണ്ടതുതന്നെയെന്ന് വ്യക്തം.
  •  ചന്ദ്രശേഖരന്‍വധത്തില്‍ രണ്ടു സിപിഐ എം ഏരിയാ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ ചാനലുകളും പത്രങ്ങളും ഇപ്പോള്‍ അതേപ്പറ്റി മിണ്ടുന്നില്ല. ഏതൊക്കെ ഏരിയാ കമ്മിറ്റികളാണവയെന്ന് വ്യക്തമാക്കണമെന്ന സിപിഐ എം ജില്ലാ നേതൃത്വത്തിന്റെ വെല്ലുവിളി അവര്‍ കേട്ടില്ലെന്ന് നടിച്ചു. സിപിഐ എം കണ്ണൂര്‍ ജില്ലാനേതൃത്വത്തെ ലക്ഷ്യംവച്ചുള്ള വാര്‍ത്തകള്‍ക്കുമുണ്ട് ആസൂത്രിതസ്വഭാവം. ചന്ദ്രശേഖരന്റെ ശരീരത്തിലേറ്റ വെട്ടുകള്‍ ചൊക്ലി മോഡല്‍ വെട്ടാണെന്നാണ് മലയാള മനോരമ ഒന്നാംപേജിലെഴുതിയത്.
  •  കൊല നടന്ന രാത്രി ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്ക് ദൃശ്യമാധ്യമങ്ങള്‍ എരിവേറ്റി. പതിവിനു വിപരീതമായി അര്‍ധരാത്രിക്കുശേഷവും സജീവമായ ചാനലുകള്‍ നല്‍കിയ സിപിഐ എം വിരുദ്ധ വാര്‍ത്തകളാണ് സമാധാനാന്തരീക്ഷം തകര്‍ത്തതെന്ന് നിസ്സംശയം പറയാം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ കൊലപാതകത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ പ്രസ്താവനകളും യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം കോഴിക്കോട്ടെത്തിയതും സ്വാഭാവിക പ്രതികരണമായി കാണുകയായിരുന്നു മാധ്യമങ്ങള്‍.

No comments:

Post a Comment