Saturday, March 31, 2012

യു.ഡി.എഫ്‌. അട്ടിമറിനീക്കം മറികടന്ന്‌ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ ഉത്തരവ്‌
 •  എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതു നിര്‍ത്തിവയ്‌ക്കാനുള്ള യു.ഡി.എഫ്‌. ശിപാര്‍ശ മറികടന്ന്‌ നെല്ലിയാമ്പതി മേഖലയിലെ എസ്‌റ്റേറ്റുകളുടെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ വനംവകുപ്പിന്റെ ഉത്തരവ്‌. പാട്ടവ്യവസ്‌ഥകള്‍ ലംഘിച്ച മാങ്കോട്‌, രാജക്കാട്‌ എസ്‌റ്റേറ്റുകളുടെ കരാര്‍ റദ്ദാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ഉത്തരവിട്ടു.
 • സര്‍ക്കാര്‍ നടപടിയില്‍ വിയോജിപ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുമാസം സമയം നല്‍കി. എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരായ പരാതി പരിശോധിക്കാന്‍ യു.ഡി.എഫ്‌. ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട്‌ നല്‍കുന്നതുവരെ ഏറ്റെടുക്കല്‍ നിര്‍ത്തിവയ്‌ക്കണമെന്നും സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്‌തു. അതിനിടെയാണു നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. സുപ്രീംകോടതി ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനകളില്‍ വനഭൂമിയെന്നു കണ്ടെത്തിയ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ്‌ നേരത്തേ നടപടി തുടങ്ങിയിരുന്നു. ഇതിനിടെയാണു ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കിയത്‌. യു.ഡി.എഫ്‌. ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചെങ്കിലും വനംമന്ത്രിയുമായി കൂടിയാലോചിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.
 • എസ്‌റ്റേറ്റുകളുടെ പാട്ടക്കരാര്‍ റദ്ദാക്കിയ നടപടി യു.ഡി.എഫില്‍ പൊട്ടിത്തെറിക്കു വഴിവയ്‌ക്കും. നിയമലംഘനത്തിന്റെ അടിസ്‌ഥാനത്തില്‍ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ്‌ വര്‍ഷങ്ങളായി നടത്തിവരുന്ന നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കേയാണു യു.ഡി.എഫ്‌. അട്ടിമറിശ്രമം നടത്തിയത്‌. ഒരു പ്രധാന ഘടകകക്ഷിയാണു ചുക്കാന്‍ പിടിച്ചത്‌. 
 • പാട്ടവ്യവസ്‌ഥ ലംഘിച്ചു വനഭൂമി കൈമാറ്റം നടത്തിയതിന്റെയും 1980-ലെ കേന്ദ്ര വനസംരക്ഷണനിയമം ലംഘിച്ചതിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഏറ്റെടുക്കല്‍. തോട്ടം കൈവശക്കാരുടെ വാദം കേള്‍ക്കുന്നതുള്‍പ്പെടെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 288.85 ഏക്കര്‍ രാജാക്കാടും 232.82 ഏക്കര്‍ മാങ്കോടും ചട്ടം ലംഘിച്ച്‌, വിദേശികള്‍ നേതൃത്വം നല്‍കിയിരുന്ന നെല്ലിയാമ്പതി ഹില്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിക്കാണ്‌ 1994-ല്‍ കൈമാറിയത്‌. 2002-ല്‍ വനംവകുപ്പ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. നെല്ലിയാമ്പതിയില്‍ 27 തോട്ടങ്ങളുടെ നിയമലംഘനമാണു വനംവകുപ്പു കണ്ടെത്തിയത്‌. ഇതില്‍ ഒന്‍പതു തോട്ടങ്ങള്‍ നേരത്തേ ഏറ്റെടുത്തിരുന്നു. തൊഴിലാളികള്‍ക്കു വനം വികസന കോര്‍പറേഷനു കീഴില്‍ ജോലിയും നല്‍കി. രാജാക്കാടും മാങ്കോടും ഉള്‍പ്പെടെ മൂന്ന്‌ എസ്‌റ്റേറ്റുകളുടെ ഏറ്റെടുക്കല്‍ നടപടിക്രമങ്ങളാണ്‌ അവസാനഘട്ടത്തില്‍ എത്തിയിരുന്നത്‌. 
 • ഏറ്റെടുക്കല്‍ ഉത്തരവ്‌ പുറത്തിറങ്ങിയ സാഹചര്യത്തില്‍ യു.ഡി.എഫ്‌. നീക്കം കരുതലോടെയാകും. ഉത്തരവിനെതിരേ പരസ്യമായി രംഗത്തിറങ്ങിയാല്‍ വ്യാപക പ്രതിഷേധമുണ്ടാകും. മുന്‍മന്ത്രിയും കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവുമായ വി.സി. കബീര്‍ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തി. പാട്ടക്കരാര്‍ ലംഘിച്ച 16 തോട്ടങ്ങള്‍കൂടി നെല്ലിയാമ്പതിയില്‍ ഏറ്റെടുക്കല്‍ നടപടി നേരിടുന്നു.

കിനാലൂര്‍ എസ്‌റ്റേറ്റ്‌ മുറിച്ചു വില്‍ക്കുന്നു; മന്ത്രിമാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും പങ്ക്‌‍

 • കോഴിക്കോട്‌ ജില്ലയിലെ 2490 ഏക്കര്‍ കൊച്ചിന്‍ മലബാര്‍ കിനാലൂര്‍ എസ്‌റ്റേറ്റ്‌ കരാര്‍ വ്യവസ്‌ഥകള്‍ കാറ്റില്‍പറത്തി മുറിച്ചുവിറ്റു. രാഷ്‌ട്രീയ-റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ കോടികള്‍ തട്ടുന്നു.
 • റബര്‍ കൃഷിക്കായി സര്‍ക്കാര്‍ വിട്ടുകൊടുത്ത ഭൂമിയാണ്‌ സെന്റിനു മൂന്നുലക്ഷം രൂപയ്‌ക്കു വരെ മുറിച്ചുവില്‌ക്കുന്നത്‌. എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ സ്വയംവിരമിക്കല്‍ പദ്ധതി പ്രകാരം പിരിഞ്ഞുപോകുന്നതിന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ക്ക്‌ ഭൂമി നല്‍കുന്ന പദ്ധതിയുടെ മറവിലാണു ഭൂമിക്കച്ചവടം.
 • ഏതാനും മന്ത്രിമാര്‍ താത്‌പര്യമെടുത്തു നടപ്പാക്കുന്ന ഭൂമിവില്‌പനയ്‌ക്ക് ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസുകള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നതായി സൂചനയുണ്ട്‌.
 • കഴിഞ്ഞ 20ന്‌ ഉച്ചയ്‌ക്ക് 1.30ന്‌ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്‌, ഷിബു ബേബിജോണ്‍, ചില മുസ്ലിംലീഗ്‌ എം.എല്‍.എമാര്‍ എന്നിവരും മാനേജ്‌മെന്റ്‌ പ്രതിനിധികളും റിയല്‍ എസ്‌റ്റേറ്റുകാരായ പി.കെ.സി. അഹമ്മദ്‌കുട്ടി, കൈനടി ജോസ്‌ എന്നിവരും യോഗം ചേര്‍ന്നു. തുടര്‍ന്ന്‌ കമ്പനി മാനേജ്‌മെന്റിനു റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകാര്‍ 27 കോടിരൂപ നല്‍കണമെന്ന വ്യവസ്‌ഥയില്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ ഭൂമി ഒഴിച്ച്‌ ബാക്കി വിറ്റഴിക്കാന്‍ ഉന്നതതലയോഗം അനുമതി നല്‌കുകയായിരുന്നു.
 • സ്വയംവിരമിക്കല്‍ പദ്ധതിപ്രകാരം 2004 ല്‍ പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്കു സ്വയംവിരമിക്കല്‍ കരാര്‍ പ്രകാരം ഒരേക്കര്‍ മൂന്നുസെന്റ്‌ ഭൂമിവീതം കമ്പനി മാനേജ്‌മെന്റ്‌ അളന്നുതിട്ടപ്പെടുത്തി നല്‍കിയിരുന്നു. ഭൂമി അളന്നു വേര്‍തിരിച്ചു കൊടുത്തെങ്കിലും തൊഴിലാളികളുടെ പേരില്‍ ഭൂമി ആധാരംചെയ്‌തു നല്‍കിയിരുന്നില്ല. സ്‌ഥലം ആധാരംചെയ്‌ത് നല്‍കാത്തതിനെതിരേ എസ്‌റ്റേറ്റിലെ മുന്‍ ജീവനക്കാരനായ കെ.എം. ബാലകൃഷ്‌ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കി.
 • 2009 നവംബര്‍ 25 ന്‌ ഹൈക്കോടതിയുടെ (സി.ഒ. അപ്പീല്‍ നമ്പര്‍ 649/2008-സി.പി. നമ്പര്‍ 44/2004) പ്രകാരമുള്ള വിധിയില്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ ഭൂമി ആധാരം ചെയ്‌തുകൊടുക്കാന്‍ മാനേജ്‌മെന്റിനു നിര്‍ദേശം നല്‌കി.
 • ഹൈക്കോടതിവിധി നടപ്പിലാക്കാത്തതിനെതിരേ യൂണിയനുകള്‍ ലേബര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ കൂടിയാലോചനകള്‍ നടന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന്‌ മന്ത്രിമാരും റിയല്‍എസ്‌റ്റേറ്റുകാരും യോഗം ചേര്‍ന്ന 20നു രാവിലെ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന നോട്ടീസ്‌ തൊഴിലാളി യൂണിയനുകള്‍ക്കുംമാനേജ്‌മെന്റിനും ലേബര്‍ കമ്മിഷണര്‍ നല്‍കിയിരുന്നു. രാവിലെ11ന്‌ നിയമസഭ അഞ്ച്‌-ഇ-കോണ്‍ഫറന്‍സ്‌ ഹാളിലെ റൂം നമ്പര്‍ 624 ല്‍ ചര്‍ച്ചകള്‍ക്കായി എത്തിച്ചേര്‍ന്ന കക്ഷികള്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ നല്‍കിയ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടുകയും ചെയ്‌തു. 12.20ന്‌ മുറിയിലെത്തിയ തൊഴില്‍ മന്ത്രിയുടെ സ്‌റ്റാഫില്‍പ്പെട്ട ഉദ്യോഗസ്‌ഥന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മന്ത്രിക്ക്‌ അസൗകര്യമുള്ളതിനാല്‍ യോഗം മാറ്റിവച്ച വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ യൂണിയന്‍, മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പിരിഞ്ഞുപോയി. തുടര്‍ന്നാണ്‌ രാവിലെ എത്തിച്ചേരാന്‍ അസൗകര്യമുണ്ടായ തൊഴില്‍ മന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തില്‍ റിയല്‍എസ്‌റ്റേറ്റുകാരെ പങ്കെടുപ്പിച്ച്‌ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേര്‍ന്നു വില്‌പനയ്‌ക്കു പച്ചക്കൊടി കാട്ടിയത്‌.
 •  2003 ഫെബ്രുവരി 23ന്‌ എസ്‌റ്റേറ്റ്‌ ജനറല്‍ മാനേജര്‍ മോഹന്‍ കിടാവും മാനേജര്‍ ഉണ്ണികൃഷ്‌ണനും തൊഴിലാളി യൂണിയനുകളുമായി ഒപ്പിട്ട കരാര്‍ പ്രകാരം 540 സ്‌ഥിരം തൊഴിലാളികള്‍ക്കാണ്‌ ഒരേക്കര്‍ മൂന്നുസെന്റ്‌ ഭൂമി നല്‍കാന്‍ വ്യവസ്‌ഥയുള്ളത്‌. കരാര്‍ പ്രകാരം ഭൂമി ആധാരംചെയ്‌ത് നല്‍കാനായി രംഗത്തുവന്ന റിയല്‍ എസ്‌റ്റേറ്റ്‌ ഗ്രൂപ്പ്‌ ബാക്കിസ്‌ഥലം മുറിച്ചുവില്‌ക്കാന്‍ സര്‍ക്കാരില്‍നിന്ന്‌ അനുമതി നേടുകയായിരുന്നു. എസ്‌റ്റേറ്റ്‌ ഭൂമി മുറിച്ചുവില്‍ക്കുന്നത്‌ 1963 ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച്‌ നിയമവിരുദ്ധമാണ്‌. എന്നാല്‍ രാഷ്‌ട്രീയ-ഭൂമാഫിയ ഭരണതലത്തില്‍ കൈകോര്‍ത്തപ്പോള്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ അറുനൂറോളം ഏക്കര്‍ ഭൂമിയൊഴിച്ച്‌ 1800ല്‍പരം ഏക്കര്‍ സ്‌ഥലമാണു മുറിച്ചുവിറ്റ്‌ കോടികള്‍ തട്ടുന്നത്‌.
 •  മൂന്നാര്‍, നെല്ലിയാമ്പതി ഭൂമി കൈയേറ്റങ്ങളെ വെള്ളപൂശാന്‍ കരുനീക്കിയ റവന്യു-രജിസ്‌ട്രേഷന്‍ വിഭാഗം കിനാലൂര്‍ എസ്‌റ്റേറ്റിലെ ഭൂമിയിടപാട്‌ ഗൗരവമായി കാണുന്നില്ല.

