Saturday, May 12, 2012

ചന്ദ്രശേഖരന്റെ ചിത വരെ സൂത്രധാരന്‍ അനുഗമിച്ചു!






തിരുവനന്തപുരം:കൊല്ലപ്പെട്ട മാര്‍ക്‌സിസ്‌റ്റ് വിമതനേതാവ്‌ ടി.പി. ചന്ദ്രശേഖരനെ ഒടുവില്‍ ഫോണില്‍ വിളിച്ചയാളുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു.

കൊലപാതകം നടന്ന ദിവസം പതിവു വഴിയില്‍നിന്നു ചന്ദ്രശേഖരന്‍ മാറി സഞ്ചരിക്കാന്‍ കാരണം ഈ ഫോണ്‍ സന്ദേശമാണെന്നാണു പോലീസ്‌ നിഗമനം. കൊലപാതകത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ഇയാള്‍ ചന്ദ്രശേഖരന്റെ ചിതവരെ നിരീക്ഷകനായി ഉണ്ടായിരുന്നെന്നാണ്‌ അന്വേഷണസംഘത്തിനു ലഭിച്ച വിവരം.

ഒരു പ്രധാന രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ അനുഭാവിയായ ഇയാളെ ഉടന്‍ പിടികൂടേണ്ടെന്നാണു നിര്‍ദേശം. (അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇയാളുടെ പേര്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല). എന്നാല്‍, നിരീക്ഷണത്തിലുള്ള ഇയാള്‍ ഏതു സമയവും പോലീസിന്റെ വലയില്‍ കുടുങ്ങും.

സംസ്‌ഥാനത്തുനിന്നു രക്ഷപ്പെട്ടെന്നു കരുതപ്പെടുന്ന പ്രതികളെ പിടികൂടാന്‍ കേരളാ പോലീസ്‌ സി.ബി.ഐയുടെ സഹായം തേടിയിട്ടുണ്ട്‌. ആദ്യമായാണു കൊലപാതക കേസിലെ പ്രതികളെ പിടികൂടാന്‍ കേരളാ പോലീസ്‌ സി.ബി.ഐയെ സമീപിക്കുന്നത്‌. കര്‍ണാടകയിലും ആന്ധ്രയിലും നടത്തിയ തെരച്ചില്‍ വിഫലമായതോടെയാണു പോലീസിന്റെ പുതിയ നീക്കം.പോലീസ്‌ തയാറാക്കിയ പന്ത്രണ്ടംഗ പ്രതിപ്പട്ടികയിലെ ഒരാളെ ഇന്നലെ കസ്‌റ്റഡിയിലെടുത്തു.

കോഴിക്കോട്ടെ ഒരു നക്ഷത്രഹോട്ടലില്‍ എ.ഐ.ജി. അനൂപ്‌ കുരുവിള ജോണ്‍ ഇയാളെ ചോദ്യം ചെയ്‌തു. പോലീസ്‌ ക്ലബ്ബും ഗസ്‌റ്റ് ്‌ഹൗസുകളും കേന്ദ്രീകരിച്ച്‌ പ്രതികളില്‍നിന്നു മൊഴിയെടുക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്‌. കേസില്‍ വഴിത്തിരിവായേക്കാവുന്ന നിരവധി വിവരങ്ങള്‍ പിടിയിലായ യുവാവില്‍നിന്ന്‌ പോലീസിനു ലഭിച്ചു. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ 90 ദിവസം നീണ്ടുനിന്ന പദ്ധതി തയാറാക്കിയതായി ഇയാള്‍ പോലീസിനോടു സമ്മതിച്ചെന്നാണു സൂചന. മൊഴികളെല്ലാം ഒരു പ്രധാന രാഷ്‌ട്രീയപ്പാര്‍ട്ടിയിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌.

പ്രതികളെക്കുറിച്ചുളള വിവരങ്ങള്‍ ലുക്‌ഔട്ട്‌ നോട്ടീസായി പുറപ്പെടുവിക്കേണ്ടതില്ലെന്നു പോലീസ്‌ തീരുമാനിച്ചു. എന്നാല്‍, പ്രതികള്‍ രാജ്യംവിട്ടുപോകുന്നതു തടയാന്‍ ലുക്‌ഔട്ട്‌ സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എത്തിച്ചു.

പ്രധാന പ്രതികളായ കൊടി സുനി, പായപ്പടി റഫീഖ്‌ എന്നിവരടക്കം എട്ടുപേരുടെ വിവരങ്ങളാണ്‌ ഇതിലുള്ളത്‌. ലുക്‌ഔട്ട്‌ നോട്ടീസ്‌ വിമാനത്താവളങ്ങളിലും മറ്റും പരസ്യമായി പ്രദര്‍ശിപ്പിക്കും. എന്നാല്‍ ലുക്‌ഔട്ട്‌ സര്‍ക്കുലര്‍ രഹസ്യരേഖയാണ്‌. ക്രൈംബ്രാഞ്ച്‌ മേധാവി വിന്‍സന്‍ പോളിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്ന്‌ അന്വേഷണപുരോഗതി വിലയിരുത്തി.
കടപ്പാട് മംഗളം മെയ്‌ 12

No comments:

Post a Comment