Sunday, April 22, 2012

കാലിക്കറ്റിലെ ഭൂമി ഇടപാടിനു പിന്നില്‍ മന്ത്രിബന്ധു

യു.ഡി.എഫ് മന്ത്രിസഭയിലെ ഒരംഗത്തിന്റെ ബന്ധുവാണ് ഭൂമിയിടപാടിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഒളിമ്പിക് അസോസിയേഷന്‍ സര്‍വകലാശാലയില്‍ നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സില്‍ പങ്കാളിത്തം ഉറപ്പിച്ചത് ഇദ്ദേഹമാണ്. സി.എച്ച്. ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തേക്കര്‍ സ്ഥലം നേടിയെടുക്കാന്‍ മന്ത്രി നേരിട്ടാണ് സര്‍വകലാശാലയെ സമീപിച്ചത്. ഘടകകക്ഷിയിലെ പ്രമുഖനായ മന്ത്രി സമീപിച്ചതോടെ സിന്‍ഡിക്കേറ്റ് സമ്മര്‍ദത്തിലായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ചെയര്‍മാനായ ഗ്രേസ് എജുക്കേഷനല്‍ അസോസിയേഷനാണ് സി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അപേക്ഷിച്ചത്. ഇതോടെ ഭൂമി നേടിയെടുക്കുകയെന്നത് സിന്‍ഡിക്കേറ്റിലെ ലീഗ് അംഗങ്ങളുടെ അഭിമാനപ്രശ്നമായി. ചെയര്‍ തുടങ്ങാന്‍ ഗ്രേസ് അസോസിയേഷന്‍ 20 ഏക്കര്‍ സ്ഥലമാണ് ആവശ്യപ്പെട്ടത്. ചെയറിന് 20 സെന്റേ നല്‍കാനാവൂവെന്ന ചട്ടമുള്ളതിനാല്‍ സി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരു മാറ്റിയാണ് സ്ഥലം നല്‍കിയത്.
സര്‍വകലാശാലയുടെ 93 കോടിയുടെ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയില്‍ കേരള ഒളിമ്പിക് അസോസിയേഷനെ ഉള്‍പ്പെടുത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ അംഗത്വമൊഴിച്ചാല്‍ കടലാസ് സംഘടനയാണ് ഇത്. പ്രവര്‍ത്തനമേഖലയോ സ്വന്തമായി ഓഫിസോ, ഫണ്ടോ അസോസിയേഷനില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന ഗ്രാന്റാണ് ഏക വരുമാനം.
50 ഏക്കര്‍ സ്ഥലത്തെ പദ്ധതിയില്‍ അസോസിയേഷന്‍ പങ്കാളിയാവുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് സൂചന. കേന്ദ്ര കായിക മന്ത്രാലയം, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണം തേടാമെന്നിരിക്കെ ഇവരെ ഉള്‍പ്പെടുത്തിയതാണ് സംശയം കൂട്ടുന്നത്.
കോഴിക്കോട്ടെ ബാഡ്മിന്റണ്‍ അസോസിയേഷന് മൂന്നേക്കര്‍ നല്‍കുന്നതിലും അമിത തിടുക്കമാണ് സിന്‍ഡിക്കേറ്റ് കാണിച്ചത്. ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചുതരാമെന്ന വാഗ്ദാനവുമായാണ് ഇവര്‍ രംഗത്തുവന്നത്. സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുണ്ടായിരിക്കെ സ്ഥലം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍.എസ്. പണിക്കര്‍, ജി.സി. പ്രശാന്ത്കുമാര്‍ എന്നിവര്‍ പ്രകടിപ്പിച്ചത്.എന്‍.സി.സിക്ക് എട്ട്, സി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്ത്, ബാഡ്മിന്റണ്‍ അസോസിയേഷന് മൂന്ന് എന്നിങ്ങനെ 21 ഏക്കര്‍ ഭൂമിയാണ് ആറു മാസത്തിനകം നല്‍കിയത്. മുത്തൂറ്റ് എം. ജോര്‍ജ് ഗ്രൂപ്പാണ് ഭൂമിക്കായി ഒടുവില്‍ അപേക്ഷിച്ചത്.

സര്‍വകലാശാല ചെയ്യുന്നത് ഭൂമാഫിയയുടെ ഏജന്‍സിപ്പണി -ബിനോയ് വിശ്വം

കോഴിക്കോട്: ഭൂമാഫിയയുടെ ഏജന്‍സിപ്പണിയാണ് സര്‍വകലാശാല ഏറ്റെടുത്തതെന്ന് മുന്‍മന്ത്രിയും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ ബിനോയ് വിശ്വം പ്രസ്താവിച്ചു. സര്‍വകലാശാലയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി വിവിധ പേരുകളില്‍ ഭൂമിദാനം ചെയ്യാനാണ് വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റിലെ ഏതാനും അംഗങ്ങളും ശ്രമിക്കുന്നത്.
കാമ്പസിലെ മരങ്ങളെല്ലാം വെട്ടിവെളുപ്പിച്ച് നടത്തിയ പരിഷ്കാരത്തിനു പിറകെയാണ് സര്‍വകലാശാല റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് പ്രവേശിക്കുന്നത്. യൂനിവേഴ്സിറ്റി നിയമത്തിന്റെ ഏത് വകുപ്പനുസരിച്ചാണ് ഇത്തരം ക്രയവിക്രയങ്ങളെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കണം.
സര്‍വകലാശാലയെ ഭൂമികച്ചവടത്തിന്റെ ഇടനിലക്കാരാക്കുന്ന നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു
.

No comments:

Post a Comment