Saturday, April 14, 2012

ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാന്‍ പാടുപെട്ട് മനോരമതിരു: മുസ്ലിംലീഗിനു മുമ്പില്‍ മുട്ടുകുത്തിയ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിനകത്തുയര്‍ന്ന രോഷം തണുപ്പിക്കാന്‍ പാടുപെട്ട് മനോരമ പത്രവും ചാനലും. മന്ത്രിമാരുടെ വകുപ്പുകളില്‍ വരുത്തിയ നാടകീയ അഴിച്ചുപണി പ്രതിച്ഛായ വീണ്ടെടുക്കാനെന്നു വിശേഷിപ്പിക്കുന്ന മനോരമ വെള്ളിയാഴ്ച ഹൈക്കമാന്‍ഡിനുള്ള കത്തുമായാണ് രംഗത്തിറങ്ങിയത്. കെപിസിസി പ്രസിഡന്റിനെവരെ നോക്കുകുത്തിയാക്കി ഉമ്മന്‍ചാണ്ടി ഏകപക്ഷീയ തീരുമാനങ്ങളെടുത്തതിനെത്തുടര്‍ന്നുയര്‍ന്ന രോഷം തണുപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് മനോരമ. ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് കത്തയക്കുന്നത് മനോരമ ഓഫീസ് വഴിയെന്ന മട്ടിലാണ് വെള്ളിയാഴ്ച മനോരമചാനല്‍ വാര്‍ത്ത സൃഷ്ടിച്ചത്. ആരും തുണയ്ക്കാനില്ലാതെ പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന മാനസപുത്രനെ രക്ഷിക്കാന്‍ എല്ലാ അടവും പ്രയോഗിക്കുകയാണ് മനോരമ. ഹൈക്കമാന്‍ഡിന് ബുധനാഴ്ച രാത്രി ഒമ്പതരയ്ക്ക് ഉമ്മന്‍ചാണ്ടി രണ്ടര പേജുള്ള കത്തയച്ചതായാണ് മനോരമയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ഹൈക്കമാന്‍ഡ്കത്തുമായി മനോരമയുടെ കസര്‍ത്ത്. കത്ത് കിട്ടിയ ഉടന്‍ സോണിയ അത് രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേലിന് കൈമാറിയെന്നും പട്ടേല്‍ പറഞ്ഞതനുസരിച്ച് ഉമ്മന്‍ചാണ്ടി വകുപ്പുകള്‍ മാറ്റിയെന്നും മനോരമ അവകാശപ്പെടുന്നു. ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണ് വകുപ്പുമാറ്റമെന്ന് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താനാണ് മനോരമ ചാനല്‍ ലക്ഷ്യമിട്ടത്. മുസ്ലിംലീഗിന്റെ കടുംപിടിത്തത്തില്‍ ഉമ്മന്‍ചാണ്ടി വിഷമിക്കുകയാണെന്ന് മനോരമ വിലപിക്കുന്നു. നിര്‍ണായക വെളിപ്പെടുത്തല്‍ എന്നാണ് ചാനല്‍ ഈ കത്ത് പുറത്തുവിട്ടതിനെ വിശേഷിപ്പിച്ചത്. സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിഡ്ഢികളാക്കി ഉമ്മന്‍ചാണ്ടിയും മനോരമയും ഒത്തുകളിക്കുന്നു. ഹൈക്കമാന്‍ഡിനുള്ള കത്ത് മനോരമയ്ക്കാണ് ഉമ്മന്‍ചാണ്ടി ആദ്യം കൊടുത്തതെന്ന് ചാനലിന്റെ "നിര്‍ണായക"വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. കത്തില്‍ പറയുന്ന ചാനലിന്റെ വെളിപ്പെടുത്തലുകള്‍ നോക്കുക: അഞ്ചാംമന്ത്രിക്കാര്യത്തില്‍ മുസ്ലിംലീഗ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല, നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും ലീഗ് ഒരിഞ്ചു പിറകോട്ടുപോയില്ല, ലീഗുമായി ദീര്‍ഘകാലത്തെ ബന്ധം വഷളാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല, ലീഗിന് വഴങ്ങാതിരിക്കാന്‍ കഴിയില്ലായിരുന്നു, അഞ്ചാംമന്ത്രിപദവി ലീഗിന് കൊടുത്തതോടെ ഭൂരിപക്ഷസമുദായത്തിനുണ്ടായ അസംതൃപ്തി പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പ് ഭൂരിപക്ഷവിഭാഗത്തില്‍പെട്ട ഒരാള്‍ക്ക് കൊടുക്കാന്‍ അനുവദിക്കണം- ഇത്രയുമൊക്കെ വെളിപ്പെടുത്തിയ ശേഷമാണ് ചാനല്‍ അഹമ്മദ് പട്ടേലിനെ ഇറക്കുന്നത്. പട്ടേല്‍ നിര്‍ദേശിച്ച പ്രകാരം ഉമ്മന്‍ചാണ്ടി വകുപ്പുകള്‍ അഴിച്ചുപണിതു എന്ന് മനോരമ സ്ഥാപിക്കുന്നു. വകുപ്പു മാറ്റം പ്രതിച്ഛായക്കുവേണ്ടിയെന്നാണ് മനോരമ പത്രം വെള്ളിയാഴ്ച അവകാശപ്പെട്ടത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ "ഒറ്റമൂലിലേപ" പ്രയോഗത്തില്‍ യുഡിഎഫിന് ആശ്വാസമായതായും കണ്ടെത്തിയിട്ടുണ്ട്. ലീഗിന്റെ അറ്റകൈ പ്രയോഗത്തിന് കീഴടങ്ങിയതിനെ ഒറ്റമൂലി ലേപനപ്രയോഗമായി മനോരമ വിശദീകരിക്കുന്നു. വകുപ്പുമാറ്റം തനിച്ചെടുത്ത തീരുമാനമാണെന്നും കെപിസിസി പ്രസിഡന്റിനെപ്പോലും മുന്‍കൂട്ടി അറിയിച്ചില്ലെന്നും "ഒറ്റമൂലി" പ്രയോഗത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1985ല്‍ പ്രതിച്ഛായ മെച്ചമാക്കാന്‍ അഴിച്ചുപണി നടത്തി അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതായി കുറ്റപ്പെടുത്തിയശേഷം ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ "ത്യാഗത്തെ" മനോരമ വാഴ്ത്തുന്നു. എന്നാല്‍, സാമുദായിക അസന്തുലനമെന്ന പ്രതിച്ഛായാനഷ്ടം ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ അഴിച്ചുപണി എല്ലാവരെയും ഞെട്ടിച്ചെന്നും മനോരമ പറയുന്നു.

No comments:

Post a Comment