പ്രതിരോധത്തിലെ പുഴുക്കുത്തുകള്‍

 • യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സദാ യുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ഒരു ചൊല്ലുണ്ട്. യുദ്ധസജ്ജതയില്‍ വീഴ്ച വന്നാലോ? യുദ്ധമുണ്ടാവാം എന്നു മാത്രമല്ല അപായകരമായ ഫലങ്ങളുണ്ടാവുകയുംചെയ്യും. ഇതിപ്പോള്‍ എടുത്തുപറയേണ്ടിവന്നത് ഇന്ത്യയുടെ യുദ്ധസജ്ജതയെക്കുറിച്ച് കരസേനാധിപന്‍ തന്നെ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ്. പൊതുവേദിയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല ഇത്. എങ്കിലും ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയും പിടിപ്പുകേടുംകൊണ്ട് ഇതിന്ന് പൊതുവേദിയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു നിര്‍ഭാഗ്യകരമാണ് ഇതു .
 • കരസേനാധിപന്‍ പ്രധാമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനയച്ച കത്തിലാണ് രാജ്യരക്ഷാകാര്യങ്ങളിലെ വീഴ്ചകളും പോരായ്മകളും അക്കമിട്ട്‌ നിരത്തിയിട്ടുള്ളത്‌..ആ കത്ത് ചോര്‍ന്നുവെന്നത് ആശങ്കാജനകമാണ്, അന്വേഷിക്കേണ്ടതുമാണ്. എന്നാല്‍,അന്വേഷണം അതില്‍മാത്രമായി പരിമിതപ്പെട്ടുകൂടാ.ഇന്ത്യയുടെ പ്രതിരോധസജ്ജതയുടെ അവസ്ഥയെക്കുറിച്ച് അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം; പോരായ്മകള്‍നീകത്തണം എന്നാല്‍ കത്ത് ചോര്‍ന്നത് വിവാദമാക്കി പ്രതിരോധസജ്ജതയുടെ കാര്യത്തില്‍ വന്ന വീഴ്ചകള്‍ മൂടി വെക്കാനാണ് ഇന്ന് നീക്കം. ഇത് അപകടകരമാണ്.
 • കരസേനാധിപന്‍ തന്നെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി ന ല്‍കിയതാവാം എന്നാണ് ഉന്നത ഭരണവൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രതിരോധരഹസ്യങ്ങളടങ്ങുന്ന കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ല്‍കിയാല്‍ രാജ്യദ്രോഹ കുറ്റത്തിന് വരെ നടപടികളുണ്ടാവാം. അക്കാര്യം അറിയാത്തയാളല്ല കരസേനാധിപന്‍. അതുകൊണ്ടുതന്നെ അദ്ദേഹം അപകടകരമായ അത്തരമൊരു കളിക്ക് നില്‍ക്കുമോ? വിശ്വസിക്കാന്‍ പ്രയാസമാണ്. ടെട്രാ ട്രക്ക് കുംഭകോണം മുന്‍ിര്‍ത്തി കരസേനാധിപന്‍ യുപിഎ സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കി എന്നത് സത്യമാണ്. അതിന്റെ പക ഉള്ളില്‍വച്ച് കരസേനാധിപനെ വിഷമത്തിലാക്കാന്‍ ആരോ നടത്തിയ  രാഷ്ട്രീയക്കളിയാണോ ഈ കത്തുചോര്‍ച്ച? അതും അന്വേഷിക്കേണ്ടതുണ്ട്..
 • വാര്‍ഷിക പൊതുബജറ്റിലൂടെ അതിഭീമമായ തുകയാണ് പ്രതിരോധകാര്യത്തില്‍ നീക്കി വെക്കുന്നത് അങ്ങെനെ  ചെയ്യേണ്ടതുമാണ്. 1,93,407 കോടി രൂപയാണ് ഇക്കൊല്ലം ബജറ്റില്‍ പ്രതിരോധത്തില്‍ നീക്കിവെച്ചത് . എന്നാല്‍, ഇങ്ങെനെ നീക്കിവയ്ക്കുന്ന തുക പ്രതിരോധസജ്ജതയ്ക്കായി വിനിയോഗിക്കപ്പെടുന്നില്ല  എന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്. ബജറ്റ് വിഹിതത്തിന്റെ വലിയൊരു ഭാഗം മറ്റെവിടേക്കൊക്കെയോ വഴിതിരിഞ്ഞുപോവുന്നുണ്ടോ? ഇത് പരിശോധിക്കാന്‍ ഫലപ്രദമായ ഒരു സംവിധാവുമില്ലാത്തത് പ്രതിരോധ ബജറ്റിനെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനുള്ള കറവപ്പശുവാക്കി മാറ്റാന്‍ കേന്ദ്ര ഭരണകക്ഷിക്ക് അവസരമൊരുക്കുന്നു. ആയുധദല്ലാളന്മാര്‍ക്ക് കീശവീര്‍പ്പിക്കാന്‍ സന്ദര്‍ഭമൊരുക്കുന്നു..
 • പ്രതിരോധമന്ത്രിയെ മറികടന്ന് പ്രതിരോധസജ്ജതയിലെ പോരായ്മകള്‍ കരസേനാധിപന്‍ പ്രധാമന്ത്രിയെ നേരിട്ട്  കത്തിലൂടെ ധരിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ പറയുന്നത്. പ്രധാമന്ത്രിയാണ് ഭരണ സംവിധാനത്തിന്റെ അധിപന്‍. ആ നിലക്ക്  അതില്‍ അനൌചിത്യമുണ്ടെന്നു പറയാനാവില്ല ; പ്രത്യേകിച്ചും പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത് പ്രതിരോധമന്ത്രിയുടെ പോരായ്മകളും കാര്യക്ഷമതയില്ലായ്മയുംകൊണ്ട് പ്രതിരോധരംഗത്തുണ്ടാവുന്ന അപകടങ്ങള്‍ ആണെന്നിരിക്കെ .
 • അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ പലകുറി ശ്രദ്ധയില്‍പെടുത്തിയിട്ടും അനങ്ങാപ്പാറയെ പോലെ  ഇരിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്തത് എന്നാണ് കത്തില്‍ിന്ന് വ്യക്തമാവുന്നത്. ടാങ്കുകള്‍ ആയുധങ്ങളില്ലാത്ത നിലയിലായിരിക്കുന്നു . വ്യോമപ്രതിരോധം കാലാനുസൃതമായി നവീകരിക്കപ്പെടാതായിരിക്കുന്നു. കാലാള്‍ പടക്ക് ആധുനിക സുപ്രധാന ആയുധങ്ങള്‍ ലഭിക്കാതായിരിക്കുന്നു. ആയുധ സംഭരണ സംവിധാനമാകെ അഴിമതി ഗ്രസ്തമായിരിക്കുന്നു. രാത്രിയുദ്ധത്തിനാവശ്യമായ സംവിധാങ്ങളില്ല. അത്യന്താപേക്ഷിതമായ ആയുധങ്ങളില്ല. ഇത്ര ഗുരുതരമായ സാഹചര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രതിരോധമന്ത്രി അനങ്ങുന്നില്ലെങ്കില്‍ പ്രശ്ന പരിഹാരത്തിന് യാതൊരു നടപടിയും എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്തബോധമുള്ള കരസേനാധിപന്‍""എല്ലാം സര്‍ക്കാര്‍ മുറയില്‍ നടക്കട്ടെ ' എന്ന് കരുതി കൈയുംകെട്ടി ഇരിക്കാന്‍ പറ്റുമോ? പോര്‍മുഖങ്ങളിലേക്ക് യുദ്ധസജ്ജമല്ലാത്ത സൈന്യത്തെ  അയക്കാന്‍ എങ്ങിനെ മനസ്സ് വരും ?
