Sunday, April 15, 2012

'കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: രമേശ്‌ ഡല്‍ഹിക്കില്ല: ഒത്തുതീര്‍പ്പകലെ




തിരുവനന്തപുരം: മുസ്ലിം ലീഗിന്‌ അഞ്ചാം മന്ത്രിയെ അനുവദിക്കുകയും കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചുപണിയുകയും ചെയ്‌തതോടെ കോണ്‍ഗ്രസിലുണ്ടായ കലാപം ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം ഇന്നു ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു. പി.ടി. തോമസ്‌ എം.പി. അടക്കമുള്ള എ ഗ്രൂപ്പുകാര്‍ തന്നെ പ്രതിക്കൂട്ടിലാക്കി നടത്തുന്ന പ്രസ്‌താവനകളും നീക്കങ്ങളുമാണ്‌ രമേശിനെ പ്രകോപിതനാക്കിയത്‌. ഇതോടെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി.

ഇതേസമയം ഇന്നു നടക്കുന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ഡല്‍ഹിയിലെത്തി. ഇതോടൊപ്പം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രമേശ്‌ ഇന്നു ഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു മുന്‍ ധാരണ. മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചുപണിതപ്പോള്‍ താനുമായി ആലോചിക്കാതിരുന്നതാണു ചെന്നിത്തലയെ ചൊടിപ്പിച്ചത്‌. ഇക്കാര്യത്തിലുള്ള തന്റെ പ്രതിഷേധം അദ്ദേഹം കേന്ദ്രമന്ത്രി എ.കെ. ആന്റണിയെ അറിയിക്കുകയും ചെയ്‌തു. അതിനുശേഷമാണ്‌ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ വരാന്‍ കെ.പി.സി.സി. പ്രസിഡന്റിനോടും നിര്‍ദേശിച്ചത്‌.

അഞ്ചാംമന്ത്രിക്കാര്യത്തില്‍ തുടക്കം മുതല്‍ രമേശും ഉമ്മന്‍ചാണ്ടിയും രണ്ടു തട്ടിലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ തന്നെ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നും മാറ്റുന്നതരത്തിലുള്ള പ്രചാരണം നടത്തിയതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ലീഗിന്റെ അഞ്ചാം മന്ത്രിയോടൊപ്പം കെ.പി.സി.സിയിലും അഴിച്ചുപണി നടത്താനുള്ള ഗൂഢാലോചനയായിരുന്നു ഇതിനു പിന്നിലെന്നും പരാതിയുണ്ട്‌. സര്‍ക്കാരിന്‌ പാര്‍ട്ടി എന്നും പൂര്‍ണ പിന്തുണ നല്‍കാനാണ്‌ ശ്രമിച്ചത്‌. പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാത്ത പ്രവര്‍ത്തനമാണ്‌ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്‌. ഈ രീതിയില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ലെന്നും ആന്റണിയോട്‌ പരാതിപ്പെട്ടപ്പോള്‍ തന്നെ രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒന്നിച്ചാണ്‌ എ.ഐ.സി.സി. അധ്യക്ഷയെ കണ്ടിരുന്നത്‌.

വകുപ്പുമാറ്റം നടത്തിയപ്പോള്‍ മാത്രം ആ കീഴ്‌വഴക്കം മുഖ്യമന്ത്രി ലംഘിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും വകുപ്പുകളെക്കുറിച്ച്‌ രമേശുമായി ചര്‍ച്ചചെയ്‌തിരുന്നു. അന്ന്‌ റവന്യു അടൂര്‍പ്രകാശിനു നല്‍കണമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ ആവശ്യപ്പെട്ടിരുന്നു. അത്‌ മുഖ്യമന്ത്രി അംഗീകരിച്ചില്ല. പിന്നീട്‌ റവന്യൂനല്‍കിയപ്പോള്‍ അത്‌ കെ.പി.സി.സി. പ്രസിഡന്റുമായി ആലോചിക്കാന്‍ മനസുകാട്ടാതിരുന്നതും ശരിയല്ല. കരുണാകരന്റെ കാലത്ത്‌ വകുപ്പുകള്‍ മാറ്റുന്നത്‌ താനുമായും തന്റെ ഗ്രൂപ്പുമായും ചര്‍ച്ചചെയ്‌തില്ലെന്ന്‌ പരാതിപ്പെട്ട്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ സ്‌ഥാനം രാജിവച്ച ചരിത്രമുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ നടപടി നീതീകരിക്കാനാവില്ലെന്നും ഐ ഗ്രൂപ്പ്‌ ആരോപിക്കുന്നു.

വകുപ്പുമാറ്റം മുഖ്യമന്ത്രിയുടെ അവകാശമാണെന്നാണ്‌ മറുപക്ഷത്തിന്റെ വാദം. ഒരുവിധത്തിലും പരിഹരിക്കാന്‍ കഴിയാത്ത സ്‌ഥിതി വന്നപ്പോഴാണ്‌ വകുപ്പുകളില്‍ അഴിച്ചുപണി നടത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്‌.

അതിന്‌ അനുമതി ലഭിച്ചതുപോലും സത്യപ്രതിജ്‌ഞാദിവസം രാവിലെയാണ്‌. അനുമതി ലഭിച്ചയുടന്‍ മുഖ്യമന്ത്രി ആദ്യം ഇക്കാര്യം അറിയിച്ചത്‌ കെ.പി.സി.സി. പ്രസിഡന്റിനെയായിരുന്നുവെന്നും എ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
E-mail

No comments:

Post a Comment