Sunday, April 22, 2012

കോണ്‍ഗ്രസിന്റെ വായടപ്പിക്കാന്‍ വീണ്ടും ലീഗ് ഭീഷണി



 അഞ്ചാം മന്ത്രിയെ കിട്ടാന്‍ സമ്മര്‍ദരാഷ്ട്രീയം പയറ്റിയ മുസ്ലിംലീഗ് വീണ്ടും ഭീഷണിയുമായി രംഗത്ത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ വിമര്‍ശനം തുടര്‍ന്നാല്‍ മുന്നണി വിടുമെന്നാണ് പുതിയ ഭീഷണി. അഞ്ചാം മന്ത്രിയെ പിടിച്ചുവാങ്ങിയതിനെതുടര്‍ന്ന് പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ലീഗ് നേതൃത്വം രാഷ്ട്രീയമായി തിരിച്ചടിച്ച് യുഡിഎഫില്‍ സജീവമാകാനാണ് ലക്ഷ്യമിടുന്നത്. ലീഗിന്റെ അഞ്ചാം മന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വായ അടപ്പിക്കാന്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദാണ് ഭീഷണിയുമായി രംഗത്തെത്തിയത്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിവച്ച പ്രതിരോധം ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഏറ്റെടുത്തപ്പോള്‍ കടുത്ത പ്രത്യാക്രമണമായി മാറി. ലീഗിനെതിരെ വിമര്‍ശനം നടത്തുന്ന ആര്യാടനെയും സുധീരനെയും മുരളീധരനെയും മാലിന്യങ്ങളെന്ന് ആക്ഷേപിച്ച തങ്ങള്‍ അവരെ തുടച്ചുമാറ്റണമെന്നും ആഹ്വാനംചെയ്തു. പകര്‍ച്ചവ്യാധിപോലെ കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹത്തെ മലീമസമാക്കുന്നുവെന്ന് പറഞ്ഞ തങ്ങള്‍, അവരെ ഉടന്‍ ചികില്‍സിക്കണമെന്നും ഉപദേശിച്ചു. തങ്ങള്‍ തുടങ്ങിവച്ച വിമര്‍ശനത്തിനു പിന്നാലെയാണ് മജീദ് വെടിപൊട്ടിച്ചത.് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗാണെന്ന് വെളിപ്പെടുത്തിയ മജീദ് ആട്ടുംതുപ്പും സഹിച്ച് മുന്നണിയില്‍ തുടരില്ലെന്നും വ്യക്തമാക്കി. എന്നാല്‍, ലീഗ് മുന്നണി വിടുമെന്നോ, ഭരണം ഉപേക്ഷിക്കുമെന്നോ ആരും കരുതുന്നില്ല. കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്തി ഒരിക്കല്‍കൂടി വരുതിയിലാക്കുകയാണ് ലക്ഷ്യം. അഞ്ചാം മന്ത്രിസ്ഥാനം നേടിയെങ്കിലും പൊതുസമൂഹത്തില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ലീഗ്. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തില്‍ ലീഗ് നേതൃത്വം അസ്വസ്ഥമാണ്. ആര്യാടനും കെ മുരളീധരനും എതിരെ പ്രതികരിക്കേണ്ടെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇനിയും സഹിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍തന്നെ ലീഗ് പ്രതിരോധത്തിനിറങ്ങിയത്. യുഡിഎഫ് യോഗം അടിയന്തരമായി വിളിക്കാന്‍ ലീഗ് ആവശ്യപ്പെടും. യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും അല്ലെങ്കില്‍ ലീഗ് പരസ്യപ്രതികരണം നടത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്താനും ലീഗ് ആലോചിക്കുന്നുണ്ട്.

No comments:

Post a Comment