Tuesday, May 15, 2012

ഗൂഢാലോചന തകര്‍ക്കുക: സിപിഐ എം





 സിപിഐ എമ്മിനെ തകര്‍ക്കാനുദ്ദേശിച്ചുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പാര്‍ടിയെ സ്നേഹിക്കുന്ന പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ നിഷ്പക്ഷമായ അന്വേഷണം അസാധ്യമാകുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായും സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ നടന്ന അതിനിഷ്ഠുരമായ കൊല സിപിഐ എമ്മിനെതിരായ ഗൂഢാലോചനയാണോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല.

കൊല നടന്ന ഉടന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കന്മാരും സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ വ്യഗ്രത കാട്ടിയത് സംശയം വര്‍ധിപ്പിക്കുന്നു. അഭിപ്രായവ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മചെയ്യല്‍ പാര്‍ടിയുടെ നയമല്ല. പാര്‍ടിയെ ഒന്നാകെ എതിര്‍ക്കുന്നതിനുപകരം, പാര്‍ടിയില്‍ ഒരുകൂട്ടര്‍ നന്മയുടെ പ്രതീകങ്ങളും മറ്റൊരു കൂട്ടര്‍ തിന്മയുടെ വക്താക്കളുമെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന പുതിയ അടവ് ചന്ദ്രശേഖരന്റെ വധത്തിനുശേഷവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരന്‍ ഒരുപറ്റം പ്രവര്‍ത്തകരെയും ചേര്‍ത്ത് 2008ലാണ് പാര്‍ടി വിട്ടത്. എല്‍ഡിഎഫ് കരാര്‍പ്രകാരം അവസാനത്തെ രണ്ടരവര്‍ഷം ജനതാദളിന് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം നല്‍കണമെന്ന ധാരണയുടെയും മുന്നണിമര്യാദയുടെയും ലംഘനത്തിന് ജില്ലാ പാര്‍ടി നേതൃത്വം തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടിയുണ്ടാക്കിയത്. ഇത് നഗ്നമായ സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയും കമ്യൂണിസ്റ്റ് മൂല്യരാഹിത്യവുമാണ്. ഇതില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രശ്നമൊന്നും അടങ്ങിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ വേറിട്ടുമാറിയവരുടെ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തില്‍നിന്നുള്ള പ്രകടമായ വ്യതിയാനം മാത്രമാണ്. 2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ പിളര്‍പ്പന്‍ പണിയെടുത്തിട്ടും വീരേന്ദ്രകുമാര്‍ ജനതാദള്‍ ഉള്‍ക്കൊള്ളുന്ന യുഡിഎഫിനെ വടകരയില്‍ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. യുഡിഎഫും ഒരുപറ്റം ബൂര്‍ഷ്വാ മാധ്യമങ്ങളും ഊതിവീര്‍പ്പിച്ച "റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി" എന്ന ബലൂണ്‍ കാറ്റൊഴിയാന്‍ തുടങ്ങിയെന്ന് ഇതോടെ വ്യക്തമായി. പാര്‍ടി ക്ഷമയോടെയും ജാഗ്രതയോടെയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിട്ടുപോയവരില്‍ വലിയൊരു വിഭാഗം പാര്‍ടിയോടൊപ്പം തിരിച്ചുവന്നു. പാര്‍ടി സമ്മേളനങ്ങളിലെ വന്‍ ജനപങ്കാളിത്തം എതിരാളികളെപ്പോലും വിസ്മയിപ്പിച്ചു. താമസിയാതെ പാര്‍ടിവിരുദ്ധസംഘത്തിന് നിലനില്‍പ്പില്ലാതാകുമെന്ന് എല്ലാവര്‍ക്കും ബോധ്യമായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരനെ ആക്രമിച്ച് ഇല്ലായ്മചെയ്യേണ്ട ആവശ്യം പാര്‍ടിക്കില്ല.

പാര്‍ടിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന പേരില്‍ ഒരുസംഘം ആളുകള്‍ കഴിഞ്ഞ നാലുവര്‍ഷമായി ഒഞ്ചിയം മേഖലയില്‍ നടത്തിക്കൊണ്ടിരുന്നത്. ധീരരായ ഒഞ്ചിയം രക്തസാക്ഷികളുടെ പാരമ്പര്യമുള്ള മേഖലയിലെ പാര്‍ടിക്ക്, വെല്ലുവിളികളെ അതിജീവിക്കാനും കരുത്തോടെ മുന്നോട്ടുപോകാനും കഴിഞ്ഞു. പിളര്‍പ്പന്മാര്‍ നടത്തിവന്നത് ആശയസമരമാണെന്ന ദുഷ്പ്രചാരണമാണ് നാളിതുവരെ കമ്യൂണിസ്റ്റ് വിരുദ്ധന്മാരും അവരുടെ പ്രചാരണമാധ്യമങ്ങളും നടത്തിയത്. അതിപ്പോഴും തുടരുന്നു. വര്‍ഗശത്രുക്കളുടെ കള്ളപ്രചാരവേലകളില്‍ താല്‍ക്കാലികമായി കുടുങ്ങിയവര്‍, തെറ്റ് മനസ്സിലാക്കി തിരുത്താന്‍ സന്നദ്ധമാകുമെന്നതില്‍ സംശയമില്ല. സിപിഐ എമ്മിനെ ഭിന്നിപ്പിക്കാനും പാര്‍ടി നേതൃത്വത്തെ ജനമധ്യത്തില്‍ താറടിച്ചുകാണിക്കാനും ഉദ്ദേശിച്ചുള്ള കുപ്രചാരണങ്ങളെ പ്രബുദ്ധരായ കേരളജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന ഉറപ്പ് സെക്രട്ടറിയറ്റ് പ്രകടിപ്പിച്ചു. എ കെ ജി സെന്ററില്‍ ചൊവ്വാഴ്ച ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിനുശേഷമാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

No comments:

Post a Comment