Saturday, April 14, 2012

കുഞ്ഞാലിക്കുട്ടി വിരുദ്ധചേരി കരുത്ത് നേടുന്നുകുഞ്ഞാലിക്കുട്ടി വിരുദ്ധചേരി കരുത്ത് നേടുന്നു

 അഞ്ചാംമന്ത്രി വിവാദത്തില്‍ തുടക്കത്തില്‍ തിരിച്ചടി നേരിട്ട മുസ്ലിംലീഗിന് ഒടുവില്‍ മാനം രക്ഷിക്കാനായത് കുഞ്ഞാലിക്കുട്ടി വിരുദ്ധചേരിയുടെ ഇടപെടല്‍. കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയെ കൊണ്ടുപോകുന്നതില്‍ കടുത്ത അമര്‍ഷമുള്ള പ്രമുഖ നേതാക്കളുടെ ഉറച്ച നിലപാടുകളാണ് ലീഗിനെ തുണച്ചത്. പാര്‍ട്ടിയെയും സംസ്ഥാന അധ്യക്ഷനെയും നാണക്കേടിലകപ്പെടുത്തിയ 'അഞ്ചാംമന്ത്രി' യാഥാര്‍ഥ്യമായതോടെ ലീഗ് നേതൃത്വത്തില്‍ ഈ വിഭാഗം കൂടുതല്‍ കരുത്തുനേടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഉടന്‍ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ പിടിയില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പുതിയ സാഹചര്യത്തില്‍ ഈ വിഭാഗം നീക്കങ്ങള്‍ സജീവമാക്കിയിട്ടുമുണ്ട്. ലീഗിലെയും യൂത്ത് ലീഗ്, എം.എസ്.എഫ് എന്നിവയിലെയും ഒന്നാംനിര നേതാക്കള്‍ തന്നെ ഇതിന് പിന്നിലുണ്ട്.സര്‍ക്കാര്‍ അധികാരമേല്‍ക്കുംമുമ്പ് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനകള്‍ ഭരണം ആറുമാസം പിന്നിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ്-യു.ഡി.എഫ് കേന്ദ്രങ്ങളില്‍നിന്നുണ്ടായിരുന്നു. അതിനെ എതിര്‍ക്കാനോ ആവശ്യം ശക്തമായി ഉന്നയിക്കാനോ ആ സമയങ്ങളിലൊന്നും ലീഗ് നേതൃത്വം തയാറായിരുന്നില്ല. പിറവം തെരഞ്ഞെടുപ്പിനുശേഷം അഞ്ചാംമന്ത്രിക്കാര്യം വീണ്ടുമുയര്‍ന്നപ്പോള്‍ ഈ വിഷയം കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിലും ലീഗ്-കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീര്‍പ്പിലെത്തിയെന്നായിരുന്നു ലീഗിനുള്ളിലുണ്ടായ പ്രതികരണം. ഇത് പാര്‍ട്ടിയുടെ അഭിമാനത്തെ തകര്‍ത്തുവെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഭരണം നിലനിര്‍ത്താനുള്ള കുഞ്ഞാലിക്കുട്ടിയുടെ അമിത താല്‍പര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നുമുള്ള വിമര്‍ശം ഇതോടെ ശക്തമായി. അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെടുത്ത മൃദുസമീപനം ഈ വിമര്‍ശങ്ങള്‍ ബലപ്പെടുത്തുകയും ചെയ്തു.ഈ പശ്ചാത്തലത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ അഞ്ചാംമന്ത്രി വിവാദത്തില്‍ പാര്‍ട്ടിയുടെ വക്താവായി രംഗത്തെത്തുന്നത്. അനൂപിനൊപ്പം അഞ്ചാംമന്ത്രികൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന ഹൈദരലി തങ്ങളുടെ പ്രസ്താവനയും ഒപ്പമുണ്ടായി. തുടര്‍ന്നാണ് ലീഗ് കര്‍ക്കശ നിലപാടിലേക്ക് മാറിയത്. മന്ത്രിയെ കിട്ടിയില്ലെങ്കില്‍ നാല് മന്ത്രിമാരെയും പിന്‍വലിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്ത് ശക്തമായി. പിന്നീടുണ്ടായ വിവാദങ്ങളിലും ചര്‍ച്ചകളിലുമെല്ലാം ലീഗിനെ പ്രതിനിധീകരിച്ചത് ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു. കുഞ്ഞാലിക്കുട്ടി ഏറക്കുറെ നിശ്ശബ്ദനായി. മന്ത്രിയെ അനുവദിക്കുന്നതായി പ്രഖ്യാപിച്ച യു.ഡി.എഫ് യോഗത്തിന്റെ തലേന്ന് തന്റെ നിസ്സഹായാവസ്ഥ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.ലീഗിന്റെ കൈവശമുള്ള ഏതെങ്കിലും പ്രധാന വകുപ്പുകള്‍ ഏറ്റെടുത്തശേഷം അഞ്ചാംമന്ത്രിയെ അനുവദിക്കാമെന്ന ഒത്തുതീര്‍പ്പാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. ഇതിന് പിന്നിലും കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണം ലീഗിനകത്ത് മറുവിഭാഗം ഉയര്‍ത്തി. ഇതോടെയാണ് വകുപ്പ് ഏറ്റെടുക്കാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കെ.പി.സി.സി ഓഫിസില്‍ നേരിട്ടുചെന്ന് അറിയിച്ചത്. അതോടെ കോണ്‍ഗ്രസിന് വഴങ്ങാതെ നിര്‍വാഹമില്ലെന്നായി. വിവാദത്തിന്റെ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി എടുത്തതെന്ന വികാരം ലീഗിനകത്ത് ശക്തമാണ്. ഇപ്പോഴും തുടരുന്ന വിവാദത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളും എന്‍.എസ്.എസ് പോലുള്ള ജാതി സംഘടനകളും ലീഗിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനെതിരെ ഇതുവരെ ലീഗ് പ്രതികരിച്ചിട്ടില്ല. ഇതും കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ആയുധമാക്കുന്നുണ്ട്. ശനിയാഴ്ച അടിയന്തരമായി വിളിച്ചുചേര്‍ക്കുന്ന നേതൃയോഗത്തില്‍ ഇത് ചൂടേറിയ ചര്‍ച്ചയാകും.നേരത്തേ തന്നെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പക്ഷത്തുള്ള എം.കെ. മുനീറും അദ്ദേഹത്തെ അനുകൂലിക്കുന്ന ലീഗ്-എം.എസ്.എഫ്-യൂത്ത് ലീഗ് നേതാക്കളും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് അലിയെ മന്ത്രിയാക്കിയതില്‍ അമര്‍ഷമുള്ള എം.എല്‍.എമാരും ഇതിനെ പിന്തുണക്കുന്നു. ഭൂരിഭാഗം എം.എല്‍.എമാര്‍ക്കും പ്രതിഷേധവുമുണ്ട്. അഹമ്മദ് കബീറും സമദാനിയും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍.

No comments:

Post a Comment