Friday, August 27, 2010

എട്ടുനോമ്പ് പെരുനാള്‍ ഫോട്ടോ പ്രദര്‍ശനം ഓഗെസ്റ്റ്‌ 29 മുതല്‍

മണര്‍കാട്പള്ളി എട്ടോനോമ്പു പെരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം ഓഗെസ്റ്റ്‌ 29 ഞായര്‍ 11 മണിക്ക് ആരംഭിക്കുന്നു.മലയാള മനോരമ ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ഉത്ഘാടന കര്‍മം പ്രസിദ്ധ ഗായിക ഐഡിയ സ്റ്റാര്‍ കുമാരി അഞ്ചു ജോസഫ്‌ നിര്‍വഹിക്കും.മണര്‍കാട് പള്ളിയുമായി ബന്ധപ്പെട്ട നിരവധി അപൂര്‍വ ചിത്രങ്ങള്‍ കാണുവാനുള്ള അവസരം ഈ പ്രദര്‍ശനത്തില്‍ ഉണ്ടാകും.നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ചരിത്ര പ്രസിദ്ധമായ മണര്‍കാട് പള്ളിയുടെ പുരാതന ചരിത്രത്തിന്റെ ഏടുകള്‍ പ്രദര്‍ശനത്തിനു എത്തുന്നത്‌ പുതിയ തലമുറയ്ക്ക് നവ്യാനുഭവം ആയിരിക്കും.മണര്‍കാട് പള്ളിയുടെയും മലയാള മനോരമയുടെയും പുരാതന ശേഖരത്തില്‍ നിന്നും ഉള്ള അപൂര്‍വ ചിത്രങ്ങള്‍ ഈ പ്രദര്‍ശനത്തിന്റെ സവിശേഷത ആയിരിക്കും.

Monday, August 16, 2010

ഇതോ നാം സ്വപ്നം കണ്ട സ്വാതന്ത്ര്യം

ഭാരതത്തിന്റെ അറുപത്തിനാലാം സ്വാതന്ത്ര്യ വാര്‍ഷികം നാം ആഘോഷ പൂര്‍വ്വം കൊണ്ടാടി .ഒരു പുതു ജീവിതത്തിനു വേണ്ടി  പീഡനങ്ങളും രക്ത സാക്ഷിത്വവും  ഏറ്റു   വാങ്ങിയ ധീര ദേശ അഭിമാനികള്‍ സ്വപ്നം കണ്ട സ്വാതന്ത്ര്യം ഇതായിരുന്നുവോ ?ദിവസം ഇരുപതു രൂപയില്‍ താഴെ മാത്രം വരുമാനമുള്ള   77 %-എല്‍ അധികമുള്ള മനുഷ്യ പുഴുക്കള്‍ നിവസിക്കുന്ന  നമ്മുടെ നാട് ! അവരുടെ സ്വപ്നത്തില്‍ സ്വാതന്ത്ര്യം ഭക്ഷണവും,കുടിവെള്ളവും ,കിടപ്പാടവുമാണ്
നമ്മുടെ സമൂഹം പാടി പുകഴ്ത്തുന്ന സ്വാതന്ത്ര്യം ഈ യഥാര്ത്യവുമായി പൊരുത്തപ്പെടുന്നതല്ല .ഇന്ന് സ്വാതന്ത്ര്യത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ കണ്ടു പിടിച്ചിരിക്കുന്നു.കള്ള കടത്തിലൂടെയും കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും ധനം സമ്പാദിക്കല്‍,ജാതിയും മതത്തെയും വില്പനച്ചരക്കാക്കാനുള്ള അവകാശം ,അന്യ മതസ്ഥരെ കൊല ചെയ്യുവാനുള്ള ലൈസന്‍സ് ഇതൊക്കെയാണ് പുതിയ ഇന്ത്യ  സ്വാതന്ത്ര്യത്തിനു നല്‍കുന്ന പുതിയ നിര്‍വ്വചനങ്ങള്‍.ഇവിടെ മനുഷ്യ സ്വാതന്ത്ര്യത്തിനു വില നഷ്ടപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്നു.കൊല്ലത്തിലൊരിക്കല്‍ ആചരിക്കേണ്ട അനുഷ്ടാന കര്‍മ്മം ആണോ സ്വാതന്ത്ര്യദിനം.മറ്റുള്ളവരുടെ സ്വാതന്ത്ര്യം വക വെച്ച് കൊടുക്കാതെ നമുക്ക് എങ്ങിനെ സ്വയം സ്വതന്ത്രനാകാന്‍ കഴിയും.സഹജീവികള്‍ക്ക് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് വന്യ ജീവികളുടെ സ്വഭാവം അല്ലെ ?മൃഗങ്ങളുടെ സംസ്കാരത്തിലേക്ക് ഇന്ത്യന്‍ സമൂഹം തിരിച്ചു പോകുകയാണോ ?അല്ലെങ്കില്‍ എന്ത് കൊണ്ട് കൈ വെട്ടുന്നവരുടെയും കാല്‍ വെട്ടുന്നവരുടെയും മദ്ധ്യത്തില്‍ നമുക്ക് ജീവിക്കേണ്ടിവരുന്നു .ഇന്ത്യന്‍ സമൂഹത്തില്‍ മനുഷരുടെ രൂപത്തില്‍ മൃഗങ്ങളാണ് ഏറെ .
ആഗോളവല്‍കരണത്തിന്റെ കുതിച്ചുചാട്ടത്തില്‍ സാമൂഹ്യമായ അസ്വാത്ന്ത്ര്യതിലേക്ക് നാം വഴുതി വീഴുന്നത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ആഘോഷങ്ങളുടെ പ്രസക്തി എന്ത് ? സ്തംഭിച്ചു നില്‍ക്കുകയാണ് സ്വാതന്ത്ര്യം വഴിയറിയാതെ.പക്ഷെ വഴികള്‍ പലതാണ്.അതില്‍ നിന്നും ജനങ്ങളുടെ വഴി തെരഞ്ഞെടുക്കുവാന്‍ നമുക്ക് ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും.