 • ഈ പശ്ചാത്തലത്തിലാണ് കരസേനാധിപന്‍ പ്രധാനമന്ത്രിക്ക് അയച്ച  കത്തിനെ  കാണേണ്ടത്. എന്നുമാത്രമല്ല, മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്ന ഘട്ടത്തില്‍ സൈന്യാധിപന്മാര്‍ സൈന്യത്തിന്റെ നിലയെക്കുറിച്ച് പ്രധാമന്ത്രിയെ രേഖാമൂലം ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടുതാനും ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനോ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ മുന്‍  നിര്‍ത്തി  ഉചിതമായ നടപടികള്‍ എടുക്കാനോ,ശ്രദ്ധയില്‍പെട്ട അഴിമതിപോലും ഒഴിവാക്കാനോ ഇടപെടാത്ത പ്രതിരോധമന്ത്രിക്കുകീഴില്‍ കുത്തഴിഞ്ഞുപോവുന്ന പ്രതിരോധരംഗത്തെക്കുറിച്ച് ജറല്‍ വി കെ സിങ് പ്രധാമന്ത്രിക്ക് കത്തയച്ചത് എന്നത് കാണേണ്ടതുണ്ട്. ഇന്നേവരെ ഒരു പ്രതിരോധമന്ത്രിക്കും രേിടേണ്ടിവന്നിട്ടില്ലാത്ത പിടിപ്പുകേടെന്ന ആക്ഷേപം ഇന്ത്യന്‍ കരസോധിപില്‍ിന്ന് പരോക്ഷമായെങ്കിലും കേള്‍ക്കേണ്ടിവരുന്ന സാഹചര്യം വരുത്തിവച്ചതിലെ തന്റെ പങ്ക് എന്ത് എന്ന് ഒരു ിമിഷം എ കെ ആന്റണി ആലോചിക്കേണ്ടതുമുണ്ട്. ഈ പ്രശ്ത്തെക്കുറിച്ചൊക്കെ വിശദീകരിക്കാന്‍ പ്രതിരോധമന്ത്രിയായി എ കെ ആന്റണി ഇരിക്കെത്തന്നെ സഹമന്ത്രി പള്ളം രാജുവിനെ കോണ്‍ഗ്രസ്സിനു നിയോഗിക്കേണ്ടി വന്നു എന്നതും  എ കെ ആന്റണിയുടെ  മികവിനുള്ള അംഗീകാരമാവില്ലല്ലോ.
 • പ്രതിരോധസംബന്ധമായ കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ കഴിയുന്നതല്ല എന്ന് ഇപ്പോള്‍ എ കെ ആന്റണി പറയുന്നുണ്ട്. എന്നാല്‍, ഇതേ ആന്റണിതന്നെയാണ് മാസങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ വാര്‍ത്താസമ്മേളത്തില്‍ നാവിക സേനാ രംഗത്തെ നമ്മുടെ രാജ്യത്തിന്റെ പോരായ്മകള്‍ പരസ്യമായി വിളിച്ചുപറഞ്ഞത്. ശത്രുവിന്റെ ആക്രമണം നേരിടാന്‍ നമ്മുടെ കരസേന സജ്ജമാണെങ്കിലും കടലിലൂടെ വരുന്ന ശത്രുക്കളെ നേരിടാന്‍ നമുക്ക്  ഫലപ്രദമായ ഒരു സംവിധാനവും  ഇപ്പോഴില്ല എന്നാണ്  ആന്റണി അന്ന് പറഞ്ഞത്. ഇത് സത്യമാവാം. എന്നാല്‍, ഇത്തരം സത്യങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്നത് ഉചിതമാണോ; അതും പ്രതിരോധമന്ത്രിസ്ഥാനത്തുള്ള ഒരാള്‍? ആന്റണിയുടെ ഈ പ്രസ്താവന ഇന്ത്യയിലെയും പുറത്തെയും പത്രങ്ങള്‍ കാര്യമായി പ്രസിദ്ധീകരിച്ചു. അത് കഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞപ്പോഴാണ് കടലിലൂടെ മുംബൈ തീരത്തേക്ക് കസബും കൂട്ടരും വന്ന് താജ്ഹോട്ടലിലും ഗരങ്ങളുടെ പല ഭാഗങ്ങളിലും കൂട്ടക്കൊല നടത്തി രാജ്യത്തെ വിറപ്പിച്ചത്.
 • ഒരു സ്ഥാനത്തെത്തിയാല്‍ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തിനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയണം. അപകടങ്ങള്‍ വരുത്തിവച്ചിട്ട് താന്‍ ശുദ്ധനാണെന്ന്  വിലപിച്ചാല്‍ പോരാ. ഉത്തരവാദപൂര്‍വം പെരുമാറാന്‍ കഴിവില്ല എന്നാണെങ്കില്‍ അത്തരം സ്ഥാങ്ങള്‍ ഏറ്റെടുക്കാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാട്ടണം. ശുദ്ധതയുടെ കുട്ടിക്കളിക്ക് വിട്ടുകൊടുക്കാനുള്ളതല്ല ഈ രാജ്യത്തിന്റെ സുരക്ഷയും ദശലക്ഷക്കണക്കായ സൈനികരുടെ ജീവനും. മുംബൈ കൂട്ടക്കൊലയ്ക്കുപിന്നാലെ ആദര്‍ശത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടൊന്നുമല്ലെങ്കിലും ശിവരാജ്പാപാട്ടീല്‍  ആഭ്യന്തരമന്ത്രിസ്ഥാം രാജിവച്ചു. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന പ്രതിച്ഛായ എടുത്തണിയാന്‍ എന്നും നിഷ്കര്‍ഷ  കാട്ടിപ്പോരുന്ന എ കെ ആന്റണി ആ ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തി കടന്നുവന്നവരായിട്ടും അവരെ തടയുന്നതില്‍ പരാജയം സംഭവിച്ചുവെന്നറിഞ്ഞിട്ടും ധാര്‍മികമായെങ്കിലും തന്റെ വീഴ്ച ഏറ്റുപറയാന്‍ തയ്യാറായോ? ആദര്‍ശം അധികാരത്തിനു കീഴിലേ വരുന്നുള്ളൂ..
 • ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളാകെ തെളിയിക്കുന്നത് പ്രതിരോധമന്ത്രി എന്ന നിലയില്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആന്റണിയുടെ കാര്യക്ഷമതയില്ലായ്മയാണ്; പ്രതിരോധരംഗത്ത്  നടക്കുന്ന കൊടിയ അഴിമതികളാണ്; അത് തടയാന്‍ ചെറുവിരല്‍പോലും അനക്കാന്‍ കഴിയാത്ത ആന്റണിയുടെ ദയനീയാവസ്തയാണ് . കരസേനാധിപന്‍ കത്തയച്ചതിന്റെ ഔചിത്യവും അനൌചിത്യവും ചര്‍ച്ചചെയ്യുമ്പോള്‍തന്നെ, പ്രതിരോധരംഗത്തിന്റെ ഇന്നത്തെ അവസ്ഥയും അതിലേക്ക് നയിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടും കാണാതെ പോവരുത്.

