Friday, May 11, 2012

മനോരമ "കസ്റ്റഡി"യിലാക്കി; വളയത്തുകാര്‍ ഞെട്ടി




വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് വിളിച്ചുവരുത്തുകപോലും ചെയ്യാത്തവര്‍ "കസ്റ്റഡി"യിലാണെന്ന് മലയാള മനോരമ. കോഴിക്കോട് വളയത്തെ തടിയന്‍ ബാബു, വിളക്കോട്ടൂര്‍ രാജീവന്‍, പ്രതീഷ് കല്ലുനിര, സുനി, ഉണ്ണി, സനല്‍, ബാബു, പ്രമോദ് എന്നിവരുള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയിലാണെന്നായിരുന്നു വെള്ളിയാഴ്ചത്തെ മനോരമയുടെ പ്രധാന വാര്‍ത്ത. എന്നാല്‍, ഇവരെല്ലാം രാവിലെ മനോരമയിലൂടെയാണ് തങ്ങളെ "കസ്റ്റഡി"യിലെടുത്തത് അറിയുന്നത്. ഇവര്‍ "എല്‍ടിടിഇ" സംഘക്കാരാണെന്നും സ്വന്തം ലേഖകന്റെ വാര്‍ത്തയിലുണ്ട്. സിപിഐ എം വളയം ലോക്കല്‍കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ് പ്രതീഷ് കല്ലുനിര. വളയത്തെ മത്സ്യക്കച്ചവടക്കാരനായ കക്കുടിക്കല്‍ ബാബുവിനെയാണ് മലയാള മനോരമ തടിയന്‍ ബാബു എന്ന് വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെയും സാധാരണപോലെ കച്ചവടത്തിലായിരുന്നു ബാബു. വളയം അങ്ങാടിയില്‍ വച്ച് പലരും ചോദിച്ചപ്പോഴാണ് പ്രതീഷും ബാബുവും "കസ്റ്റഡി" വിവരം അറിഞ്ഞത്. നിര്‍മാണതൊഴിലാളികളാണ് മറ്റുപലരും. "കസ്റ്റഡി"യിലാണെന്ന് ജോലിസ്ഥലത്തുവച്ച് അറിഞ്ഞ് ഇവര്‍ ഞെട്ടി.

മാധ്യമങ്ങള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

വടകര: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മാധ്യമ ഇടപെടലിനെ വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്ട്രേറ്റ് നിശിതമായി വിമര്‍ശിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് വിമര്‍ശം. പ്രതികളെന്നു പറഞ്ഞ് ചിലരുടെ ഫോട്ടോകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ച മജിസ്ട്ട്രേറ്റ് ജോമോന്‍ ജോണ്‍ പത്രങ്ങള്‍ പലതരത്തില്‍ വാര്‍ത്ത നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് പറഞ്ഞു. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

No comments:

Post a Comment