കടപ്പാട് -ഡോ കെ എന്‍ പണിക്കര്‍..

Friday, August 13, 2010

പൊതു നിരത്തുകള്‍ വാഹനങ്ങള്‍ക്ക് മാത്രമോ ?

പൊതു നിരത്തുകളിലെ പൊതുയോഗ നിരോധനം സംഘടിക്കുവാനും ആശയങ്ങള്‍ കൈമാറുന്നതിനും ഉള്ള ജനാധിപത്യ അവകാശ നിഷേധം ആണ്.മഹാത്മാ ഗാന്ധി ,ജവഹര്‍ലാല്‍ നെഹ്‌റു,എ കെ ജി തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ സമര സന്ദേശം ജനങ്ങളിലേക്ക് പകരുവാന്‍ പൊതു തെരുവുകള്‍ ഉപയോഗിച്ചവര്‍ ആണ് എന്നത് ചരിത്ര സത്യം.യേശു ക്രിസ്തു യെരുസലേം ദേവാലയത്തിലേക്ക് നടത്തിയ ഓശാന ഘോഷ യാത്ര പൊതു നിരത്തുകളില്‍ കൂടി ആയിരുന്നു എന്നത് പഴയ ചരിത്രം.അന്നും അതിനെതിരെ പ്രതികരിച്ചത് പ്രഭുക്കന്മാരും ,പരീസന്മാരും ആയിരുന്നു എന്നത് ഓര്മ്മിക്കുക.ഗ്രീസിലും ,പോളണ്ടിലും,ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ പൊതുനിരത്തുകള്‍ തങ്ങളുടെ പ്രധിക്ഷേധം പ്രകടിപ്പിക്കുന്നതിന് ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ ദ്രിശ്യ ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട് നമുക്ക് കാണുവാന്‍ കഴിയുന്നില്ല.സ്വാതന്ത്യം ലഭിച്ചിട്ട് വര്‍ഷം 64 എത്തിയിട്ടും ജനങ്ങളില്‍ 77 % ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനം മാത്രം ഉള്ള നമ്മുടെ രാജ്യത്തു  സ്വാതന്ത്ര്യം പൂര്‍ണ പ്രാപ്തിയില്‍ എത്തണമെങ്കില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പേ പോലെ ഇനിയും ജനങ്ങള്‍ സംഘടിച്ചു പൊരുതേണ്ടി വരും.അതിനായി ദേശീയ സ്വാതന്ത്ര്യ സമര കാലത്തേ പോലെ തെരുവും പാതയോരങ്ങളും എല്ലാം ജനങ്ങള്‍ക്ക്‌ ഉപയോഗിക്കേണ്ടി വരും .വിവാദ ഹൈകോടതി വിധിക്ക് എതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ അടിയന്തിരമായി സമര്‍പിക്കണം