ടട്ര ട്രക്ക് ഇടപാട്: അന്വേഷണം രാജീവ്ഗാന്ധി വരെ നീളും


ന്യൂഡല്‍ഹി: ടട്ര ട്രക്ക് ഇടപാടിനു പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യം ദുരൂഹമായി തുടരുന്നു. ഒന്നരവര്‍ഷം മുമ്പ് കരസേനാ മേധാവി നേരിട്ടുപറഞ്ഞതിനു പുറമെ 2011 ജൂലൈയില്‍ ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇംഗ്ലീഷ് ദിനപത്രങ്ങളും "ദേശാഭിമാനി" ഉള്‍പ്പെടെ മറ്റു ചില ഭാഷാപത്രങ്ങളും വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടട്ര ട്രക്ക് ഇടപാടിനെ കുറിച്ച് അന്വേഷിച്ചാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വീണ്ടുമൊരു അഴിമതി ഇടപാടില്‍ കുടുങ്ങുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭയമാണ് അന്വേഷണത്തിന് തടസ്സമായതെന്നാണ് സൂചന. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ പല നേതാക്കളും അസ്വസ്ഥരാണ്. കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബത്തെയാണ് ആന്റണി പ്രതിസന്ധിയിലാക്കിയതെന്ന് പാര്‍ടി നേതാക്കള്‍ ആരോപിക്കുന്നു. 1986ല്‍ രാജീവ്ഗാന്ധി പ്രതിരോധവകുപ്പ് കൈയാളിയ സമയത്താണ് വിവാദ ടട്ര ട്രക്ക് ഇടപാടില്‍ ഒപ്പുവച്ചത്. സിബിഐയുടെ അന്വേഷണം നേരായ ദിശയില്‍ നീങ്ങിയാല്‍ രാജീവ്ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്തേക്ക് വരും. എന്നാല്‍, രാജീവിന്റെ പേര് ഉയര്‍ന്നുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 1987 മുതല്‍ 2010 വരെയാണ് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വഴി കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ ഇറക്കുമതി ചെയ്തത്. ഇതുവരെ ഏഴായിരത്തോളം ട്രക്കാണ് ഇറക്കുമതി ചെയ്തത്. ഏതാണ്ട് 5,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 750 കോടിയോളം കോഴപ്പണമായി ഉന്നതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ട്രക്ക് ഇറക്കുമതി കരാറിനൊപ്പം സാങ്കേതികവിദ്യ കൈമാറാമെന്ന കരാറുമുണ്ടായിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ബിഇഎംഎല്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യവും എടുത്തിട്ടില്ല. ചെക്ക് കമ്പനിയായ ടട്രയില്‍ നിന്നാണ് തുടക്കത്തില്‍ ട്രക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നതെങ്കിലും 1997ല്‍ കമ്പനി മാറി. ബ്രിട്ടന്‍ കേന്ദ്രമായ ടട്ര- സൈപോക്സ് എന്ന കമ്പനിയാണ് തുടര്‍ന്നുള്ള ഇറക്കുമതി നടത്തിയത്. ടട്ര കമ്പനിയിലെ പ്രധാന ഓഹരി ഉടമയായി അവരുടെ മാര്‍ക്കറ്റിങ് വിഭാഗമായ സൈപോക്സ് മാറിയെന്നും അതുകൊണ്ട് ഈ കമ്പനി മുഖാന്തരമാണ് തുടര്‍ന്നുള്ള ഇറക്കുമതിയെന്നുമാണ് ബിഇഎംഎല്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. സൈപോക്സ് കമ്പനി ടട്രയുടെ മാര്‍ക്കറ്റിങ് വിഭാഗമല്ലെന്ന് ആക്ഷേപമുണ്ട്. ടട്രയില്‍ നിന്ന് ട്രക്ക് ഭാഗങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇടനിലക്കാര്‍ മാത്രമാണ് സൈപോക്സ്. ഇടനിലക്കാര്‍ വഴി ഇറക്കുമതി നടത്തുന്നതിന്റെ പേരില്‍ ചെക്ക് റിപ്പബ്ലിക്കില്‍ ടട്രയ്ക്കെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2010 വരെ റോക്കറ്റുകള്‍ ഉള്‍പ്പെടെ ഭാരമേറിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് പൂര്‍ണമായും ടട്രയെയാണ് കരസേന ആശ്രയിച്ചിരുന്നത്. എന്നാല്‍, 2010ല്‍ വാങ്ങേണ്ട ട്രക്കുകളുടെ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വന്നു. ഇതോടെ മറ്റു കമ്പനികള്‍ക്കും ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുക്കാമെന്നായി. ഈ ഘട്ടത്തിലാണ് തുടര്‍ന്നും ടട്രയെ ആശ്രയിക്കണമെന്ന ആവശ്യവുമായി കരസേനാ മേധാവിക്ക് മുന്നില്‍ കോഴ വാഗ്ദാനമെത്തിയത്.

കോണ്‍ഗ്രസ് മുന്‍ എംപിയുടെ കത്തും ആന്റണി മുക്കിന്യൂഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിലെ വന്‍ അഴിമതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മന്ത്രി എ കെ ആന്റണി നടപടിയെടുക്കാതിരുന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഡി ഹനുമന്തപ്പ 2009ല്‍ത്തന്നെ ടട്ര ട്രക്ക് അഴിമതി ചൂണ്ടിക്കാട്ടി ആന്റണിക്ക് കത്തയച്ചെങ്കിലും നടപടി എടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ക്കും ഹനുമന്തപ്പ കത്തയച്ചെങ്കിലും പേരിനൊരു വകുപ്പുതല അന്വേഷണത്തില്‍ നടപടി ഒതുങ്ങി. അന്വേഷണമാകട്ടെ എവിടെയും എത്താതെ അവസാനിപ്പിച്ചു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഈ വിഷയത്തില്‍ ആന്റണി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്നും തെളിഞ്ഞു. ട്രക്ക് അഴിമതിയെ കുറിച്ച് കരസേനാമേധാവി ജനറല്‍ വി കെ സിങ് 2010ല്‍ വെളിപ്പെടുത്തുമ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും ഇതറിഞ്ഞ് ഞെട്ടി കൈ തലയ്ക്ക് വച്ചിരുന്നുപോയെന്നുമാണ് ആന്റണി "വികാരവിവശനായി" രാജ്യസഭയില്‍ പറഞ്ഞത്. അഴിമതിയെ കുറിച്ച് നേരത്തെ വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത ആന്റണി രാജിവയ്ക്കണമെന്ന് രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ബിജെപി ആവശ്യപ്പെട്ടു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല. എന്നാല്‍, മന്ത്രിയെ സംരക്ഷിക്കാന്‍ പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഹനുമന്തപ്പയുടെ കത്ത് ലഭിച്ചിരുന്നെന്ന് സ്ഥിരീകരിച്ച പ്രതിരോധമന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിരുന്നെന്നും അവകാശപ്പെട്ടു. എന്നാല്‍, അന്വേഷണം എവിടെ എത്തിയെന്ന് വിശദീകരണമില്ല. മന്ത്രാലയത്തിന്റെ പ്രസ്താവന ഇങ്ങനെ: സോണിയക്ക് ഹനുമന്തപ്പ അയച്ച കത്ത് ഗുലാംനബി ആസാദ് വഴി 2009 ഒക്ടോബര്‍ അഞ്ചിന് ആന്റണിക്ക് ലഭിച്ചു. ഇതേ കുറിച്ച് പരിശോധിക്കാന്‍ ആന്റണി പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിന്റെ വിജിലന്‍സും ബിഇഎംഎല്ലും (ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ്) ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബിഇഎംഎല്ലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പ്രതിരോധമന്ത്രി ഫെബ്രുവരി 21ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ട്രക്ക് അഴിമതി ഇടപാടില്‍ സിബിഐ വെള്ളിയാഴ്ച ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടട്ര കമ്പനിയിലെ മുഖ്യപങ്കാളിയായ വെക്ട്ര ഗ്രൂപ്പ് അധ്യക്ഷന്‍ രവി റിഷിയെ ഡല്‍ഹിയില്‍ ചോദ്യംചെയ്തു. ബ്രിട്ടീഷ് പൗരനായ റിഷി ഡല്‍ഹിയിലെ പ്രതിരോധപ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തിയത്. ഡല്‍ഹി, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലായി നാല് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കരസേനാമേധാവിയുടെ പരാതി ലഭിച്ചശേഷം കേസെടുക്കാനിരുന്ന സിബിഐ പ്രത്യേകിച്ച് പരാതി ഇല്ലാതെതന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഴിമതി ഇടപാടിനെ കുറിച്ചും 14 കോടിയുടെ കോഴവാഗ്ദാനത്തെ കുറിച്ചും രണ്ട് കേസെടുക്കുമെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധമന്ത്രാലയം, കരസേന, ബിഇഎംഎല്‍, വെക്ട്ര എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സ്വന്തം ഭാഗം ന്യായീകരിച്ച് ബിഇഎംഎല്‍ ചെയര്‍മാന്‍ വി ആര്‍ എസ് നടരാജന്‍ രംഗത്തെത്തി. പ്രതിരോധമന്ത്രിക്കും തനിക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് ജനറല്‍ വി കെ സിങ് പ്രസ്താവനയില്‍ പറഞ്ഞു.

Thursday, March 29, 2012

Dissent Magazine - Fall 2011 Issue - Egypt's Labor Pains: F...

Dissent Magazine - Fall 2011 Issue - Egypt's Labor Pains: F...

