Saturday, April 28, 2012

കോളേജധ്യാപകനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്






പിരിച്ചുവിടല്‍ പകപോക്കലെന്ന് കോടതി



  1.  സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ മലയാളം വകുപ്പ് തലവന്‍ സെബാസ്റ്റ്യന്‍ കെ. ആന്റണിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. 2008 ഫിബ്രവരി 8ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത തീയതി മുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനാണ് ഉത്തരവ്. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ തിരുത്തിയെന്ന കാരണം പറഞ്ഞ് നടപടിക്രമം പാലിക്കാതെ സസ്‌പെന്‍ഡ് ചെയ്തതും പിരിച്ചുവിട്ടതും പകപോക്കല്‍ നടപടിയാണെന്ന് ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് കെ. ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
  2. വിജ്ഞാനവും സംസ്‌കാരവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കാനുള്ള സരസ്വതീക്ഷേത്രമാണ് കോളേജ്. പിരിച്ചുവിടപ്പെട്ട അധ്യാപകന്‍ അതുല്യപ്രതിഭയാണെന്ന് എം.ജി. സര്‍വകലാശാല നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കോളേജിന്റെ തലപ്പത്തും പ്രതിഭാധനന്മാരുണ്ടാകാം. എന്നാല്‍, ഇത് പ്രതികാര നടപടിക്ക് കാരണമാകരുതെന്ന് കോടതി ഓര്‍മിപ്പിച്ചു.
  3. സെന്റ് ആല്‍ബര്‍ട്ടസ് കോളേജിന്റെ മേധാവികള്‍ മഹാമനസ്‌കരാകണം. സ്ഥാപന മേധാവികളും അധ്യാപകരും തമ്മില്‍ നല്ല ബന്ധം നിലനിന്നാല്‍ മാത്രമേ അധ്യാപകരുടെ കഴിവ് പ്രയോജനപ്പെടുത്താനാവൂ. സ്‌നേഹത്തിന്റെ ശക്തിക്ക് മീതെ മറ്റൊരു ശക്തിയുമില്ല. വെറുപ്പ്, പക, പരസ്​പര മാത്സര്യം എന്നിവ വിദ്യാഭ്യാസ സ്ഥാപനത്തിലെ ശാന്തമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ഇടനല്‍കരുത്. തെറ്റ് ചെയ്യുന്നത് മാനുഷികമാണെങ്കില്‍ മാപ്പ് നല്‍കുന്നത് ദൈവികമാണ് -കോടതി ചൂണ്ടിക്കാട്ടി.
  4. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ 24 വര്‍ഷത്തെ സര്‍വീസുള്ള വ്യക്തിയാണ് ഹര്‍ജിക്കാരന്‍. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ലീവ് അടയാളപ്പെടുത്തിയത് മാറ്റി ഒപ്പിട്ടുവെന്ന് ആരോപിച്ചാണ് മാനേജ്‌മെന്റ് 2008 ഫിബ്രവരിയില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. 2007 ജൂണ്‍, ജൂലായ്, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഏഴ് ദിവസം ഇത്തരത്തില്‍ രജിസ്റ്ററില്‍ തിരുത്ത് വരുത്തിയെന്നാണ് ആരോപണം. ഇത് ദുരുദ്ദേശ്യപരവും പകപോക്കലുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും എം.ജി. സര്‍വകലാശാലാ സെനറ്റ് അംഗവുമായിരുന്നു ഹര്‍ജിക്കാരന്‍. കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ എം.ജി.സര്‍വകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2009 ജനവരി 17നാണ് ഹര്‍ജിക്കാരനെ സസ്‌പെന്‍ഷന്‍ തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിട്ടത്. ഇതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.
  5. രജിസ്റ്ററില്‍ തിരുത്ത് വരുത്തിയെന്ന് പറയുന്ന ഏഴ് ദിവസങ്ങളിലും ഹര്‍ജിക്കാരന്‍ കോളേജില്‍ ഹാജരായില്ലെന്ന് തെളിയിക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചില്ലെന്ന് അപ്പീല്‍ അനുവദിച്ചുകൊണ്ട് കോടതി വിലയിരുത്തി. ഹര്‍ജിക്കാരന് എതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിലും പരാജയപ്പെട്ടു. ഹര്‍ജിക്കാരന് എതിരായ ആരോപണങ്ങളിലെ കള്ളത്തരം കണ്ടെത്താന്‍ ഇക്കാര്യത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചതുമില്ല. പ്രതികാരബുദ്ധ്യാ നടത്തിയ അച്ചടക്ക നടപടിയുടെ പിന്നിലെ സത്യം കണ്ടെത്താന്‍ സര്‍വകലാശാലയിലെ അപ്പലേറ്റ് ട്രൈബ്യൂണലിനും സാധിച്ചില്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഡ്വ. നന്ദകുമാര മേനോന്‍ ഹാജരായി.

No comments:

Post a Comment