Monday, May 14, 2012

സിപിഐ എമ്മിനെതിരെ വലതുപക്ഷ- മാധ്യമ ഗൂഢാലോചന: പി വത്സല




 ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്പിന്നില്‍ വലതുപക്ഷ-മാധ്യമ ഗൂഢാലോചനയാണെന്ന് പ്രശസ്ത എഴുത്തുകാരിയും സാഹിത്യഅക്കാദമി മുന്‍ അധ്യക്ഷയുമായ പി വത്സല പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊല ക്രൂരവും നിഷ്ഠുരവുമാണെന്നതില്‍ സംശയമില്ല. കേരളത്തിന്റെ പ്രാകൃത സംസ്കാരമാണിത് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയരുന്ന കുപ്രചാരണം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുമ്പ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയതിനു പിന്നില്‍ പൊതുജനവികാരം ചൂഷണം ചെയ്യാമെന്ന ലക്ഷ്യമുണ്ട്. സിപിഐ എമ്മിനുമേല്‍ കുറ്റം ചാര്‍ത്താന്‍ ഉന്നതതലത്തില്‍ ആസൂത്രണം നടന്നിട്ടുണ്ട്. ആദ്യപ്രതികരണം ഡല്‍ഹിയില്‍ നിന്നായതില്‍ നിന്ന് ഇതു വ്യക്തം. അന്വേഷണം തുടങ്ങുംമുമ്പേ മുന്‍വിധിയോടെ യുഡിഎഫും മാധ്യമങ്ങളും പ്രചാരണം ആരംഭിച്ചിരുന്നു. വലതുപക്ഷം മാധ്യമങ്ങളെ കൈയിലെടുത്തതിനാല്‍ വേണ്ടുവോളം സഹായം കിട്ടി.

സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും വലതുപക്ഷത്തിന്റെ കുഴലൂത്തുകാരാവുകയാണ്. ചന്ദ്രശേഖരന്റെ വീട്ടിലെത്തി സിപിഐ എമ്മിന്റെ നേരെ വിമര്‍ശനം ഉന്നയിച്ച മഹാശ്വേതാദേവി ബംഗാളിലെ അക്രമങ്ങളോട് പ്രതികരിക്കാത്തത് ഇതിന്റെ തെളിവാണ്. സിപിഐ എമ്മിനെ കേരളത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ സാംസ്കാരികലോകം പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെ. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതുകൊണ്ടു മാത്രം സാംസ്കാരികപ്രവര്‍ത്തകരുടെ എല്ലാ ബാധ്യതയും പൂര്‍ത്തിയാവുമെന്ന് കരുതുന്നില്ല- അവര്‍ പറഞ്ഞു. കേസിന്റെ പുരോഗതിയിലും ചിലരുടെ ഇടപെടല്‍ വ്യക്തമാണ്. മുഖ്യപ്രതികളെ പിടികൂടാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ഗുണ്ടകളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് പിടികൂടുന്നില്ലെന്നത് സംശയകരമാണ്. അന്വേഷണത്തിന് പൊലീസിന് സൗകര്യം ചെയ്തുകൊടുക്കുന്നില്ല. കൊലയ്ക്ക് പിന്നിലുള്ളവരെ പെട്ടെന്ന് പിടികിട്ടരുതെന്ന താല്‍പര്യമുള്ളത് പോലെയാണിത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ക്രൂരമായ കൊല നടത്തിയവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുത്സിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചാരണം അതിജീവിക്കാനുള്ള ശക്തിയും ജനപിന്തുണയും സിപിഐ എമ്മിനുണ്ട്. സിപിഐ എമ്മിനെ ആ രീതിയില്‍ നയിക്കാന്‍ കഴിവുള്ള നേതാവാണ് പിണറായി വിജയനെന്നും പി വത്സല പറഞ്ഞു.

No comments:

Post a Comment