Thursday, May 24, 2012

നേതാക്കളുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനവടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 17ന് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരത്തില്‍ സി എച്ച് അശോകനെ ഉടനെത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടന്നില്ലെങ്കില്‍ കേസ് സിബിഐയ്ക്ക് വിടുമെന്ന് മുല്ലപ്പള്ളിയും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്.

പെട്രോളിന് അന്യായമായി വിലവര്‍ധിപ്പിച്ചതിലൂടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുന്ന യുഡിഎഫ് ജനശ്രദ്ധ തിരിച്ച് വിടാനാണ് വിലവര്‍ധിപ്പിച്ച ദിവസം തന്നെ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തത്. രാത്രി വൈകിയാണ് പാര്‍ട്ടി നേതാക്കള്‍ക്ക് സി എച്ച് അശോകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായ വിവരം ലഭിച്ചത്. വടകര ഡിവൈഎസ്പിയോട് കേസിന്റെ വിവരം ആരാഞ്ഞപ്പോള്‍ ഐപിസി 118ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നാണ് പറഞ്ഞത്. കൊലപാതകം നടക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്നത് തങ്ങള്‍ക്കറിയാമായിരുന്നെന്ന് മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും വീരേന്ദ്രകുമാറും പറഞ്ഞിട്ടുണ്ട്. കൊലപാതകം തടയാന്‍ ഇവരാരും ഒന്നും ചെയ്തില്ല. കൊലനടക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞവരാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍. ഇവര്‍ക്കെതിരെ എന്ത് കൊണ്ട് കേസെടുത്തില്ലെന്നും കരീം ചോദിച്ചു.

അറസ്റ്റിലായവരെ നേരിട്ട് കാണാനോ അവരോട് സംസാരിക്കാനോ പാര്‍ട്ടി നേതാക്കളെ അനുവദിച്ചില്ല. വടകര എസ്പി ഓഫീസിലായിരുന്ന നേതാക്കളെ ധൃതിപ്പെട്ട് പയ്യോളി സ്റ്റേഷനിലേക്ക് മാറ്റിയതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതൃത്വത്തില്‍ ജില്ലയിലെ നാല് സിപിഐ എം എംഎല്‍എമാരും ജില്ലാസെക്രട്ടറിയുമാണ് സ്റ്റേഷനിലേക്ക് പോയത്. തങ്ങളോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. സമാധാനപരവും സൗഹാര്‍ദ്ദപരവുമായി സംസാരിക്കാന്‍ പോയ തങ്ങളെ തടയുകയാണ് പൊലീസ് ചെയ്തത്. നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരം അറിയാന്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളായ തങ്ങള്‍ക്ക് അവകാശമുണ്ട്. അറസ്റ്റിലായ നേതാക്കളെ കാണുന്നതിനും നേരിട്ട് വിവരമറിയാനുമുള്ള അവസരം നിഷേധിച്ചതെന്തിനാണ്. കേസില്‍ പൊലീസ് കള്ളക്കളി നടത്തുന്നതിന്റെ തെളിവാണിത്. കൂത്തുപറമ്പ് ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ ചോദ്യം ചെയ്ത രീതി ജനം കണ്ടതാണ്. ഇത്തരത്തിലുള്ള ആശങ്കയുള്ളതിനാലാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

തികച്ചും നിയമാനുസൃതമായ രീതിയിലാണ് പാര്‍ട്ടി ഈ കേസില്‍ ഇടപെടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഒരു ആയുധമായാണ് യുഡിഎഫ് ഇതിനെ ഉപയോഗിക്കുന്നത്. സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ ഇത് മനസിലാക്കണം. സമാധാനപരമായി വടകരയില്‍ സിപിഐ എം നടത്തിയ പ്രകടനം കോടതിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തുന്നു എന്ന രീതിയിലാണ് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങണം. സത്യസന്ധമായി വാര്‍ത്ത ജനങ്ങളിലെത്തിക്കണം. ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പാര്‍ട്ടിയ്ക്ക് ചന്ദ്രശേഖരന്‍ വധവുമായി ഒര് ബന്ധവുമില്ലെന്നും പാര്‍ട്ടി നിലപാടില്‍ നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ സംഘടനാനടപടിയെടുക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷവും പാര്‍ട്ടിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാനുള്ള ശ്രമം അപലപനീയമാണ്. പാര്‍ട്ടിക്കെതിരെ നടക്കുന്ന കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇതിന് മുന്‍പും ഇതുപോലുള്ള കള്ളക്കേസുകളെ പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഞ്ചിയം ഓര്‍ക്കാട്ടേരി മേഖലകളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ പൊലീസ് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് 26ന് രാവിലെ 10 ന് സിപിഐ എം നേതൃത്വത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ആസ്ഥാനത്തേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും കരീം വ്യക്തമാക്കി.

No comments:

Post a Comment