Saturday, May 26, 2012

മാധ്യമവിചാരണ കോടതിവിധികളുടെ ലംഘനം



വടകര: ടി പി ചന്ദ്രശേഖരന്‍ വധ കേസന്വേഷണത്തില്‍ മാധ്യമ വാര്‍ത്തകള്‍ കോടതി നിര്‍ദേശങ്ങള്‍ക്കും ഉത്തരവിനും വിരുദ്ധം. സുപ്രീംകോടതി, ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ പൂര്‍ണ ലംഘനമാണ് ചാനലുകളും പത്രങ്ങളും നല്‍കുന്ന വാര്‍ത്തകള്‍. പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കുന്ന മാധ്യമവിചാരണ മൗലികാവകാശലംഘനമായി വിവിധഘട്ടങ്ങളില്‍ കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്. കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ കുറ്റമാണ് ഇരുപത് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്നത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നഗ്നമായ നിയമലംഘനം. അന്വേഷണസംഘത്തില്‍നിന്നും ഔദ്യോഗികമായി യാതൊരുവിവരവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ഡിജിപി ജേക്കബ് പുന്നൂസും പ്രത്യേകാന്വേഷണസംഘ തലവന്‍ എഡിജിപി വിന്‍സന്‍ എം പോളും വ്യക്തമാക്കിയത്. അന്വേഷണ വേളയില്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വരുന്നത് തടയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണ്. കോടതിയലക്ഷ്യനടപടിക്ക് കാരണമായി മാധ്യമവിചാരണയെന്ന് കോടതികള്‍ വിശേഷിപ്പിച്ചതിന് സമാനമായ റിപ്പോര്‍ട്ടിങ്ങാണ് ചന്ദ്രശേഖരന്‍ വധത്തില്‍ ഇപ്പോള്‍ തുടരുന്നത്. കസ്റ്റഡിയിലെടുത്തവരുടെ മൊഴികളും വിവിരങ്ങളുമെന്ന വിധമാണ് വാര്‍ത്തകള്‍. അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരായ ജോസി ചെറിയാനും കെ വി സന്തോഷുമാണ് കോടതിക്കും നിയമത്തിനും വിരുദ്ധമായി അന്വേഷണവിവരമെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് കഥകള്‍ ചമച്ച് നല്‍കുന്നതിലെ പ്രധാനകണ്ണികള്‍. പ്രമുഖ പത്രത്തിന്റെയും വാര്‍ത്താചാനലിന്റെയും ലേഖകരുമായി ചേര്‍ന്നാണ് ഇവരുടെ കഥാനിര്‍മിതി. കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്ന മൂന്നാംമുറപ്രയോഗത്തിന്റെ നേതൃത്വവും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സന്തോഷിനാണ്. ക്രിമിനല്‍ കേസില്‍ പ്രഥമവിവരറിപ്പോര്‍ട് (എഫ്ഐആര്‍) കോടതിക്ക് കൈമാറിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരുവിവരവും പുറത്തുനല്‍കാന്‍ അധികാരവും സ്വാതന്ത്ര്യവുമില്ലെന്നാണ് കോടതി വിധി. അന്വേഷണവിവിരങ്ങള്‍ പരസ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥനെതിരെ സ്വഭാവദൂഷ്യം നടത്തിയതായി കണ്ട് നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. മുരുകേശന്‍/സ്റ്റേറ്റ് ഓഫ് കേരള (2011(1) കെഎല്‍ടി-194) എന്ന കേസിലായിരുന്നു മാധ്യമവിചാരണ വിലക്കിയ ഉത്തരവുണ്ടായത്. അന്വേഷണത്തിനായി ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന കേസ് ഡയറിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് കോടതി വിവിധഘട്ടങ്ങളില്‍ പറഞ്ഞിട്ടുള്ളത്. വിവാദമായ ജസീക്കാലാല്‍ വധക്കേസില്‍ സുപ്രീംകോടതി മാധ്യമവിചാരണ ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്ന് വിധിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ ഡിവൈഎസ്പിമാര്‍ നിരന്തരം ഈ നീതിനിഷേധത്തില്‍ പങ്കാളികളാണ്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ പിടിയിലാകുമെന്ന് ഇവര്‍ ചില വാര്‍ത്താചാനലുകാരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

No comments:

Post a Comment