Monday, May 28, 2012

അന്വേഷണത്തില്‍ മുല്ലപ്പള്ളി നിരന്തരം ഇടപെടുന്നു


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ വഴി നിര്‍ണയിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ ക്യാമ്പ് ചെയ്യുന്നു. സിപിഐ എം നേതാക്കളെ അന്വേഷണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുന്നത് മുല്ലപ്പള്ളിയാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രത്യേക അന്വേഷകസംഘത്തില്‍നിന്ന് മുല്ലപ്പള്ളി നിരന്തരം അന്വേഷണവിവരം തിരക്കുന്നുണ്ട്. ആര്‍എംപി നേതാക്കളെയും മുല്ലപ്പള്ളി രഹസ്യമായി സന്ദര്‍ശിക്കുന്നു. ഇവര്‍ മുല്ലപ്പള്ളിക്ക് നല്‍കുന്ന പട്ടികയനുസരിച്ചാണ് സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുക്കലും ചോദ്യംചെയ്യലും അറസ്റ്റ് ചെയ്യുന്നതുമെല്ലാം. രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മുല്ലപ്പള്ളിയുടെ കണ്ണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ വടകരയില്‍നിന്ന് ജയിച്ച മുല്ലപ്പള്ളിക്ക് ഇനി ഇവിടെ ജയിക്കാനാകില്ലെന്ന് നന്നായറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ അറുപതിനായിരത്തിലധികം വോട്ട് എല്‍ഡിഎഫ് കൂടുതല്‍ നേടിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയ മുല്ലപ്പള്ളി, ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി സീറ്റ് ഉറപ്പിക്കാനാകുമോ എന്നാണ് നോക്കുന്നത്. മുല്ലപ്പള്ളിയുടെ അത്യുത്സാഹം സംശയത്തോടെയാണ് കോണ്‍ഗ്രസിലെ എ വിഭാഗം സമീപിക്കുന്നത്. ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോയി സിപിഐ എമ്മിനെ ഒതുക്കാന്‍ നേതൃത്വം നല്‍കുന്നതും മുല്ലപ്പള്ളിയാണ്. നിരോധനാജ്ഞ പിന്‍വലിക്കരുതെന്ന് മുല്ലപ്പള്ളി ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലശേരിയിലെ ഫസല്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതികളാക്കിയതിനുപിന്നിലും മുല്ലപ്പള്ളിയാണ്. സിബിഐയില്‍ സമ്മര്‍ദം ചെലുത്തി സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് മുല്ലപ്പള്ളി കരുക്കള്‍ നീക്കുന്നത്.




No comments:

Post a Comment