Wednesday, April 25, 2012

കടല്‍ക്കൊല: രാജ്യസഭയില്‍ ഒച്ചപ്പാട്; റാവലിനെ നീക്കണമെന്ന് പ്രതിപക്ഷം



ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ന്നു. ഇറ്റലിക്കു വേണ്ടി കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ഇറ്റലിക്ക് വേണ്ടി വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) ഹരേന്‍ പി റാവലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിനായില്ല. അംഗങ്ങളുടെ വികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നും സഭയില്‍ ഉയര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ നിയമമന്ത്രാലയത്തെയും വിദേശമന്ത്രാലയത്തെയും അറിയിക്കാമെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല അറിയിച്ചു. ശൂന്യവേളയില്‍ കര്‍ണാടകത്തില്‍നിന്നുള്ള ബല്‍ബീര്‍ പുഞ്ചാണ് വിഷയം ഉന്നയിച്ചത്. വെടിവയ്പ് നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നും അതുകൊണ്ട് ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍നിയമം ബാധകമല്ലെന്നും എഎസ്ജി സുപ്രീംകോടതിയില്‍ പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പുഞ്ച് ആവശ്യപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച നിലപാടാണിത്. കേരളപൊലീസിന് കേസെടുക്കാനാവില്ലെന്ന് വാദിച്ചത് ഉന്നതനിര്‍ദേശപ്രകാരമാണ്. ഷിപ്പിങ് മന്ത്രി ജി കെ വാസനും വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയും റാവലിന്റെ നിലപാട് തള്ളിപ്പറഞ്ഞിരുന്നു. തങ്ങളുടെ നിര്‍ദേശപ്രകാരമല്ല ഇത്തരമൊരു നിലപാട് എഎസ്ജി സ്വീകരിച്ചതെന്നാണ് ഇരുവരും പ്രസ്താവനയില്‍ അറിയിച്ചത്. ബന്ധപ്പെട്ട മന്ത്രിമാരല്ലെങ്കില്‍ പിന്നെ ആരാണ് നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വന്തം നിലയ്ക്കാണ് ഈ പരാമര്‍ശം നടത്തിയതെങ്കില്‍ എഎസ്ജിയെ എത്രയും വേഗം ആ സ്ഥാനത്തുനിന്ന് നീക്കണം- പുഞ്ച് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നതോടെ നടപടികള്‍ തടസ്സപ്പെട്ടു. വിദേശമന്ത്രിയോ നിയമമന്ത്രിയോ ഷിപ്പിങ് മന്ത്രിയോ ഒന്നും ഇപ്പോള്‍ സഭയിലില്ലെന്ന് അധ്യക്ഷപദവിയിലുണ്ടായിരുന്ന പി ജെ കുര്യന്‍ പറഞ്ഞുനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. വിഷയം ഗൗരവമുള്ളതാണെന്ന് സമ്മതിക്കുന്നുവെന്ന് പറഞ്ഞ കുര്യന്‍ എന്നാല്‍, മറുപടി പറയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് അറിയിച്ചു. ഇതോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഈ ഘട്ടത്തിലാണ് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല അംഗങ്ങളുടെ വികാരം നിയമമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും ധരിപ്പിക്കാമെന്ന് അറിയിച്ചത്.

No comments:

Post a Comment