Monday, May 14, 2012

വി.എസിന്‍െറ ചുവടുമാറ്റത്തിന് പിന്നില്‍ വിശാല അജണ്ടകളുണ്ടെന്ന്കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം നേതൃത്വത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നതിന് പിന്നില്‍ ഒന്നിലേറെ അജണ്ടകളുണ്ടെന്ന് ആരോപണം.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിവാദമായ ഭൂമിദാനക്കേസ് ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു യു.ഡി.എഫ് നീക്കം. കേസില്‍ തന്നെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തേക്കുമോ എന്ന് വി.എസ് ആശങ്കിച്ചിരുന്നു. പുറമെ മകന്‍ അരുണ്‍കുമാറിനെതിരായ കേസുകളിലും നടപടി ശക്തമാക്കി. പിറവം ഉപതെരഞ്ഞെടുപ്പ് വേളയിലാണ് സര്‍ക്കാര്‍ ഈ കേസുകള്‍ സജീവമാക്കിയത്. അത് അവിടെ ഗുണം ചെയ്തിരുന്നു. ഇടതുപക്ഷത്ത് ഇതേ കാരണത്താല്‍ പൊട്ടലും ചീറ്റലും അരങ്ങേറുകയും ചെയ്തു. ആ എപ്പിസോഡിന്‍െറ അടുത്തഭാഗം പൂര്‍വാധികം ഭംഗിയോടെ നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കാനായിരുന്നു നീക്കം.
ഇതിനിടെയാണ് സി.പി.എമ്മിന്‍െറ രാഷ്ട്രീയ ശത്രുവായ ടി.പി. ചന്ദ്രശേഖരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇതിന്‍െറ ഉത്തരവാദിത്തവും സി.പി.എമ്മിന്‍െറ തലയില്‍ വീണതോടെ നെയ്യാറ്റിന്‍കര കടക്കാമെന്ന പ്രതീക്ഷ യു.ഡി.എഫ് സജീവമാക്കി. എങ്കിലും വിജയം ഉറപ്പിക്കാന്‍ അച്യുതാനന്ദനെതിരെ നടപടിയെന്ന അജണ്ട ഉറപ്പിച്ചു നിര്‍ത്തി.
നടപടി വന്നാല്‍ വി.എസിന് പ്രതിപക്ഷസ്ഥാനം നഷ്ടമാവും. സി.പി.എം ഔദ്യാഗിക വിഭാഗവും ഇതാഗ്രഹിക്കുന്നു. സുപ്രീകോടതി വിലക്ക് നീങ്ങിയാല്‍ ഏതുസമയവും അറസ്റ്റും നടക്കും. ഈ ഘട്ടത്തിലാണ് ഔദ്യാഗിക വിഭാഗത്തെ മുമ്പില്ലാത്ത വിധം പ്രതിസന്ധിയിലാക്കിയുള്ള വി.എസിന്‍െറ രംഗപ്രവേശമെന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ സ്വാഭാവികമായി ലഭിക്കുന്ന യു.ഡി.എഫിന്‍െറ പിന്തുണയിലൂടെ സ്വയം സംരക്ഷിക്കാമെന്നാണ് വി.എസിന്‍െറ കണക്കുകൂട്ടലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം ഉയര്‍ത്തിയ വിവാദം അനുയോജ്യ സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു. 
വി.എസ് മുഖ്യമന്ത്രിയായിരിക്കെ ബന്ധുആലപ്പുഴ സ്വദേശി വിമുക്ത ഭടന്‍ എം.കെ. സോമനും ഭാര്യ കൗസല്യക്കും കാസര്‍കോട് ഷെര്‍ണി വില്ലേജില്‍ 2.33 ഏക്കര്‍ പതിച്ചുനല്‍കിയതാണ് വിവാദമായത്. ഇതേപ്പറ്റി അന്വേഷിക്കണമെന്ന് കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് വി.എസിനെതിരെ അഴിമതി നിരോധ നിയമപ്രകാരം കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തു. ഇതിനെതിരെ വി.എസിന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റ് സുരേഷും ബന്ധു ടി.കെ. മോഹനും നല്‍കിയ ഹരജികള്‍ തള്ളിയതിനെത്തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റും മറ്റ് ബലപ്രയോഗ നടപടികളും ഒഴിവാക്കിയെടുത്തു. എന്നാല്‍, കേസിന്‍െറ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പുതിയ സാഹചര്യത്തില്‍ ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോയെന്ന് സംശയമാണ്. ഗവേഷണം നടത്താന്‍ വ്യാജരേഖ ഹാജരാക്കി, ചന്ദന ഫാക്ടറിയുടമയില്‍നിന്ന് കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികളിലാണ് അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുംവിധമുള്ള വി.എസിന്‍െറ നിലപാട് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ വരെ കൈയടി നേടിയിരുന്നു.

No comments:

Post a Comment