ഉത്തരം മുട്ടിയപ്പോള്‍ ദീനവിലാപവുമായി എ കെ ആന്റണി
 • പ്രതിരോധമന്ത്രി എ കെ ആന്റണിയില്‍നിന്ന് രാജ്യം ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത് താന്‍ നല്ലവനാണെന്ന ദീനവിലാപ വിസ്താരമല്ല, മറിച്ച് മുമ്പേതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും 1400 കോടി രൂപയുടെ കുംഭകോണം പ്രതിരോധരംഗത്ത് നടപ്പാകുന്നതിന് നിഷ്ക്രിയത്വത്തിലൂടെ പച്ചക്കൊടി കാട്ടിയത് എന്തിന് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ്. ആ ഉത്തരം ഇല്ലാത്തതുകൊണ്ടാകണം രാജ്യസഭയില്‍ ആരുടെയും സഹതാപം പിടിച്ചുപറ്റാന്‍ പാകത്തില്‍ സ്വന്തം "വിശുദ്ധി"യെക്കുറിച്ച് അദ്ദേഹം ദീനമായി വിസ്തരിച്ചത്. എന്നാല്‍, ഈ വിലാപത്തില്‍ മുങ്ങിപ്പോയിക്കൂടാ രാജ്യത്തിന്റെ സുരക്ഷയുമായും അതിര്‍ത്തികാക്കുന്ന ലക്ഷക്കണക്കായ സൈനികരുടെ ജീവരക്ഷയുമായും ബന്ധപ്പെട്ട ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍. രേഖാമൂലം പരാതികിട്ടാതിരുന്നതുകൊണ്ടാണ് 1400 കോടി രൂപയുടെ ടാട്രാ ട്രക്ക് കുംഭകോണം ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാതിരുന്നതും നടപടിയെടുക്കാതിരുന്നതും എന്ന ആന്റണിയുടെ വിശദീകരണം പ്രതിരോധമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്നുണ്ടാകേണ്ടതല്ല.
 • ആരാണ് മുമ്പില്‍ വന്നുനിന്ന് അഴിമതിക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് എന്നോര്‍ക്കണം. ഇന്ത്യയുടെ കരസേനാധിപനാണത്. അത്രമേല്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ വന്ന് ജീപ്പ് ഇടപാടില്‍ അഴിമതിയുണ്ടെന്നു പറഞ്ഞാല്‍ നടപടിയെടുക്കാന്‍ പ്രതിരോധമന്ത്രിക്ക് വേറെന്താണ് വേണ്ടത്? അത് മുഖവിലയ്ക്കെടുത്ത് അന്വേഷണത്തിനുത്തരവിടുകയും താല്‍ക്കാലികാടിസ്ഥാനത്തിലെങ്കിലും അഴിമതി നടപ്പില്‍വരുത്തുന്നത് തടയുകയുമായിരുന്നില്ലേ വേണ്ടത്? അത് ചെയ്യേണ്ട എന്ന് ആന്റണിക്ക് തോന്നിയതെന്തുകൊണ്ടാണ്? രേഖാമൂലം പരാതി ലഭിക്കാതിരുന്നതുകൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ഇന്നുപറയുന്ന ആന്റണി രേഖാമൂലം പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണോ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരും ഒന്നും ഇപ്പോഴും എഴുതിക്കൊടുത്തിട്ടില്ലല്ലോ. കരസേനാമേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഴിമതിക്കാര്യം പറയുകയും ഇന്ത്യന്‍ മാധ്യമങ്ങളാകെ അത് ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ നിവൃത്തിയില്ലാതെ അന്വേഷണത്തിനുത്തരവിട്ടു എന്നതല്ലേ സത്യം. കരസേനാമേധാവി ആദ്യഘട്ടത്തില്‍ത്തന്നെ അഴിമതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൗനത്തിലൂടെ അത് മൂടിവയ്ക്കാന്‍ നോക്കി. അഴിമതി ദേശീയവാര്‍ത്തയായി വന്നപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതല്ലേ സത്യം?
 • അഴിമതി കണ്ടാലത് അധികൃത ശ്രദ്ധയില്‍പ്പെടുത്താനും തടയാനും സാധാരണപൗരനുപോലും കടമയുണ്ട്. അത് ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ഇല്ലെന്നാണോ? നടപടിയുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് കരസേനാമേധാവി പറഞ്ഞതനുസരിച്ചാണ് തുടര്‍നടപടി ഉണ്ടാകാതിരുന്നത് എന്ന് ആന്റണി പറയുന്നു. ഇങ്ങനെ ഒരു കോഴവാഗ്ദാനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശ്രദ്ധയില്‍പ്പെടുത്തിയ ആളുടെ അനുമതി വേണോ നടപടിയെടുക്കാന്‍? ആന്റണിയുടെ ന്യായവാദങ്ങളൊന്നും സാമാന്യബുദ്ധിക്കുമുമ്പില്‍പ്പോലും വിലപ്പോകുന്നതല്ല. ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ "ഞാന്‍ തെറ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാം" എന്നൊക്കെ വൈകാരികഭാവത്തോടെ പറഞ്ഞ് വിനയാന്വിതനായി ഭാവിക്കുന്നത് സഭയില്‍ ഉണ്ടാകുന്ന വിമര്‍ശങ്ങളുടെ രൂക്ഷത കുറച്ചെടുക്കാനുള്ള മനഃശാസ്ത്രവിദ്യയാണ്; സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണ്; രക്ഷപ്പെടാനുള്ള മാര്‍ഗമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയിലാകെ കോണ്‍ഗ്രസ് ഒഴുക്കുന്ന ശതകോടികളുടെ മുഖ്യവരുമാന സ്രോതസ്സ് പ്രതിരോധകരാറുകളാണെന്നത് അറിയാത്തവരില്ല. ബൊഫോഴ്സ് ഇടപാടിലെ പ്രതികളായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്റോച്ചി മുതല്‍ വിന്‍ഛദ്ദവരെയുള്ളവരെ രക്ഷപ്പെടുത്തിവിടുന്നതില്‍ കോണ്‍ഗ്രസ് ഭരണം കാട്ടിയ കള്ളക്കളികളും ജനങ്ങള്‍ക്കാകെ അറിവുള്ളതാണ്.
 • ആയുധ ദല്ലാളന്മാരുടെ നിത്യസന്ദര്‍ശനമാണ് എഐസിസി ഓഫീസുമുതല്‍ സോണിയ ഗാന്ധിയുടെ വസതിവരെയുള്ളിടങ്ങളില്‍ നടക്കുന്നത്. ആയുധ ദല്ലാളായ വിന്‍ഛദ്ദയും ക്വട്റോച്ചിയുമൊക്കെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നതും ക്വട്റോച്ചി സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തുതന്നെയായിരുന്നുവെന്നതും ഒന്നും ആരും മറക്കുന്നില്ല. ഹിന്ദുജമുതല്‍ വിന്‍ഛദ്ദവരെയുള്ളവരുടെ നിക്ഷേപങ്ങള്‍ക്കുമേലുണ്ടായിരുന്ന മരവിപ്പിക്കല്‍ നടപടി നീക്കിക്കൊടുത്തതും ക്വട്റോച്ചിക്ക് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാനുള്ള സന്ദര്‍ഭം ഒരുക്കിക്കൊടുത്തതുമെല്ലാം ഭരണരാഷ്ട്രീയത്തിന്റെ കൈകളാണെന്നത് ജനങ്ങള്‍ കണ്ടതാണ്. താന്‍ ശുദ്ധനാണെന്ന് ആന്റണി രാജ്യസഭയില്‍ പറഞ്ഞു. ഇത് മുഖവിലയ്ക്കെടുത്താല്‍ത്തന്നെയും ആന്റണി മറ്റൊരു ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാകുന്നു. ശുദ്ധനാണെങ്കില്‍ ആന്റണിയുടെ കൈകള്‍ ആരാണ് കെട്ടിവച്ചിരുന്നത്? വ്യക്തിപരമായി അഴിമതി നടത്താത്തയാള്‍ എന്ന പ്രതീതിയുടെ അടിസ്ഥാനത്തില്‍ പ്രതിഛായ തീര്‍ത്ത് പൂമുഖത്തുവച്ചിട്ട് പിന്നാമ്പുറത്തുകൂടി വന്‍ കൊള്ളകള്‍ നടത്തുകയാണോ ചിലര്‍? ഇമേജിനോടും അധികാരസ്ഥാനത്തിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത ആസക്തികൊണ്ട് എല്ലാം കണ്ടില്ലെന്നു നടിക്കുകയും നിഷ്ക്രിയത്വത്തിലൂടെ അഴിമതിക്ക് അരങ്ങൊരുക്കിക്കൊടുക്കുകയുമാണോ ആന്റണി ചെയ്യുന്നത്?
 • അതിന് മറുപടി പറയാന്‍ പ്രതിരോധമന്ത്രി എന്ന നിലയ്ക്ക് ആന്റണി ബാധ്യസ്ഥനാണ്. ഊമക്കത്തുകളുടെയും അജ്ഞാതസന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍പ്പോലും നടപടിയെടുത്തിട്ടുള്ളയാളാണ് താന്‍ എന്ന് ഇതേ എ കെ ആന്റണിതന്നെ ഇതേ സഭയില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആന്റണിക്ക് കരസേനാധിപന്‍ വന്ന് നേരിട്ടുപറഞ്ഞിട്ടും കോഴ ഇടപാടുള്‍പ്പെട്ട കരാര്‍ റദ്ദാക്കണമെന്ന് തോന്നിയില്ല. കോഴവാഗ്ദാനം ചെയ്തയാളെ അറസ്റ്റ് ചെയ്യിക്കണമെന്ന് തോന്നിയില്ല. എന്തുകൊണ്ട് ഈ മാറ്റം എന്നത് ആന്റണി വിശദീകരിക്കേണ്ടതുണ്ട്. നിലവാരമില്ലാത്ത 600 ടാട്രാ ട്രക്കുകള്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. അതിര്‍ത്തിയില്‍ യുദ്ധഘട്ടങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് യാത്രചെയ്യാനുള്ള വാഹനങ്ങളാണിവ. കൊള്ളില്ലാത്ത വാഹനങ്ങളില്‍ നമ്മുടെ ധീരജവാന്മാരെ അതിര്‍ത്തിയിലെ മലമടക്കുകളിലൂടെ ശത്രുവിന്റെ പോര്‍മുഖങ്ങളിലേക്ക് അയക്കാന്‍ ആന്റണിക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ലേ? ഇന്ത്യന്‍ ജനതയോട് ആന്റണി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്. ഇത്തരം ഉത്തരങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പകരമാകില്ല ആന്റണി രാജ്യസഭയില്‍ കാട്ടിയ നിസ്സഹായമായ ദീനവിലാപപ്രകടനം. പ്രതിരോധമന്ത്രിയില്‍നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് ദീനവിലാപങ്ങളല്ല.

Tuesday, March 27, 2012

പത്ര ഉടമകള്‍ സംഘടന ഉണ്ടാക്കുന്നതും , വിലപേശുന്നതും നിയമപരമോ?


