Monday, April 2, 2012

വിലക്കയറ്റം നടുവൊടിക്കുന്നു


  • കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം സൃഷ്ടിച്ച അതിരൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനങ്ങള്‍. നികുതി നിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ചു. ഇതുമൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ക്ലേശിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഏതു നിമിഷവും നടപ്പാക്കുന്ന പെട്രോള്‍ വിലവര്‍ധന കൂടിയാകുമ്പോള്‍ ജീവിതം അത്യന്തം ദുസ്സഹമാകും.
  • ചുരുക്കം ചില ഭക്ഷ്യസാധനങ്ങള്‍ ഒഴിച്ചാല്‍ മിക്കവാറും നിത്യോപയോഗസാധനങ്ങളുടെയും വിലവര്‍ധിച്ചിരിക്കുകയാണ്. നികുതി നിര്‍ദേശം നടപ്പാക്കുക വഴി സാധനങ്ങള്‍ക്ക് അഞ്ചുശതമാനം വിലവര്‍ധിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഈയൊരു പഴുതുപയോഗിച്ച് സാധനങ്ങള്‍ക്ക് പല കച്ചവടക്കാരും തോന്നുംപടി വിലകൂട്ടുകയാണ്. കേന്ദ്ര ബജറ്റില്‍ എക്സൈസ്- സേവന നികുതികള്‍ വര്‍ധിപ്പിച്ചതും സംസ്ഥാന ബജറ്റില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഒരുശതമാനം വര്‍ധിപ്പിച്ചതുമാണ് ദുസ്സഹമായ വിലക്കയറ്റത്തിനിടയാക്കിയത്. എക്സൈസ് തീരുവ പത്തില്‍നിന്ന് 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന ബജറ്റില്‍ വാറ്റ് ഒരുശതമാനം വര്‍ധിപ്പിച്ചതു കൂടിയായപ്പോള്‍ സോപ്പ്, ചീപ്പ്, കണ്ണാടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ,് സിഗരറ്റ്, മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയ്ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. സിഗരറ്റും മറ്റുചില പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളും വിലവര്‍ധന നിലവില്‍വന്ന ഞായറാഴ്ച കടകളില്‍ കിട്ടാനുണ്ടായിരുന്നില്ല. വര്‍ധിപ്പിച്ച വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഒട്ടിച്ച് ഇവ വിപണിയിലിറക്കി ലാഭം കൊയ്യാനാണ് ഇത്തരം സാധനങ്ങള്‍ പൊടുന്നനെ കടകളില്‍നിന്ന് അപ്രത്യക്ഷമാക്കിയത്.
  • നിര്‍മാണ സാമഗ്രികളാണ് വിലകൂടിയ മറ്റൊരിനം. കരിങ്കല്ല്, ക്രഷര്‍ മെറ്റല്‍, കമ്പി, സിമന്റ്, സാനിറ്ററി സാമഗ്രികള്‍ എന്നിവയ്ക്കൊക്കെ വിലകൂടി. 50 കിലോഗ്രാമിന്റെ സിമന്റ് പായ്ക്കറ്റ് ഒന്നിന് 15 രൂപയാണ് വര്‍ധിച്ചത്. 350 രൂപയെന്നത് 365 ആയി ഉയര്‍ന്നു. കമ്പിക്ക് കിലോയ്ക്ക് രണ്ടുരൂപയുടെ വര്‍ധനയാണ് കാണിക്കുന്നത്. മരുന്നുകളുടെ വിലവര്‍ധനയാണ് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന മറ്റൊരു മേഖല. ജീവന്‍രക്ഷാ മരുന്നുകളടക്കമുള്ള മരുന്നുകള്‍ക്ക് 12 ശതമാനംവരെ വിലവര്‍ധിച്ചതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാ സേവനങ്ങളുടെയും നികുതി പത്തില്‍നിന്ന് 12 ശതമാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ ചരക്കുകളുടെയും എക്സൈസ് തീരുവ പത്തില്‍നിന്ന് 12 ശതമാനമായും കേന്ദ്രം വര്‍ധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന സൈക്കിളുകളുടെ ഇറക്കുമതി തീരുവ പത്തില്‍നിന്ന് 30 ശതമാനമായും സൈക്കിള്‍ പാര്‍ട്സിന്റെ തീരുവ പത്തില്‍നിന്ന് 20 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതുമൂലം സൈക്കിളുകള്‍ക്ക് 500 മുതല്‍ 800 രൂപവരെ വര്‍ധിച്ചു.
  • രൂപയുടെ മൂല്യശോഷണത്തെതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. ഫ്രിഡ്ജ്, കാര്‍, എസി എന്നിവയുടെ വില ഇതുമൂലം വര്‍ധിച്ചിട്ടുണ്ട്. ഇടത്തരക്കാര്‍ ഏറെ ഉപയോഗിക്കുന്ന ചെറുകാറുകള്‍ക്ക് 6000 മുതല്‍ 30,000 രൂപ വരെയാണ് വര്‍ധിച്ചത്. സ്വര്‍ണത്തിന്റെ വിലവര്‍ധനയാണ് മലയാളികളെ വല്ലാതെ കുഴക്കുന്ന മറ്റൊരു മേഖല. 2011 ഏപ്രിലില്‍ പവന് 15,000 രൂപയില്‍ താഴെയുണ്ടായിരുന്നത് ഇപ്പോള്‍ 21,000 ത്തിനടുത്തെത്തി. പുതിയ നികുതി പ്രാബല്യത്തില്‍വന്ന ഏപ്രില്‍ ഒന്നിന് സ്വര്‍ണക്കടകള്‍ക്ക് അവധിയായിരുന്നതിനാല്‍ വര്‍ധന കൃത്യമായി അറിഞ്ഞിട്ടില്ല. എന്നാലും പുതിയ നിരക്കില്‍ വാറ്റടക്കം ഈടാക്കുന്നതോടെ പവന് ആയിരത്തോളം രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
  • വിലവര്‍ധന വീണ്ടും ദുസ്സഹമാക്കി പെട്രോള്‍വില ഇനിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പെട്രോള്‍ വില ഇനിയും വര്‍ധിക്കുന്നതോടെ ഇപ്പോള്‍ വില വര്‍ധിച്ച സാധനങ്ങള്‍ക്ക് വീണ്ടും വില ഉയരും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പല ഘട്ടങ്ങളിലായി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും 100 ശതമാനത്തിലേറെ വിലവര്‍ധനയാണുണ്ടായത്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2004 മെയില്‍ ലിറ്ററിന് 33.71 രൂപ വിലയുണ്ടായിരുന്ന പെട്രോളിന് ഇപ്പോള്‍ വില 67.82 രൂപയാണ്. ഡീസല്‍ വില 21.74ല്‍നിന്ന് 44.55 ഉം പാചകവാതകത്തിന്റേത് സിലിണ്ടറിന് 241.60ല്‍നിന്ന് 426.50 രൂപയായും വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2009 മെയില്‍ പെട്രോളിന് 40.62 രൂപയും ഡീസലിന് 30.86 രൂപയും പാചകവാതകത്തിന് 279.70 രൂപയുമായിരുന്നു വില. 2010 ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ 51.43 രൂപയായിരുന്നു വില. ഇതിനു ശേഷമുള്ള 21 മാസത്തിനിടയില്‍ 13 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഡീസല്‍വില നിയന്ത്രിക്കുന്നതിനുള്ള അധികാരവും എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതുകൂടി സംഭവിച്ചാല്‍ സാധനങ്ങള്‍ക്കാകെ ഉണ്ടാകുന്ന വിലക്കയറ്റം അതിരൂക്ഷമാകും. ഉപഭോക്തൃസംസ്ഥാനമായ കേരളമായിരിക്കും ഇതിന്റെ കെടുതി ഏറ്റവുംഅധികം അനുഭവിക്കേണ്ടിവരിക.

No comments:

Post a Comment