Saturday, May 26, 2012

"മൊഴിയെടുക്കുന്നത് " മനോരമ


തിരു: "കുറ്റസമ്മത"വും ദൃക്സാക്ഷി വിവരണവും മനോരമ വക. കള്ളക്കഥ മെനയാന്‍ പൊലീസ് സഹായം- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ നടക്കുന്നത് മാധ്യമഭീകരതയുടെ അഴിഞ്ഞാട്ടം. അറസ്റ്റിലായവരുടെ മൊഴി എന്ന നിലയില്‍ ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്നത് സിപിഐ എം വിരുദ്ധവികാരം കുത്തിയിളക്കാന്‍ ലക്ഷ്യമിട്ട് ചമയ്ക്കുന്ന കെട്ടുകഥകളാണ്. അന്വേഷണവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ച് "വിവരങ്ങള്‍" അന്വേഷണസംഘത്തിന്റെ മൊബൈല്‍ ഫോണുകളിലൂടെ പ്രവഹിക്കുന്നു. വിളിച്ചുവരുത്തി അറസ്റ്റുരേഖപ്പെടുത്തിയ സിപിഐ എം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ "എല്ലാ കുറ്റവും സമ്മതിച്ചെ"ന്നാണ് വെള്ളിയാഴ്ച മലയാളമനോരമയുടെ പ്രധാന വാര്‍ത്ത. ചോദ്യംചെയ്യലിന്റെ ദൃക്സാക്ഷിവിവരണം എന്ന മട്ടിലാണ് ഇതു വന്നത്. ലേഖകന്‍ മെനഞ്ഞ കഥയാണ് ഇതെങ്കില്‍ അയാള്‍ക്കെതിരെ കേസെടുക്കണം; അതല്ല, പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയതാണെങ്കില്‍ ഉത്തരവാദിയെ കണ്ടെത്തി ശിക്ഷിക്കാനുള്ള ബാധ്യത പൊലീസ് തലവനുതന്നെയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയ വിടുവേലക്കാരായി; ചാരന്മാരായി അന്വേഷണസംഘത്തിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമാകുന്നതിലൂടെ സംഘത്തിന്റെ വിശ്വാസ്യത തകരുകയാണ്. ഇതു മറികടക്കാന്‍, "അന്വേഷണത്തില്‍ സിപിഎം ചാരന്മാര്‍" എന്നാണ് മനോരമ വാര്‍ത്ത കൊടുത്തത്. ചാരന്മാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. സംഘത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരെ മാറ്റാനും താളത്തിനു തുള്ളുന്നവരെ മാത്രം ഉള്‍ക്കൊള്ളിക്കാനുമുള്ള ഉപായമാണ് ഈ നാടകം. അറസ്റ്റുചെയ്യപ്പെട്ടവരെ ഭക്ഷണം കൊടുക്കാതെയും ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെയും അതികഠിനമായ ശാരീരിക-മാനസിക സമ്മര്‍ദത്തിലേക്ക് എത്തിക്കുന്നതായി വിവരമുണ്ട്. മൂന്നാംമുറയുടെയും അതിനായി പ്രവര്‍ത്തിക്കുന്ന രഹസ്യകേന്ദ്രത്തിന്റെയും സൂചനകള്‍ വന്നുകഴിഞ്ഞു. സിപിഐ എമ്മിനെ തകര്‍ത്തേ അടങ്ങൂ എന്ന നിലയിലാണ് യുഡിഎഫ് നേതാക്കളും മാധ്യമസംഘവും നീങ്ങുന്നത്. ആദ്യദിവസങ്ങളില്‍ സൃഷ്ടിച്ച കഥകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ "ദൃക്സാക്ഷിവിവരണങ്ങള്‍". സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് നൈരാശ്യത്തിലാണ്ടിരുന്ന പാര്‍ടിവിരുദ്ധര്‍ വടകര മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പാര്‍ടിയെ ഒറ്റുകൊടുത്തതിന് കൈയോടെ പിടിക്കപ്പെട്ട് പുറത്തായി ആരും തിരിഞ്ഞുനോക്കാതെ നടന്നവര്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. പാര്‍ടിവിരുദ്ധമാധ്യമസംഘം അപവാദപ്രചാരണത്തില്‍ അവരുടെ പഴയ റെക്കോഡുകള്‍ ഭേദിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. പത്ര- ദൃശ്യമാധ്യമങ്ങളിലൂടെ പാര്‍ടിക്കെതിരെ ആരോപണമുയര്‍ത്തുകയും അതനുസരിച്ച് അന്വേഷണഗതി നിശ്ചയിക്കുകയും ചെയ്യുന്ന രീതിയാണ് അരങ്ങേറുന്നത്. സ്വകാര്യലാഭത്തിനു വേണ്ടിയുള്ള കൊലപാതകമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് മേധാവി വെളിപ്പെടുത്തിയെങ്കിലും പിന്നീട് രാഷ്ട്രീയലക്ഷ്യത്തോടെ അന്വേഷണം വഴിമാറ്റി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സിപിഐ എമ്മിനെതിരെ വാളോങ്ങി അന്വേഷണഗതി നിര്‍ണയിക്കുന്നു. കേസിനൊപ്പം അവസാനം വരെ താനുണ്ടാകുമെന്നാണ് മുല്ലപ്പള്ളിയുടെ ഒടുവിലത്തെ ഭീഷണി.

No comments:

Post a Comment