 • പത്ര ഏജെന്റുമാര്‍ കഴിഞ്ഞ കുറെ നാളുകളായി പത്ര ഉടമകള്‍ക്ക് എതിരായി തങ്ങള്‍ക്കു ലഭിക്കുന്ന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചു സമരത്തില്‍ ആണ്. പത്ര ഏജെന്റുമാര്‍ സംഘടിക്കുന്നതും ,തങ്ങളുടെ ആവശ്യം നേടി എടുക്കുന്നതിനു പണിമുടക്കുന്നതും രാജ്യ ദ്രോഹമാണ് എന്ന് പത്ര മുതലാളിമാരുടെ സംഘടന സംഘടിതമായി പ്രചരണം നടത്തുന്നുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം സമരക്കാര്‍ ഹനിക്കുന്നു.എന്നതാണ്  ഉടമകളുടെ പ്രചരണം.
 • സ്വകാര്യ മൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന നമ്മുടെ രാജ്യത്തെ കുത്തക പത്രങ്ങള്‍ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാ വാര്‍ത്തകളും തങ്ങളുടെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന് ആത്മ  പരിശോധന നടത്തുന്നത് നന്ന്. ഈ കുറിപ്പ് എഴുതുന്നത്‌  ഒരു പത്ര ഏജെന്റു അല്ല എന്നത് വ്യക്തമാക്കട്ടെ. 
 • പന്തല്ലൂര്‍ ക്ഷേത്ര ഭൂമി മനോരമ കുടുംബം കവര്‍ന്നെടുത്ത വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞത്  മനോരമ പത്രത്തില്‍ കൂടി ആയിരുന്നില്ല. ഇന്റെര്‍ഗ്രേറ്റ് ഫിനാന്‍സ് എന്ന മനോരമ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചു കോടികള്‍ കവര്‍ന്നെടുത്ത വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞതും മനോരമയില്‍ കൂടി ആയിരുന്നില്ല.മാതൃഭൂമി പത്ര ഉടമ വയനാട്ടില്‍ ആദിവാസികളെ വഞ്ചിച്ചു സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യടക്കി,ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞത് മാതൃഭൂമി പത്രത്തില്‍ കൂടി ആയിരുന്നില്ല.തങ്ങളുടെ മൂലധന താല്പര്യങ്ങള്‍ക്ക് ഇണങ്ങാത്ത വാര്‍ത്തകള്‍ തമസ്കരിച്ചു ജനങ്ങളില്‍ നിന്നും നിരന്തരമായി മറച്ചു വെച്ച് ജനവഞ്ചന നടത്തികൊണ്ടിരിക്കുന്ന കുത്തക പത്രങ്ങളുടെ " അറിയാനുള്ള അവകാശത്തിനു " വേണ്ടിയുള്ള പുതിയ വാദങ്ങള്‍ വിലപ്പോവില്ല.
 • പത്ര ഏജെന്റുമാര്‍ തൊഴിലാളികള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടാത്തവര്‍ ആണെന്നതിനാല്‍ ,ട്രേഡ് യൂണിയന്‍ എന്നനിലയില്‍ സംഘടിക്കുന്നതും,വിലപേശുന്നതും നിയമവിരുദ്ധം ആണെന്നതാണ് പത്ര ഉടമകള്‍ ഉന്നയിക്കുന്ന അടുത്ത ആക്ഷേപം .ഈ ആക്ഷേപം മുഖവിലക്കെടുത്തു കൊണ്ട് സര്‍ക്കാര്‍ ഈ തര്‍ക്കത്തില്‍ തങ്ങള്‍ക്കു ഇടപെടാന്‍ കഴിയില്ല എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.
 • പത്ര ഉടമകള്‍ സംഘടിക്കുന്നതും, ന്യൂസ്‌ പ്രിന്റ്‌ വില ഉള്‍പ്പെടെ ഉള്ള പ്രശ്നങ്ങളില്‍ സര്‍ക്കാരിനോട് വിലപേശുന്നതും ഏതു നിയമത്തിന്റെ പിന്‍ബലത്തില്‍ ആണ് എന്നത് പത്ര ഉടമകള്‍ വ്യക്തമാക്കുമോ.? വ്യാപാരി-വ്യവസായികള്‍,റേഷന്‍  വ്യാപാരികള്‍, പെട്രോള്‍ വ്യാപാരികള്‍,ടാങ്കര്‍ ലോറി ഉടമകള്‍ , വ്യവസായികള്‍ ,ആശുപത്രി- വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍,സ്വകാര്യ ബസുടമകള്‍, തുടങ്ങിയവര്‍ സംഘടനകള്‍ ഉണ്ടാക്കുന്നതും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ , ജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ അവകാശപ്പെട്ട   സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ നിഷേധിക്കുന്നതും ഏതു നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ? ഇവര്‍ മുന്‍പ് നടത്തിട്ടുള്ള സമരങ്ങളില്‍ ഇടപെട്ടു ബന്ധപ്പെട്ട കക്ഷികളെ വിളിച്ചു ചര്‍ച്ച ചെയ്തു പ്രശ്നങ്ങള്‍ പരിഹരിക്കാറുള്ള സര്‍ക്കാര്‍ പത്ര ഏജെന്റുമാര്‍ നടത്തുന്ന സമരത്തില്‍ കാര്യക്ഷമമായി ഇടപെടാതെ പുലര്‍ത്തുന്ന നിസംഗത തികഞ്ഞ ഉത്തരവാദിത്തരാഹിത്യം ആണ്.
 • നാളിതുവരെ അസംഘടിതരായിരുന്ന പത്ര ഏജെന്റുമാര്‍ സംഘടിക്കുന്നതും , തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് കൂട്ടായ തീരുമാനം എടുക്കുന്നതും, കൂട്ടായി വിലപേശുന്നതും നിയമവിരുദ്ധമാണെങ്കില്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിതിക്ക് ഗുരുതരമായ രോഗം ബാധിച്ചിട്ടുണ്ട് എന്ന് കരുതേണ്ടി വരും.
 • ജനാധിപത്യത്തിന്റെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും,വ്യക്തികളും, അറിഞ്ഞോ ,അറിയാതെയോ പത്ര ഉടമകളുടെ  കുപ്രചരണങ്ങള്‍ക്ക് കീഴ്പ്പെടുന്നു എന്നത് ഏറെ ആശങ്ക ഉളവാക്കുന്നു.      

ട്രക്ക് കോഴ : ഉത്തരമില്ലാതെ ആന്റണി
ന്യൂഡല്‍ഹി: കരസേനയ്ക്ക് നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപയുടെ കോഴ വാഗ്ദാനം അറിഞ്ഞിട്ടും ബോധപൂര്‍വം നടപടി ഒഴിവാക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി സമ്മതിച്ചു. കോഴയുടെ കാര്യം കരസേനാ മേധാവി ജനറല്‍ വി കെ സിങ് തന്നെ നേരില്‍കണ്ട് അറിയിച്ചിരുന്നതായും പാര്‍ലമെന്റില്‍ ആന്റണി സമ്മതിച്ചു.

കരസേനാ മേധാവി നേരില്‍ കണ്ട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്നതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. രേഖാമൂലം പരാതി ലഭിച്ചില്ല എന്ന ന്യായമാണ് ആന്റണി ഉയര്‍ത്തുന്നത്. എന്നാല്‍ ഗൗരവം പരിഗണിക്കുമ്പോള്‍ രേഖാമൂലം പരാതി നല്‍കാന്‍ ആന്റണിക്ക് ആവശ്യപ്പെടാമായിരുന്നു. ഇതിന് ജനറല്‍ സിങ് തയ്യാറായില്ലെങ്കില്‍ അക്കാര്യംകൂടി ചൂണ്ടിക്കാട്ടി സമഗ്രഅന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം പ്രതിരോധമന്ത്രിക്കുണ്ട്. കോഴയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മൗനം പാലിച്ച ആന്റണി സൈന്യത്തിലെ വന്‍ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. പാര്‍ലമെന്റില്‍ വൈകാരികമായി സംസാരിച്ച് തന്റെ ഭാഗം ന്യായീകരിക്കാനാണ് ആന്റണി ശ്രമിച്ചത്.

രാജ്യസഭയുടെ ശൂന്യവേളയിലാണ് ആന്റണി പ്രതികരിച്ചത്. ഒരു വര്‍ഷത്തിന് അപ്പുറമാണ് സംഭവം നടന്നതെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് തന്റെ ഓര്‍മ. സേനാമേധാവി ഒരു ദിവസം വസതിയിലെത്തി കണ്ടു. അടുത്ത് വിരമിച്ച ലെഫ്. ജനറല്‍ തേജീന്ദര്‍ സിങ് എന്നയാള്‍ നേരില്‍ വന്നുകണ്ടുവെന്നും 14 കോടി കോഴ വാഗ്ദാനം ചെയ്തുവെന്നുമാണ് ജനറല്‍ സിങ് അറിയിച്ചത്. ഈ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി. തലയില്‍ കൈവച്ച്നിന്നു. ഒന്നുരണ്ട് മിനിറ്റ് കഴിഞ്ഞാണ് ഞെട്ടലില്‍നിന്ന് മുക്തനായത്. നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, വിഷയവുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. എന്തുകൊണ്ടാണ് കരസേനാ മേധാവി അപ്പോള്‍ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ല. എത്ര ഉന്നതരായാലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. തന്റെ മനഃസാക്ഷിക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. തെറ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷിക്കാം. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്. പണ്ടൊക്കെ അജ്ഞാതപരാതികളില്‍പോലും അന്വേഷണം നിര്‍ദേശിക്കുമായിരുന്നു. പൊതുജീവിതത്തില്‍ സത്യസന്ധതയ്ക്കു വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് താന്‍. എക്കാലവും അഴിമതിക്കെതിരെയാണ് പൊരുതിയിട്ടുള്ളത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചിട്ടുമുണ്ട്- ആന്റണി പറഞ്ഞു.

