Sunday, April 22, 2012

വെടിനിര്‍ത്തല്‍ പാളി; വീണ്ടും തെരുവുയുദ്ധം
തിരു/ കോഴിക്കോട്/ കണ്ണൂര്‍: യുഡിഎഫില്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചെന്ന് നേതാക്കള്‍ പറഞ്ഞതിനുപിന്നാലെ മുതിര്‍ന്ന നേതാക്കള്‍ പ്രസ്താവനായുദ്ധവുമായി വീണ്ടും രംഗത്ത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് യൂത്തുലീഗുകാര്‍ പ്രകടനം നടത്തി. ആര്യാടന്‍ മുഹമ്മദിന് അഭിവാദ്യം അര്‍പ്പിച്ച ബോര്‍ഡും നശിപ്പിച്ചു. ഇതിന് മറുപടിയായി യൂത്ത് കോണ്‍ഗ്രസുകാരും ടൗണില്‍ പ്രകടനം നടത്തി. നേതാക്കളുടെ പ്രസ്താവനകള്‍ എല്ലാ അതിരും ലംഘിച്ച് ഏറ്റുമുട്ടലിലേക്ക് കടന്നതോടെ പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതവഗണിച്ച് കെപിസിസി വക്താവ് എം എം ഹസ്സനും കെ മുരളീധരന്‍ എംഎല്‍എയും രംഗത്തിറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ് സ്വകാര്യ ചാനലില്‍ ലീഗിനെതിരെയും ഷിബു ബേബിജോണ്‍ പൊതുപരിപാടിയില്‍യുഡിഎഫിനെതിരെയും ആഞ്ഞടിച്ചു. ഞായറാഴ്ച രാവിലെയാണ് നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കിയതായി ചെന്നിത്തല കോഴിക്കോട്ട് അറിയിച്ചത്. അല്‍പ്പസമയത്തിനകം ചെന്നിത്തലയുടെ വിളിപ്പാടകലെ വാര്‍ത്താലേഖകരെ വിളിച്ച് ഹസ്സന്‍ ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചു. ആത്മാഭിമാനം പണയപ്പെടുത്തി യുഡിഎഫിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. ആട്ടുംതുപ്പുമേറ്റ് മുസ്ലിംലീഗ് തുടരില്ലെന്നു പറയുമ്പോള്‍, കോണ്‍ഗ്രസിന് ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ടുപോകാനാകില്ലെന്നും മനസ്സിലാക്കണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് ലീഗിന്റെ ഔദാര്യത്തിലാണെന്ന മജീദിന്റെ പ്രസ്താവന അതിരുകടന്നു. കോണ്‍ഗ്രസ് നേതാക്കളെ പട്ടിവേഷം കെട്ടിച്ച് ഫ്ളക്സ്ബോര്‍ഡ് വച്ചതും മറ്റും തരംതാണ ഏര്‍പ്പാടാണെന്നും ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് വിട്ടുപോകുമെന്ന മുസ്ലിംലീഗിന്റെ ഭീഷണി കോണ്‍ഗ്രസിനോട് വേണ്ടെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അത്തരം ഭീഷണി വിലപ്പോകില്ല. യുഡിഎഫ് വിട്ടാല്‍ ലീഗിനെ എല്‍ഡിഎഫ് എടുക്കില്ല. പണ്ട് അങ്ങനെ വിട്ടുപോയതാണ്. അന്ന് എല്‍ഡിഎഫ് എടുക്കാത്തതുകൊണ്ട് പോയതുപോലെ തിരിച്ചുവന്നു. പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ അതേനാണയത്തില്‍ മറുപടി പറയുമെന്നും മുരളി പ്രതികരിച്ചു. യുഡിഎഫില്‍ നടക്കുന്ന പരസ്യപ്രസ്താവനയും തമ്മിലടിയും നാണംകെട്ട ഏര്‍പ്പാടാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍ മലപ്പുറത്ത് പറഞ്ഞു. സ്വന്തം മുന്നണിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ ആരെ തൃപ്തിപ്പെടുത്താനാണെന്ന് മനസ്സിലാകുന്നില്ല. പിറവത്ത് ജയിച്ചതിന്റെ അഹങ്കാരമാണ് ചില നേതാക്കള്‍ക്ക്. സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അഞ്ചാംമന്ത്രിക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത ലീഗിന് ഇപ്പോള്‍ അത് വേണമെന്ന് പറയാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുന്നില്ല- ഷിബു പറഞ്ഞു. ലീഗും സമസ്തയും തനിക്ക് ഫത്വ പുറപ്പെടുവിക്കാനായിട്ടില്ലെന്ന് ചാനലില്‍ ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. വേണമെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും ആര്യാടന്‍ പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനും കെ മുരളീധരനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് അമ്പതോളം യൂത്ത് ലീഗുകാര്‍ ഞായറാഴ്ച വൈകിട്ട് ശ്രീകണ്ഠാപുരത്ത് പ്രകടനം നടത്തിയത്. "നിലമ്പൂരിലെ പോറ്റുപട്ടി കുരച്ചാല്‍ തല്ലിക്കൊല്ലും സൂക്ഷിച്ചോ" എന്നാണ് ആര്യാടനെതിരെ യൂത്ത്ലീഗ് മുദ്രാവാക്യം വിളിച്ചത്. ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു കണ്ട് കുഞ്ഞാലിക്കുട്ടിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ലീഗ് നേതാക്കള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നിരുന്നു. പിന്നീട് കോഴിക്കോട്ട് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന ചെന്നിത്തലയുമായി ബന്ധപ്പെട്ടു. കാല്‍മണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം ഹൈദരലി ശിഹാബ് തങ്ങളും ചെന്നിത്തലയും ചാനല്‍ക്യാമറകള്‍ക്കുമുന്നില്‍ കെട്ടിപ്പിടിച്ചു. എല്ലാപ്രശ്നവും തീര്‍ന്നതായും ഇരുവരും പ്രഖ്യാപിച്ചു. ഇനി പരസ്യപ്രസ്താവനയില്ലെന്ന് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്ഥാപിച്ച ഫ്ളക്സ്ബോര്‍ഡ് നീക്കുമെന്ന് തങ്ങളും പറഞ്ഞു.

No comments:

Post a Comment