Saturday, March 31, 2012

യു.ഡി.എഫ്‌. അട്ടിമറിനീക്കം മറികടന്ന്‌ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ ഉത്തരവ്‌




  •  എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതു നിര്‍ത്തിവയ്‌ക്കാനുള്ള യു.ഡി.എഫ്‌. ശിപാര്‍ശ മറികടന്ന്‌ നെല്ലിയാമ്പതി മേഖലയിലെ എസ്‌റ്റേറ്റുകളുടെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ വനംവകുപ്പിന്റെ ഉത്തരവ്‌. പാട്ടവ്യവസ്‌ഥകള്‍ ലംഘിച്ച മാങ്കോട്‌, രാജക്കാട്‌ എസ്‌റ്റേറ്റുകളുടെ കരാര്‍ റദ്ദാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ഉത്തരവിട്ടു.
  • സര്‍ക്കാര്‍ നടപടിയില്‍ വിയോജിപ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുമാസം സമയം നല്‍കി. എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരായ പരാതി പരിശോധിക്കാന്‍ യു.ഡി.എഫ്‌. ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട്‌ നല്‍കുന്നതുവരെ ഏറ്റെടുക്കല്‍ നിര്‍ത്തിവയ്‌ക്കണമെന്നും സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്‌തു. അതിനിടെയാണു നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. സുപ്രീംകോടതി ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനകളില്‍ വനഭൂമിയെന്നു കണ്ടെത്തിയ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ്‌ നേരത്തേ നടപടി തുടങ്ങിയിരുന്നു. ഇതിനിടെയാണു ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കിയത്‌. യു.ഡി.എഫ്‌. ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചെങ്കിലും വനംമന്ത്രിയുമായി കൂടിയാലോചിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.
  • എസ്‌റ്റേറ്റുകളുടെ പാട്ടക്കരാര്‍ റദ്ദാക്കിയ നടപടി യു.ഡി.എഫില്‍ പൊട്ടിത്തെറിക്കു വഴിവയ്‌ക്കും. നിയമലംഘനത്തിന്റെ അടിസ്‌ഥാനത്തില്‍ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ്‌ വര്‍ഷങ്ങളായി നടത്തിവരുന്ന നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കേയാണു യു.ഡി.എഫ്‌. അട്ടിമറിശ്രമം നടത്തിയത്‌. ഒരു പ്രധാന ഘടകകക്ഷിയാണു ചുക്കാന്‍ പിടിച്ചത്‌. 
  • പാട്ടവ്യവസ്‌ഥ ലംഘിച്ചു വനഭൂമി കൈമാറ്റം നടത്തിയതിന്റെയും 1980-ലെ കേന്ദ്ര വനസംരക്ഷണനിയമം ലംഘിച്ചതിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഏറ്റെടുക്കല്‍. തോട്ടം കൈവശക്കാരുടെ വാദം കേള്‍ക്കുന്നതുള്‍പ്പെടെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 288.85 ഏക്കര്‍ രാജാക്കാടും 232.82 ഏക്കര്‍ മാങ്കോടും ചട്ടം ലംഘിച്ച്‌, വിദേശികള്‍ നേതൃത്വം നല്‍കിയിരുന്ന നെല്ലിയാമ്പതി ഹില്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിക്കാണ്‌ 1994-ല്‍ കൈമാറിയത്‌. 2002-ല്‍ വനംവകുപ്പ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. നെല്ലിയാമ്പതിയില്‍ 27 തോട്ടങ്ങളുടെ നിയമലംഘനമാണു വനംവകുപ്പു കണ്ടെത്തിയത്‌. ഇതില്‍ ഒന്‍പതു തോട്ടങ്ങള്‍ നേരത്തേ ഏറ്റെടുത്തിരുന്നു. തൊഴിലാളികള്‍ക്കു വനം വികസന കോര്‍പറേഷനു കീഴില്‍ ജോലിയും നല്‍കി. രാജാക്കാടും മാങ്കോടും ഉള്‍പ്പെടെ മൂന്ന്‌ എസ്‌റ്റേറ്റുകളുടെ ഏറ്റെടുക്കല്‍ നടപടിക്രമങ്ങളാണ്‌ അവസാനഘട്ടത്തില്‍ എത്തിയിരുന്നത്‌. 
  • ഏറ്റെടുക്കല്‍ ഉത്തരവ്‌ പുറത്തിറങ്ങിയ സാഹചര്യത്തില്‍ യു.ഡി.എഫ്‌. നീക്കം കരുതലോടെയാകും. ഉത്തരവിനെതിരേ പരസ്യമായി രംഗത്തിറങ്ങിയാല്‍ വ്യാപക പ്രതിഷേധമുണ്ടാകും. മുന്‍മന്ത്രിയും കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവുമായ വി.സി. കബീര്‍ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തി. പാട്ടക്കരാര്‍ ലംഘിച്ച 16 തോട്ടങ്ങള്‍കൂടി നെല്ലിയാമ്പതിയില്‍ ഏറ്റെടുക്കല്‍ നടപടി നേരിടുന്നു.

No comments:

Post a Comment