Friday, May 11, 2012

അ'ധര്‍മ്മോസ്മത് ' കുല ദൈവതം ! മനോരമ കൈയേറിയ 400 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ ഉത്തരവ്


തിരു: മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ വില്ലേജില്‍ മലയാളമനോരമ കുടുംബം അനധികൃതമായി കൈവശംവച്ചിരിക്കുന്ന പന്തല്ലൂര്‍ ഭഗവതി ക്ഷേത്രംവക 400 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹിയറിങ് നടത്തിയശേഷം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനാണ് ഉത്തരവിട്ടത്. അനന്തരനടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

1943ല്‍ മനോരമ കുടുംബത്തിലെ കോട്ടയം കടപ്രാമറയിന്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് കാപ്പിയും തേയിലയും കൃഷി ചെയ്യാന്‍ കോഴിക്കോട് സാമൂതിരി പന്തല്ലൂര്‍ ദേവീക്ഷേത്രം വക സ്വത്തില്‍പ്പെട്ട ഭൂമി പാട്ടത്തിന് നല്‍കി. 700 ഏക്കര്‍ ഭൂമി 60 വര്‍ഷത്തേക്കാണ് നല്‍കിയത്. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 300 രൂപയും അടുത്ത 30 വര്‍ഷം 500 രൂപ നിരക്കിലും പാട്ടം നല്‍കണമെന്നും ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു കരാര്‍വ്യവസ്ഥ. പാട്ടക്കാലാവധി തികയുമ്പോള്‍ ഭൂമി ദേവസ്വത്തില്‍ നിക്ഷിപ്തമാകുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, മനോരമക്കാര്‍ പാട്ടവ്യവസ്ഥ ലംഘിച്ച് ഭൂമി സ്വകാര്യ കമ്പനികള്‍ക്കും ബന്ധുക്കള്‍ക്കുമായി വീതിച്ചുനല്‍കി. 1974 മുതല്‍ പാട്ടത്തുക നല്‍കിയില്ല. കാലാവധി കഴിഞ്ഞിട്ടും ഭൂമി തിരികെ നല്‍കിയതുമില്ല. ഭൂമിയുടെ നല്ലൊരു പങ്ക് സ്വകാര്യ കമ്പനിയായ ബാലനൂര്‍ പ്ലാന്റേഷന് കൈമാറി. അതോടെ പാട്ടഭൂമി 400 ഏക്കറായി ചുരുങ്ങി. അവശേഷിക്കുന്ന ഈ ഭൂമിയാണ് തിരിച്ചെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. ഭൂമി നിയമവിരുദ്ധമായാണ് മനോരമ കുടുംബക്കാര്‍ കൈവശം വയ്ക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

പാട്ടവ്യവസ്ഥ ലംഘിച്ച് കൈവശംവച്ചിരിക്കുന്ന ഭൂമിക്ക് പട്ടയത്തിനായി പെരിന്തല്‍മണ്ണ ലാന്‍ഡ് ബോര്‍ഡിന് അപേക്ഷ നല്‍കി. ഇതിനെതിരെ നല്‍കിയ പരാതിയില്‍ പട്ടയം റദ്ദാക്കി. ഇത് ചോദ്യംചെയ്ത് മനോരമ ആര്‍ഡിഒയ്ക്ക് അപ്പീല്‍ നല്‍കി. തുടര്‍ന്നാണ് കൈവശക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി 2011 ഏപ്രില്‍ ആറിന് ഹിയറിങ് നടത്തി തീര്‍പ്പാക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് കൈയില്‍ കിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍നിര്‍ദേശമനുസരിച്ച് ഭൂമി വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് "ദേശാഭിമാനി"യോട് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎല്‍സി നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചു. ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ കലക്ടര്‍ ബാലന്നൂര്‍ എസ്റ്റേറ്റ് മാനേജരടക്കം എട്ടുപേര്‍ക്ക് നോട്ടീസും നല്‍കി. തുടര്‍ന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് നടപടിയും സ്വീകരിച്ചു. ഇത് ചോദ്യംചെയ്ത് മനോരമ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരനോട് സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും അപ്പീല്‍ കിട്ടിയാല്‍ സര്‍ക്കാര്‍ 60 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട്് നല്‍കാനുമായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഒളിച്ചുകളിക്കുന്ന നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റേത്. നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് പൂഴ്ത്തിയെന്ന് ക്ഷേത്രസംരക്ഷണസമിതി ആരോപിച്ചിരുന്നു. നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രസംരക്ഷണസമിതി നിരാഹാരസമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭവും നടത്തി.

No comments:

Post a Comment