Friday, April 20, 2012

ലൈംഗിക അപവാദം: വക്താവ് സ്ഥാനത്തുനിന്ന് സിങ്വിയെ നീക്കി




 ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് നീക്കി. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിങ്വി ഒരു വനിതാ അഭിഭാഷകയുമായി ചേംബറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ സിഡി കൈവശമുണ്ടെന്ന് സിങ്വിയുടെ മുന്‍ ഡ്രൈവര്‍ മുകേഷ്കുമാര്‍ ലാലിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. നേരത്തേ കേരള സര്‍ക്കാരിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സിങ്വിയെ കുറച്ചുകാലം വക്താവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച എഐസിസി ആസ്ഥാനത്തെ പതിവു വാര്‍ത്താസമ്മേളനത്തില്‍നിന്ന് അഭിഷേക് സിങ്വി വിട്ടുനിന്നത് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണെന്ന് മറ്റൊരു വക്താവായ റഷീദ് അല്‍വി പറഞ്ഞു. വക്താവ് സ്ഥാനത്തുനിന്ന് സിങ്വിയെ നീക്കം ചെയ്തോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിനെ നീക്കിയോ നിലനിര്‍ത്തിയോ എന്ന ചോദ്യം പ്രസക്തമല്ലെന്നായിരുന്നു അല്‍വിയുടെ പ്രതികരണം. ഇതെല്ലാം കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളാണ്. എല്ലാം വിശദീകരിച്ച് സിങ്വി തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തും. എന്നാല്‍, പത്രസമ്മേളനം എഐസിസി വക്താവ് എന്ന നിലയിലായിരിക്കുമോ എന്ന് അല്‍വി പറഞ്ഞില്ല. മതിയായ ശമ്പളം നല്‍കാത്തതിന്റെ വൈരാഗ്യവും തന്റെ ഭാര്യയെ സിങ്വിയുടെ നായ കടിച്ചതിന്റെ ദേഷ്യവുമാണ് സിഡി പുറത്തുവിടാന്‍ പ്രേരിപ്പിച്ചതെന്ന് ഡ്രൈവര്‍ മുകേഷ്ലാല്‍ പറഞ്ഞു. ബിഹാറിലെ ഒരു കടയില്‍നിന്ന് കിട്ടിയ സിഡി ആജ്തക്, ഹെഡ്ലൈന്‍സ് ടുഡേ, ഇന്ത്യാ ടുഡേ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് ലാല്‍ പറഞ്ഞു.സിഡി സംപ്രേക്ഷണം ചെയ്യുന്നതില്‍നിന്ന് മാധ്യമസ്ഥാപനങ്ങളെ തടയണമെന്നാവശ്യപ്പെട്ട് സിങ്വിയുടെ ജൂനിയര്‍ അഭിഭാഷകനായ അഭിമന്യു ഭണ്ഡാരി ഡല്‍ഹി ഹൈക്കോടതിയില്‍ ഏപ്രില്‍ 13ന് ഹര്‍ജി നല്‍കി. ഇങ്ങനെയാണ് വാര്‍ത്ത പുറത്തായത്. സിഡി സംപ്രേക്ഷണം ചെയ്യരുതെന്ന് കോടതി നിര്‍ദേശവും നല്‍കി. തന്റെ ഭാര്യയുടെ കാര്‍ ഡ്രൈവറായിരുന്ന ലാല്‍ മാര്‍ച്ച് 17ന് സ്വമേധയാ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും സിങ്വി അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. മാര്‍ച്ച് 22, 23 തീയതികളില്‍ ലാലിന്റെ എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചു. മതിയായ തുക നല്‍കിയില്ലെങ്കില്‍ സിഡി പുറത്താക്കുമെന്ന ഭീഷണിയായിരുന്നു സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്. സിഡി വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനായി തയ്യാറാക്കിയതാണെന്നും സിങ്വി അറിയിച്ചു. സിഡി വ്യാജമാണെങ്കില്‍ എന്തിനാണ് സംപ്രേക്ഷണം തടയാന്‍ സിങ്വി ഹര്‍ജി നല്‍കിയത് എന്ന ചോദ്യംഉയരുന്നുണ്ട്. സിങ്വിയുമായി ബന്ധം പുലര്‍ത്തിയെന്ന് പറയപ്പെടുന്ന സ്ത്രീ ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകയും ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പാനലില്‍ ഉള്‍പ്പെട്ടിരുന്നവരുമാണ്. ടിവി ചാനലുകളില്‍ സിഡിയുടെ സംപ്രേക്ഷണം നിരോധിച്ചുവെങ്കിലും ഡല്‍ഹിയില്‍ സിഡിയുടെ പകര്‍പ്പ് വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

No comments:

Post a Comment