കരസേനാ മേധാവി നേരിട്ട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രതിരോധമന്ത്രി നടപടി സ്വീകരിക്കാതിരുന്നതെന്ന ചോദ്യം പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തി. അഴിമതിക്കൊപ്പം ജീവിക്കാന്‍ മന്ത്രിമാര്‍ പഠിച്ചുകൊണ്ടിരിക്കയാണെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. തുടര്‍ച്ചയായി വിവാദങ്ങള്‍ ഉയരുന്നത് സൈന്യത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കും. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ജെയ്്്റ്റ്ലി പറഞ്ഞു. കരസേനാ മേധാവി നേരിട്ട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് സിപിഐ എം എംപി ടി കെ രംഗരാജന്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് അപ്പോള്‍തന്നെ നിര്‍ദേശിക്കാമായിരുന്നു. എന്നാല്‍,മന്ത്രി അഴിമതി കണ്ടില്ലെന്ന് നടിച്ചു. ഇത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. കോഴ വാഗ്ദാനം ചെയ്ത വ്യക്തിയെ അപ്പോള്‍തന്നെ അറസ്റ്റുചെയ്യാന്‍ അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാതിരുന്ന കരസേനാ മേധാവിയും തെറ്റുകാരനാണ്. വന്‍ അഴിമതിയാണ് സൈന്യത്തില്‍ നടക്കുന്നത്- രംഗരാജന്‍ പറഞ്ഞു.
 

ആന്റണിക്ക്‌ ടട്ര ഇടപാടിനെക്കുറിച്ച്‌ അറിയാമായിരുന്നു?

ന്യൂഡല്‍ഹി: ടട്ര-ഭാരത്‌ എര്‍ത്ത്‌ മൂവേഴ്‌സ് ലിമിറ്റഡ്‌ (ബിഇഎംഎല്‍) ഇടപാടിനെ കുറിച്ച്‌ പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും അയച്ച കത്തിന്റെ പകര്‍പ്പ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം പ്രതിരോധമന്ത്രി എ കെ ആന്റണിക്കും അയച്ചിരുന്നു എന്ന്‌ കര്‍ണാടക നേതാവ്‌ ഡി. ഹനുമന്തപ്പ.

2009 ല്‍ ആയിരുന്നു ടട്ര ഇടപാടിലെ അഴിമതിയെ കുറിച്ച്‌ ഹനുമന്തപ്പ കത്തെഴുതിയത്‌. സോണിയക്ക്‌ ലഭിച്ച കത്താണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും ആരോഗ്യ മന്ത്രിയുമായ ഗുലാംനബി ആസാദിന്‌ അയച്ചുകൊടുത്തത്‌. രാജ്യത്തെ സൈനിക വിഭാഗങ്ങളെ ശക്‌തിപ്പെടുത്തുന്നതിനും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുമാണ്‌ താന്‍ ശ്രമിച്ചത്‌ എന്നും ഹനുമന്തപ്പ വെളിപ്പെടുത്തുന്നു. ടട്ര ഇടപാടിനായി തനിക്ക്‌ 14 കോടിയുടെ വാഗ്‌ദാനം ലഭിച്ചു എന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിനുശേഷം ഇക്കാര്യത്തില്‍ ആസാദ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ കത്തെഴുതിയിരുന്നു എന്ന വിവരവും പുറത്തുവന്നത്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്‌ത്തിയിരുന്നു. അതേസമയം, പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്‌.
E-mail to a friend

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം ! കുംഭ കര്‍ണ്ണനെപ്പോലെ ഉറങ്ങിയ എ കെ ആന്റണി !

 • ഉപയോഗിക്കാന്‍ ഗുണമില്ലാത്ത വാഹനം ഇന്ത്യന്‍ പട്ടാളത്തിന് വാങ്ങിയാല്‍ 14 കോടിരൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ നേരിട്ടുവന്ന് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കരസേനാ മേധാവിതന്നെയാണ്. സൈന്യത്തെക്കൊണ്ട് നിലവാരമില്ലാത്ത വാഹനവും ആയുധവും വാങ്ങിപ്പിക്കുക എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്. ശത്രുവിനുമുന്നില്‍ പരാജയപ്പെടാനാണ് അതിടയാക്കുക. അത് തികഞ്ഞ രാജ്യദ്രോഹമാണ്. അങ്ങനെയൊരു രാജ്യദ്രോഹക്കുറ്റംചെയ്യാന്‍ കരസേനാമേധാവിയെ പ്രേരിപ്പിച്ച കാര്യം അദ്ദേഹം പ്രതിരോധമന്ത്രിയെയാണ് അറിയിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ആരും ഇങ്ങനെയൊരു വിവരം കേട്ടാല്‍ പ്രതികരിക്കും. ഒരാള്‍ കൈക്കൂലിയുമായി സമീപിച്ചു എന്നുമാത്രമല്ല, മുമ്പ് ഇത്തരം അഴിമതി നടന്നിട്ടുണ്ടെന്നും ഇനിയും നടക്കുമെന്നും കൂടിയാണ് ജനറല്‍ വി കെ സിങ് പറഞ്ഞത്.
 • കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമായ നാട്ടില്‍ 14 കോടിയുമായി പട്ടാളത്തലവന്റെയടുത്തേക്കു ചെന്ന ഇടനിലക്കാരന്‍ മാന്യനായി ഇന്നും നടക്കുന്നു. സഹികെട്ട് കരസേനാമേധാവി പരസ്യപ്പെടുത്താന്‍ തയ്യാറായപ്പോള്‍മാത്രമാണ് കാര്യം ജനം അറിയുന്നത്. ഇത്രയും കൊടിയ ഒരഴിമതിയുടെ വിവരംകേട്ട് മൗനംദീക്ഷിച്ച പ്രതിരോധമന്ത്രിയും ആ കസേരയില്‍ത്തന്നെ തുടരുന്നു. ഇന്ത്യയില്‍ അഴിമതിരാജ് ആണെന്ന് വിമര്‍ശം വന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചയാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്താണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പറയാനുള്ളത്? പാര്‍ലമന്റിന്റെ ഇരുസഭകളിലും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ, പ്രതിരോധമന്ത്രിക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ല എന്നുമാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ സ്ഥാപിച്ചു.
 • യുക്തിഭദ്രമായ മറുപടി സര്‍ക്കാരില്‍നിന്നുണ്ടായില്ല. കരസേനാ മേധാവി നേരില്‍ അറിയിച്ചിട്ടും പ്രതികരിക്കാതെ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ യുക്തി പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് വിശദീകരിക്കേണ്ടത്. നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങുന്നതിനുള്ള കരാര്‍ പാസാക്കാനാണ് 14 കോടി വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ കരസേന ഇതേ കമ്പനിയുടെ ഏഴായിരം വാഹനം ഉപയോഗിക്കുന്നുണ്ട്. എല്ലാം ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങിയത്. അതില്‍ എത്രകോടിയുടെ അഴിമതി നടന്നിട്ടുണ്ടാകും? പഞ്ചസാര കുംഭകോണം എന്ന് കേട്ടയുടന്‍ രാജിക്കത്തുമായി പ്രധാനമന്ത്രിയുടെ അടുത്തെത്തിയ പാരമ്പര്യമുള്ളയാളാണ് എ കെ ആന്റണി. എന്തുകൊണ്ട് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണേന്ദ്രിയങ്ങള്‍ നിശ്ചേതനമായി? ഹിമാലയന്‍ അഴിമതികള്‍ക്കുമുന്നില്‍ മൗനിയായിരിക്കുന്ന മന്ത്രിയാണ് ഇന്ന് ആന്റണി. അദ്ദേഹത്തിന്റെ ആദര്‍ശപ്പൊയ്മുഖം അഴിമതിക്കൂടാരത്തില്‍ പൂഴ്ത്തിവച്ചിരിക്കുന്നു.
 • യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ പ്രതിരോധ ഇടപാടുകളിലെ വന്‍ അഴിമതികളിലാണ്. തെരഞ്ഞെടുപ്പില്‍ ഒഴുക്കാനും ജനാധിപത്യത്തെ വിലയ്ക്കെടുക്കാനും വിദേശ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകള്‍ കൊഴുപ്പിക്കാനും പണം വരുന്നതിന്റെ പ്രധാന വഴി പ്രതിരോധക്കരാറുകളാണ്. ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. കരാര്‍തുകയുടെ ആറു ശതമാനം ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കി. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി പണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണംവന്നത്. ഈ കരാറിലൂടെ 450 കോടി രൂപ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ്. ഇന്നുവരെ ആ ആരോപണം വിശ്വസനീയമായി നിഷേധിക്കപ്പെട്ടിട്ടില്ല.
 • 1948ലെ ജീപ്പ് കുംഭകോണംമുതല്‍ എ ബി വാജ്പേയിയുടെ കാലത്തെ ശവപ്പെട്ടി കുംഭകോണമടക്കം സൈനികാവശ്യങ്ങള്‍ക്കുവേണ്ടി എന്തു വാങ്ങുന്നതിലും അഴിമതി എന്ന പതിവ് തുടര്‍ന്നുപോരുകയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടെന്‍ഡര്‍ വിളിക്കാതെയാണ് പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കുന്നത്. ഇന്ത്യയുടെ സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം ഓരോവര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിനുവേണ്ടി മൊട്ടുസൂചിമുതല്‍ മുങ്ങിക്കപ്പല്‍വരെ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നത് പരസ്യമാണിന്ന്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകരാതിരിക്കാനുള്ള പ്രധാന ഉപാധി ആയുധക്കച്ചവടമാണ്. യുദ്ധവ്യവസായം വളര്‍ത്താന്‍ അവര്‍ അസ്വസ്ഥതകളും സംഘര്‍ഷവും അനാവശ്യ ഭീതിയും സൃഷ്ടിക്കുന്നു. ഇന്ത്യക്ക് ചൈന ഭീഷണിയാണെന്ന പ്രചാരണംപോലും അത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
 • സാധാരണ നിലയില്‍ നടക്കാത്ത ആയുധക്കച്ചവടം ഭരണകക്ഷിയെയും സൈനിക നേതൃത്വത്തെയും കോഴയില്‍ മൂടിയാല്‍ നടക്കുമെന്ന് തിരിച്ചറിയുന്ന വന്‍കിട ഉല്‍പ്പാദകര്‍ ദല്ലാള്‍മാരെ അയക്കുകയാണ്. താങ്കള്‍ വാങ്ങിയില്ലെങ്കില്‍ താങ്കള്‍ക്കുശേഷം വരുന്നവര്‍ വാങ്ങും എന്ന് പട്ടാളത്തലവനോട് പറയാന്‍ ഇടനിലക്കാരന്‍ ചങ്കൂറ്റം കാട്ടണമെങ്കില്‍ അഴിമതിയുടെ വേര് എത്രത്തോളം ആഴ്ന്നിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ അനുഭവം ജനറല്‍ വി കെ സിങ്ങിനെ അത്ഭുതപ്പെടുത്തിയിട്ടും ആന്റണിയില്‍ ചലനം സൃഷ്ടിച്ചില്ലെങ്കില്‍ അഴിമതിയുടെ രക്ഷാമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നേ ഉറപ്പിക്കാനാകൂ. യുപിഎ സര്‍ക്കാരിന്റെ അഴിമതിത്തൊപ്പിയില്‍ വലിയൊരു തൂവല്‍കൂടി പ്രതിരോധവകുപ്പ് അണിയിച്ചുകൊടുത്തിരിക്കുന്നു. അതിര്‍ത്തിയില്‍ മഞ്ഞിനെയും മരണത്തെയും കൂട്ടിരുത്തി നരകിക്കുന്ന നമ്മുടെ സൈനികരെ പണയംവച്ച് പണം വാരിക്കൂട്ടുന്നവര്‍ ദയ അര്‍ഹിക്കുന്നില്ല. അവരെ വിചാരണചെയ്ത് ശിക്ഷിക്കാനുള്ളതാകണം ജനങ്ങളുടെ അപ്രതിരോധ്യമായ മുന്നേറ്റം.

