Monday, May 7, 2012

പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് കള്ളം പ്രചരിപ്പിക്കുന്നു പിണറായി




കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസും ചില മാധ്യമങ്ങളും ചേര്‍ന്ന് സിപിഐ എമ്മിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരനെ വധിച്ച യഥാര്‍ഥകുറ്റവാളികളെ കണ്ടെത്തണം, ശിക്ഷിക്കണം. സംഭവത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്ന വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്‍പമെങ്കിലും വസ്തുതയുണ്ടോയെന്ന് അന്വേഷിക്കണം. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. പ്രതികളായ റഫീഖ് നവീന്‍ദാസ് പ്രകാശന്‍ തുടങ്ങിയവരുമായി സിപിഐ എമ്മിന് ഒരുബന്ധമില്ല. ഇപ്പോള്‍ പ്രതികളെന്നു പറയുന്നവര്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇവര്‍ എപ്പോഴാണ് സിപിഐ എമ്മായതെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ കേസ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തണം. സിപിഐഎം നേതാവായ ഇ പി ജയരാജനെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയ സുധാകരനെതിരെ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാര്യവും പിണറായി ചൂണ്ടിക്കാട്ടി.

No comments:

Post a Comment