Saturday, April 21, 2012

ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗ്: കെ.പി.എ മജീദ്


ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗ്: കെ.പി.എ മജീദ്
 ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം ലീഗാണെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭീഷണിപ്പെടുത്തിയും കത്തി കാണിച്ചുമാണ് ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയതെന്ന ചിലരുടെ പ്രചരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പദവിയിലെത്തിച്ചത് ലീഗാണ്. സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ പദവികള്‍ക്ക് വേണ്ടി വിവാദങ്ങള്‍ നടന്നപ്പോള്‍ അഞ്ചാം മന്ത്രി സ്ഥാനം ആറ് മാസത്തിന് ശേഷം മതിയെന്ന ധാരണക്ക് മുസ്ലിം ലീഗ് തയാറാകുകയായിരുന്നു. എല്ലാകാലത്തും അവഗണനകളും അവഹേളനവും സഹിച്ച്് മുസ്ലിം ലീഗ് മുന്നണി സംവിധാനത്തിനകത്ത് നില്‍ക്കുമെന്ന് ആരും കരുതേണ്ട. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ലീഗിന് ഉത്തരവാദിത്തമില്ല. എന്നാല്‍, ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും ലീഗിനെതിരെ പ്രചരണവുമായി വന്നാല്‍ മറുപടി പറയാന്‍ ലീഗിന് പ്രയാസമില്ല. മുന്നണിയെ അപകടമില്ലാതെ കൊണ്ടുപോകാന്‍ എന്നും ലീഗ് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകള്‍ക്കും സത്യത്തോട് പുലബന്ധം പോലുമില്ല. വടകര, കോഴിക്കോട്, വയനാട് തുടങ്ങിയ പല പര്‍ലമെന്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് ശക്തമായി പ്രവര്‍ത്തിച്ചത് ലീഗുകാരാണെന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ അക്കാലത്ത് പറഞ്ഞിട്ടുണ്ടെന്നും മജീദ് പറഞ്ഞു.

കേരളമുണ്ടാക്കിയത് ലീഗാണെന്ന് പറയാതിരുന്നത് ഭാഗ്യം

കേരളമുണ്ടാക്കിയത് ലീഗാണെന്ന് പറയാതിരുന്നത് ഭാഗ്യം
തൃശൂര്‍ : ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് തങ്ങളാണെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രസ്താവന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളമുണ്ടാക്കിയത് തങ്ങളാണെന്ന് പറയാതിരുന്നത് ഭാഗ്യമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അപമാനം സഹിച്ച് ആര്‍ക്കും മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്നും ഇത് സംബന്ധിച്ച കെ.പി.എ മജീദിന്റെ പ്രസ്താവനക്ക് മറുപടിയായി ആര്യാടന്‍ പ്രതികരിച്ചു.മാലിന്യങ്ങള്‍ കേരളത്തെ വീര്‍പ്പു മുട്ടിച്ചിരിക്കുകയാണെന്നും അത് തുടച്ചു നീക്കാനുള്ള ശ്രമം ലീഗ് ഏറ്റെടുക്കുമെന്നുമുള്ള ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവനയെയും ആര്യാടന്‍ പരിഹസിച്ചു. ലീഗില്‍ മാലിന്യക്കൂമ്പാരമാണ് ഇപ്പോഴുള്ളതെന്നും മുന്‍ഗാമികള്‍ക്ക് പോലും അത് ക്ളിയര്‍ ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചാല്‍ മറുപടി പറയാനുള്ള നട്ടെല്ല് തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


No comments:

Post a Comment