Monday, April 2, 2012

ആഗോളവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ ജുഡീഷ്യറിയിലും  •  ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തിയ "ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" സെമിനാര്‍. ആഗോളവല്‍ക്കരണത്തിന്റെ കൂടപ്പിറപ്പായ അഴിമതി തടയാനും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുമെല്ലാം ഇടപെട്ടുവെന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, ജഡ്ജിമാരെ ആഗോളവല്‍ക്കരണം സ്വാധീനിച്ചതിനെതുടര്‍ന്നുണ്ടായ ജനവിരുദ്ധ കോടതിവിധികള്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് കാരണമായെന്ന് സെമിനാറില്‍ പങ്കെടുത്തവരെല്ലാം ഐകകണേ്ഠ്യന അഭിപ്രായപ്പെട്ടു.
  •  ബംഗാളില്‍ ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണകൂടം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കുമ്പോള്‍ കോടതിയില്‍ നീതിക്കായി ഇരക്കേണ്ട അവസ്ഥയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റും കൊല്‍ക്കത്തയിലെ പ്രസിദ്ധ അഭിഭാഷകനുമായ വികാസ് രഞ്ജന്‍ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
  •  ആഗോളവല്‍ക്കരണനയങ്ങളുടെ സ്വാധീനത്തില്‍പെട്ടതുകൊണ്ടാണ് സമരത്തിനും പണിമുടക്കിനും പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരെയുമെല്ലാം കോടതി നിലപാട് സ്വീകരിക്കുന്നതെന്ന് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിനയവും കോടതികള്‍ക്കുണ്ടാകണം. കോടതികളുടെ അസഹിഷ്ണുത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും തങ്ങളുടെ അധികാരപരിധിയെക്കുറിച്ച് ജഡ്ജിമാര്‍ക്ക് കൃത്യവും വ്യക്തവുമായ ധാരണ ഉണ്ടായിരിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ നയങ്ങളുടെ സ്വാധീനത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂല വിധികള്‍ കൂടുതലായി ഉണ്ടാകുന്നതും സെമിനാര്‍ നിരീക്ഷിച്ചു.
  •  ഒരു നിയമം നിര്‍മിക്കുമ്പോള്‍ രാജ്യത്തെ ദരിദ്രന് എന്തു പ്രയോജനമെന്ന് ചിന്തിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഇന്ന് കോടതി വ്യവഹാരത്തിന് വന്‍ പണച്ചെലവ് വേണ്ടിവരുന്നു. സുപ്രീംകോടതിയില്‍ സാധാരണക്കാരന് നീതിക്കായി പോകാനാവില്ല. അരക്കോടിയിലേറെ ചെലവ് വരും. അബ്ദുള്‍ നാസര്‍ മഅദ്നി ജയിലില്‍ 4000 ദിവസം പിന്നിട്ടു. അദ്ദേഹത്തെ എന്തിനാണ് ജയിലിലിട്ടിരിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഇതുവരെയായിട്ടില്ല. ഇതിനകം കോടതിയെ സമീപിക്കാന്‍ മാത്രമായി 60 ലക്ഷം ചെലവിട്ടുകഴിഞ്ഞതായി കേസ് നടത്തുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ചിലര്‍ ഹൈക്കോടതികളില്‍ ജഡ്ജിമാരായി എത്തുമ്പോഴാണ് അങ്ങനെയൊരാളുണ്ടെന്ന് മനസിലാകുന്നതുതന്നെ. തങ്ങള്‍ ഒന്നിനും വിധേയരല്ലെന്ന സമീപനം ജനാധിപത്യത്തില്‍ ജഡ്ജിമാര്‍ കൈക്കൊള്ളുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
  •  ഇന്ത്യയില്‍ ദരിദ്രര്‍ക്കും ജനാധിപത്യസംഘടനകള്‍ക്കുമെതിരെ പലപ്പോഴും ഉണ്ടാകുന്ന കോടതിവിധികളെക്കുറിച്ചാണ് ചെന്നൈ ഹൈക്കോടതിയിലെ അഡ്വ. ജി ചാംകി രാജ് സംസാരിച്ചത്. 
  • നീതിദേവതയുടെ കണ്ണ് കെട്ടിയിരിക്കുന്നത് ജഡ്ജിമാരും വക്കീലന്മാരും ചെയ്യുന്ന അനീതികള്‍ കാണാതിരിക്കാനാണെന്ന പ്രസിദ്ധമായ വചനം അവതിരിപ്പിച്ചുകൊണ്ടാണ് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് സംസാരിച്ചത്. തെറ്റായ വിധിന്യായങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന ആഹ്വാനവും സെമിനാര്‍ നല്‍കി.

No comments:

Post a Comment