Monday, May 14, 2012

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ കമ്പനികള്‍ കുരുക്കില്‍



കോഴിക്കോട്: തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. സൗന്ദര്യവര്‍ധക, കേശ സംരക്ഷണ നിര്‍മാതാക്കളില്‍ പ്രമുഖരായ ഇന്ദുലേഖ, ധാത്രി, വണ്ണം കുറക്കുന്നതിനായി മരുന്നിറക്കിയ ശ്രീധരീയം എന്നീകമ്പനികളാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്. ഈ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്‍െറ ഭാഗമായി കമ്പനികള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് ഉടനെ നല്‍കുമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ സതീഷ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനവ്യാപകമായി ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശാനുസരണം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് അതത ് ജില്ലകളിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഡ്രഗ്സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുപ്രകാരം ആറുമാസം തടവും പിഴയും ലഭിക്കും. പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നെങ്കിലും അവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കുന്നില്ല.
100 ശതമാനവും ഔധസമ്പുഷ്ടമെന്നും മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം, മുടിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് സംരക്ഷണം നല്‍കും, ചര്‍മസൗന്ദര്യം വര്‍ധിക്കും എന്നെല്ലാമായിരുന്നു കമ്പനികള്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍, ഇവയെല്ലാം അവകാശവാദങ്ങള്‍ മാത്രമായിരുന്നു. ഇതിലെല്ലാം ഉപയോഗിച്ചത് ആയുര്‍വേദവുമായി ബന്ധപ്പെട്ടതാണെങ്കിലും ഇവക്കൊന്നും കമ്പനികള്‍ പറഞ്ഞതുപോലെയുള്ള ഗുണങ്ങളില്ലെന്നാണ് ആരോപണം. പരസ്യത്തില്‍ പറയുന്ന കാര്യങ്ങളൊന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ കമ്പനികള്‍ക്ക്സാധിച്ചിട്ടുമില്ല. വന്‍ വിലയുമാണ് ഈ ഉല്‍പന്നങ്ങള്‍ക്കെല്ലാം ജനങ്ങളില്‍നിന്ന് ഈടാക്കിയത്. 423 രൂപ വരുന്ന ഹെയര്‍ ഓയിലിന് വിതരണക്കാര്‍ക്ക് മാത്രം ലഭിക്കുന്നത് 261 രൂപയാണ്. ഇതില്‍ ഒരു കമ്പനി ചില ഉല്‍പന്നങ്ങള്‍ ലൈസന്‍സ് ഇല്ലാതെയാണ് വിറ്റഴിച്ചത്.
തുടര്‍ച്ചയായി ഉപയോഗിച്ച് പെട്ടെന്ന് ഉപയോഗം നിര്‍ത്തിയവര്‍ക്ക് മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. ഇവര്‍ നിരന്തരം ആരോഗ്യവകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് റെയ്ഡ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. ധാത്രിയുടെ മൂവാറ്റുപുഴയിലെ മൊത്തവിതരണകേന്ദ്രം, ഇന്ദുലേഖയുടെ തലശ്ശേരിയിലെ മൊത്തവിതരണകേന്ദ്രം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ശ്രീധരീയത്തിന്‍െറ മൊത്തവിതരണകേന്ദ്രത്തില്‍ റെയ്ഡ് നടത്താന്‍ സംഘത്തിന് സാധിച്ചില്ല. ഇവരുടെ റീടെയ്ല്‍ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്ദുലേഖാ കംപ്ളീററ് സ്കിന്‍ കെയര്‍ ക്രീം, ഇന്ദുലേഖാ ബ്രിംഗാ കംപ്ളീറ്റ് ഹെയര്‍ കെയര്‍ ഓയില്‍, ധാത്രി ഫെയര്‍ സ്കിന്‍ ക്രീം, ധാത്രി ഹെയര്‍കെയര്‍ ഹെര്‍ബല്‍ ഓയില്‍, ധാത്രി ഹെയര്‍കെയര്‍ കാപ്സ്യൂള്‍സ്, ശ്രീധരിയത്തിന്‍െറ സ്മാര്‍ട്ട്് ലിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഒന്നരക്കോടിയിലധികം രൂപയുടെ ഉല്‍പന്നങ്ങളാണ് കണ്ടുകെട്ടിയത്. കമ്പനികളുടെ ഈ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന്‍െറ ലൈസന്‍സാണ് റദ്ദാക്കുക.

No comments:

Post a Comment