Friday, May 18, 2012

അന്വേഷണം രാഷ്ട്രീയലക്ഷ്യത്തിലേക്ക് വഴിതിരിക്കുന്നു




തിരു: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ഒടുവില്‍ യുഡിഎഫിന്റെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് വഴിതിരിയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുതല്‍ കെപിസിസി വക്താവ് വരെ പ്രവചിച്ച പാതയിലാണ് അന്വേഷണഗതി. അരുംകൊല നടന്ന് മണിക്കൂറുകള്‍ക്കകം അജ്ഞാത കേന്ദ്രത്തില്‍ രൂപം നല്‍കിയ തിരക്കഥ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ സംഘവും ഡിജിപിയും ആദ്യം പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നത്. സ്വകാര്യ ലാഭത്തിന് വേണ്ടിയുള്ള കൊല എന്നാണ് ഡിജിപി ജേക്കബ് പുന്നൂസ് അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞത്. കൊന്നവരെക്കുറിച്ച് വ്യക്തമായെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞ ഡിജിപിയ്ക്ക് നേരെ ആഭ്യന്തരമന്ത്രിയും കെപിസിസി വക്താവും ചാടിവീണു. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയെ വിമര്‍ശിച്ച് രംഗത്ത് വന്നു. ഡിജിപിയെ രൂക്ഷമായി വിമര്‍ശിച്ചത് ബോധപൂര്‍വമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ വരുതിയിലാക്കി അന്വേഷണത്തില്‍ ഇടപെടുകയായിരുന്നു ലക്ഷ്യം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലിന് രാത്രിയില്‍ തന്നെ സിപിഐഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വെപ്രാളത്തിലായിരുന്നു മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും. പ്രതികളെ കുറിച്ച് സൂചന പോലും കിട്ടുംമുമ്പ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഡല്‍ഹിയിലിരുന്ന് സിപിഐ എമ്മിന് നേരെ വിരല്‍ചൂണ്ടി. സിപിഐ എമ്മിനെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോയെന്ന് ചോദിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അന്വേഷണം എങ്ങനെ വേണമെന്ന സൂചന പൊലീസിന് നല്‍കി. കൊലപാതകം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പേ ആഭ്യന്തരമന്ത്രിയും ഉന്നത പൊലീസുദ്യോഗസ്ഥരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് അടച്ചിട്ട മുറിയില്‍ രഹസ്യചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ ലഭിച്ച വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചെങ്കിലും അന്വേഷണത്തിന്റെ ബ്ലൂപ്രിന്റ് ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ കെപിസിസി പ്രസിഡന്റ് കൈമാറി. രമേശ് ചെന്നിത്തല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വഴി നല്‍കിയ രൂപ രേഖ അനുസരിച്ചാണ് പിന്നീട് അന്വേഷണം മുന്നോട്ടുപോയതെന്ന് ഇപ്പോഴത്തെ നടപടികള്‍ കൂട്ടിവായിച്ചാല്‍ വ്യക്തം. തിരക്കഥ ഇതുവരെ ഒത്തുപോയത് ഭരണ നേതൃത്വത്തിന് സന്തോഷത്തിന് വകനല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ "വമ്പന്‍ സ്രാവ്" പ്രയോഗവുമായി രംഗത്തുവന്നു. ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പ്രഖ്യാപിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒടുവിലത്തെ സൂചനയും സിപിഐ എം നേതാക്കളെ ലക്ഷ്യം വച്ച്. അന്വേഷണസംഘം ഇതുവരെ നടത്തിയ വെളിപ്പെടുത്തല്‍ പലതും പരസ്പര വിരുദ്ധമാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗൂഢാലോചന നടന്നതെന്നാണ് ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് ഗൂഢാലോചനയുടെ വേദി നാദാപുരത്തെ വിവാഹ വീട്. ഇപ്പോള്‍ ഗൂഢാലോചനാകേന്ദ്രം കൊടി സുനി എന്ന ഗുണ്ടയുടെ ചൊക്ലിയിലെ താവളം. മുഖ്യപ്രതികളായ റഫീഖ്, കൊടി സുനി എന്നിവരെ ഇനിയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചന്ദ്രശേഖരനെ മൂന്നുപേരാണ് കാറില്‍ നിന്നും ഇറങ്ങി വെട്ടിയതെന്ന് ദൃക്സാക്ഷിയുടെ മൊഴി അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഇതില്‍ രണ്ടുപേര്‍ റഫീഖും, കൊടി സുനിയുമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ പിടികൂടാന്‍ പോലും കഴിയാത്ത സ്ഥിതിക്ക് പൊലീസ് ഇപ്പോള്‍ പുറത്തുപറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് തീര്‍ച്ച.

No comments:

Post a Comment