Wednesday, May 2, 2012

കെപിസിസി യോഗത്തില്‍നിന്ന് മുരളീധരന്‍ ഇറങ്ങിപ്പോയി




തിരു: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ക്കെതിരായ ചെന്നിത്തലയുടെ പരാമര്‍ശങ്ങളാണ് മുരളിയെ ചൊടിപ്പിച്ചത്. മൈക്ക് കിട്ടിയാല്‍ എന്തും പറയാമെന്ന് ധരിക്കുന്ന ചില മുതിര്‍ന്ന നേതാക്കളുണ്ടെന്ന് ആര്യാടന്‍ മുഹമ്മദിന്റെയും മുരളീധരന്റെയും പേരുപറയാതെ ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് നിയോഗിച്ചപ്രകാരം കെപിസിസി പ്രസിഡന്റായി താന്‍ തുടരുകയാണ്. അതുകൊണ്ടുതന്നെ പാര്‍ടികാര്യത്തില്‍ അഭിപ്രായം പറയേണ്ടത് താനാണ്. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയും. മറ്റു നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യമായ അഭിപ്രായം പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്നാണ് മുരളി ഇറങ്ങിപ്പോയത്. കോഴിക്കോട്ട് തിരുവമ്പാടിയില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തില്‍ മുസ്ലിംലീഗിനെതിരെ മുരളീധരന്‍ ആഞ്ഞടിച്ചിരുന്നു. നാലു കിട്ടിയാല്‍ അഞ്ചും അഞ്ചുകിട്ടിയാല്‍ ആറും കിട്ടണമെന്ന ആക്രാന്തമാണ് ലീഗിനെന്നു പറഞ്ഞ മുരളി ഈ ആക്രാന്തം ലീഗിന്റെ മതേതരമുഖം ഇല്ലാതാക്കിയെന്നും തുറന്നടിച്ചു. ആര്യാടനും തനിക്കുമെതിരെ അച്ചടക്കനടപടിക്ക് നോട്ടീസ് നല്‍കുമെന്ന് ചിലര്‍ പറയുന്നു. വെടിനിര്‍ത്തല്‍ വ്യവസ്ഥ നിലവില്‍ വന്നശേഷവും തനിക്കും ആര്യാടനുമെതിരെ ലീഗ് പ്രവര്‍ത്തകര്‍ തെറിവിളിച്ച് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ലീഗിന്റെ മനസ്സിലിരിപ്പ് മറ്റെന്തെങ്കിലുമാണെങ്കില്‍ അവര്‍ക്ക് മറ്റു വഴി തേടാമെന്നും മുരളി പറഞ്ഞു. ലീഗിനെതിരെ ആര്യാടനും വിമര്‍ശം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയായിരുന്നു കെപിസിസി എക്സിക്യൂട്ടീവില്‍ ചെന്നിത്തലയുടെ പരാമാര്‍ശങ്ങള്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വിവാദവിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടെന്നും തെരഞ്ഞെടുപ്പിനു ശേഷം ഒരുദിവസം ഇതിനായി മാറ്റിവയ്ക്കാമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. നാല് മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും മുമ്പ് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അഞ്ചാംമന്ത്രിസ്ഥാനം ലീഗിനു നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. എന്നാല്‍, പിന്നീട് സംസാരിച്ച വി എം സുധീരന്‍ ഇതിനോട് വിയോജിച്ചു. തന്റെ വിയോജിപ്പ് അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്ന് സുധീരന്‍ പറഞ്ഞു. വിവാദവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമാണെന്നും സുധീരന്‍ പറഞ്ഞു. ഭരണത്തിലും പൊലീസിലും വഴിതെറ്റല്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദവിഷയങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ചചെയ്യാന്‍ മാറ്റിവച്ചതിനെ ന്യായീകരിച്ച് എം എം ഹസന്‍ സംസാരിച്ചപ്പോള്‍ പരിഹാസച്ചിരി ഉയര്‍ന്നു. പ്രസിഡന്റ് പറഞ്ഞ കാര്യം ആവര്‍ത്തിക്കേണ്ടെന്നു പറഞ്ഞ് ഐ വിഭാഗം തടസ്സപ്പെടുത്തി. മതസാമുദായിക ശക്തികള്‍ക്ക് മുമ്പില്‍ നേതൃത്വം ഈയലുപോലെ വിറയ്ക്കുകയാണെന്നും ആക്ഷേപമുണ്ടായി.

No comments:

Post a Comment