Monday, March 26, 2012

നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി വാഗ്ദാനം ചെയ്തു !എ കെ ആന്റണിയും സംശയത്തിന്റെ കരിനിഴലില്‍ !


നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി വാഗ്ദാനം ചെയ്തു
ന്യൂദല്‍ഹി: സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് കൂട്ടുനില്‍ക്കുകയാണെങ്കില്‍ 14 കോടി രൂപ നല്‍കാമെന്ന് കമ്പനിയുടെ എക്യുപ്മെന്‍റ് ലോബി തനിക്ക് വാഗ്ദാനം നല്‍കിയതായി കരസേനാ മേധാവി ജനറല്‍ വി.കെ സിങ്. ആറുമാസം മുമ്പാണ് സംഭവം നടന്നതെന്നും ഉടന്‍ തന്നെ ഇക്കാര്യം പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചതായും സിങ് പറഞ്ഞു. ഇംഗ്ളീഷ് ദിനപത്രമായ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സിങ് അഴിമതി വാഗ്ദാനം വെളിപ്പെടുത്തിയത്.
നിലവാരം കുറഞ്ഞ 600  വാഹനങ്ങള്‍ വാങ്ങുന്നതിനായാണ് കമ്പനിക്ക് വേണ്ടി ഇടനിലക്കാരന്‍  കോഴ വാഗ്ദാനം ചെയ്തത്. നിലവില്‍ സൈന്യം ഉപയോഗിക്കുന്ന 7,000 ത്തോളം വാഹനങ്ങള്‍ നേരത്തെ ഈ രീതിയില്‍ കനത്ത വിലക്ക് വാങ്ങിയതാണത്രെ. ഇതെ കുറിച്ച് ആരെങ്കിലും ഇതെവരെ  അന്വേഷിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് സിങ് വ്യക്തമാക്കി.  വാഹനങ്ങളുടെ കൃത്യമായ അറ്റക്കുറ്റപണികള്‍ക്കും വില്‍ക്കല്‍ വാങ്ങലുകള്‍ക്കും സൈന്യത്തില്‍ വ്യവസ്ഥാപിതമായ സംവിധാനം നേരത്തെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കമ്പനിയുടെ ഇടനിലക്കാരന്‍ എന്നെ നേരിട്ട് സമീപിച്ച് കോഴ നല്‍കാമെന്ന് പറയുകയായിരുന്നു. അടുത്തിടെ സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ഈ ഇടനിലക്കാരന്‍. സൈന്യത്തിന്‍െറ അധിപനോട് ഒരാള്‍ നേരിട്ട് കോഴ വാഗ്ദാനം ചെയ്യുക എന്നത് അല്‍ഭുതം തന്നെയാണ്. എനിക്ക് മുമ്പുള്ളവര്‍ ഈ രീതിയില്‍ പണം വാങ്ങിയിട്ടുണ്ടെന്നും എനിക്ക് ശേഷമുള്ളവരും വാങ്ങുമെന്നും അയാള്‍ പറഞ്ഞു’. സംഭവം തന്നെ ഏറെ ഞെട്ടിച്ചെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

 1. Defence Minister A.K. Antony arrives at Parliament House on Monday. Photo: V.V. Krishnan
   പ്രതിരോധ മന്ത്രി എ കെ ആന്റണി ജനങ്ങളോട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.  

    
                                         ആറുമാസം മുന്‍പ് വി. കെ .സിംഗ് ഈ അഴിമതി വാര്‍ത്ത അങ്ങയെ അറിയിച്ചിരുന്നോ? 
 •  അറിയിച്ചിരുന്നു എങ്കില്‍ അങ്ങ് എന്തുകൊണ്ട് ഈ അഴിമതി വാര്‍ത്ത ജനങ്ങളില്‍ നിന്നും മറച്ചു വച്ചു ?
 •  ഈ ഞെട്ടിക്കുന്ന അഴിമതി സംബന്ധിച്ച് അങ്ങ് എന്തു കൊണ്ട് സി ബി ഐ അന്വേഷണത്തിന് അന്നു നടപടി സ്വീകരിച്ചില്ല?
 •  രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതി സംബന്ധിച്ച് അങ്ങക്ക്‌ ലഭിച്ച വിവരം തൊട്ടടുത്തു കൂടിയ കാബിനെറ്റ്‌  യോഗത്തില്‍ അങ്ങ് റിപ്പോര്‍ട്ട് ചെയ്തിരുന്നോ ?
 •  റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എങ്കില്‍ കുറ്റവാളികള്‍ക്ക് എതിരായി തക്ക സമയത്ത് നടപടി സ്വീകരിക്കാതെ കുറ്റവാളികളെ രക്ഷപെടാന്‍ അങ്ങ് അനുവദിച്ചു എന്ന് കരുതേണ്ടി വരില്ലേ ? അതല്ലെങ്കില്‍ ആദര്‍ശ് , കോമണ്‍ വെല്‍ത്ത് , 2ജി സ്പെക്ട്രം അഴിമതികള്‍ക്കു പുറമേ മറ്റൊരു പൊല്ലാപ്പ് കൂടി താനായിട്ട് സര്‍ക്കാരിനു വരുത്തി വയ്ക്കേണ്ടതില്ല എന്ന് അങ്ങ് കരുതിയോ ?
 •  കാബിനെറ്റ്‌  യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു എങ്കില്‍ ഇത് സംബന്ധിച്ചു എന്തു തീരുമാനം ആയിരുന്നു മന്ത്രിസഭാ യോഗം എടുത്തത് ?
 • ഈ അഴിമതി സംബന്ധിച്ച വിവരം അങ്ങ് അങ്ങയുടെ പാര്‍ട്ടി പ്രസിഡണ്ട്‌ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവോ ?
 •  അറിയിച്ചിരുന്നു എങ്കില്‍ ഇത് സംബന്ധിച്ചു യാതൊരു അന്വേഷണവും നടത്തേണ്ടതില്ല എന്ന രാഷ്ട്രീയ തീരുമാനം അങ്ങയുടെ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായോ ?
 •  ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് അഴിമതി ചെയ്യുന്നവര്‍ മാത്രമല്ല ,അഴിമതി മറച്ചു വച്ചു അഴിമതിക്കാരെ സഹായിക്കുന്നതും , ഗുരുതരമായ ക്രിമിനല്‍ കുറ്റം ആണെന്നത് ഒരു അഭിഭാഷകന്‍ കൂടി ആയ അങ്ങ് എന്ത് കൊണ്ട്  മനസ്സിലാക്കിയില്ല ?
 •  സി ബി ഐ അന്വേഷണത്തിന്റെ പരിധിയില്‍  അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള വീഴ്ചകളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ? 
 •  ഹിന്ദു ദിനപ്പത്രം കരസേന മേധാവിയും ആയി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചില്ലായിരുന്നു എങ്കില്‍ രാജ്യത്തെ ഞെട്ടിക്കുന്ന ഈ അഴിമതി തമസ്കരിക്കപ്പെടും എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ പരാജയമല്ലേ ? 
 • മുന്‍പ് അങ്ങ് കേന്ദ്ര ഭക്ഷ്യ മന്ത്രി ആയിരുന്ന കാലത്ത് പഞ്ചസാര കുംഭകോണം സംബന്ധിച്ച് അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ,അങ്ങക്ക്‌ അക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലാതിരിക്കെ ,ആരും ആവശ്യപ്പെടാതെ തന്നെ രാജിവച്ചു കാണിച്ച മാതൃക , ഇപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ എന്തെ അങ്ങ് പുലര്‍ത്താത്തത്  ?
 •  ഈ ചോദ്യങ്ങള്‍ ഓരോ ഭാരതീയനും അങ്ങയോടു ചോദിച്ചു കൊണ്ടേയിരിക്കും.ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അങ്ങ് മൌനി ബാബാ ആയി ഇരുന്നാല്‍ അങ്ങ് നാളിതു വരെ ധരിച്ചു കൊണ്ടിരിക്കുന്ന "സംശുദ്ധ രാഷ്ട്രീയ മേലങ്കി "ഏറെ വികൃതം ആകും .