Monday, April 16, 2012

മിസ്ത്രിയെ മാറ്റണമെന്ന് ഉമ്മന്‍ചാണ്ടി


 കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് പരാതി നല്‍കി. കേരളത്തില്‍ സുഗമമായ ഭരണത്തിനുള്ള അന്തരീക്ഷം ഇല്ലാതാക്കിയതില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണ് അഹമ്മദ് പട്ടേലിനോടും എ കെ ആന്റണിയോടും ഉമ്മന്‍ചാണ്ടി പരാതിപ്പെട്ടത്. പ്രശ്നങ്ങള്‍ വഷളാക്കിയതില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദന്‍ മിസ്ത്രിക്ക് പങ്കുണ്ട്. ചെന്നിത്തലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മിസ്ത്രിയെ മാറ്റണമെന്നും ഉമ്മന്‍ചാണ്ടി അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് ഗുണകരമാകില്ല. അതിനാല്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഞ്ചാംമന്ത്രിയും വകുപ്പുമാറ്റവും സൃഷ്ടിച്ച പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതില്‍ ഹൈക്കമാന്‍ഡ് അതീവ ഉല്‍ക്കണ്ഠയിലാണ്. ആര്യാടന്‍ മുഹമ്മദിന്റെ രാജിഭീഷണിയും ചെന്നിത്തല ഉയര്‍ത്തുന്ന പ്രതിഷേധവും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയ മുഖ്യമന്ത്രിക്കെതിരെ കേരളത്തില്‍ ഉയരുന്ന പൊതുവികാരവും ഗൗരവമായ സ്ഥിതി സൃഷ്ടിച്ചതായാണ് ദേശീയനേതൃത്വം വിലയിരുത്തുന്നത്. ഭരണം നിലനിര്‍ത്താനാണ് മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയെ കൊടുത്തതെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന പി ടി തോമസിന്റെ പരസ്യപ്രസ്താവനയ്ക്കുപിന്നാലെയാണ്, ചെന്നിത്തലയ്ക്കെതിരെ പരാതിയും തനിക്ക് ഭരിക്കാന്‍ അന്തരീക്ഷം ഉണ്ടാക്കണമെന്ന അഭ്യര്‍ഥനയും ഉമ്മന്‍ചാണ്ടി നടത്തിയത്. ആന്റണി, വയലാര്‍ രവി എന്നിവരുടെ സാന്നിധ്യത്തില്‍ കെപിസിസി നേതൃയോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതിനിടെ ഡല്‍ഹിക്ക് പോകാതെ തിരുവനന്തപുരത്ത് തങ്ങിയ ചെന്നിത്തലയെ കാണാന്‍ കര്‍ണാടക പിസിസി സെക്രട്ടറി മല്ലിക അര്‍ജുന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി. ഹൈക്കമാന്‍ഡ് പ്രതിനിധിയായല്ല വ്യക്തിപരമായ സൗഹൃദം പുതുക്കാനാണ് ചെന്നിത്തലയെ കണ്ടതെന്നാണ് മല്ലിക അര്‍ജുന്‍ പറയുന്നത്. പിസിസി പ്രസിഡന്റായശേഷം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരുമിച്ചായിരുന്നു ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ടിരുന്നത്. എന്നാല്‍, രണ്ടുമാസമായി ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ കൂട്ടാതെയാണ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കാണുന്നത്. ഡല്‍ഹിദൗത്യത്തിന് ചെന്നിത്തലയുടെ സഹായം തനിക്ക് ആവശ്യമില്ലെന്ന സന്ദേശമാണ് ഉമ്മന്‍ചാണ്ടി ഇതുവഴി നല്‍കുന്നത്. മുസ്ലിംലീഗിന് ഉമ്മന്‍ചാണ്ടി അഞ്ചാംമന്ത്രിയെ നല്‍കിയത് കൊടിയവഞ്ചനയിലൂടെയാണെന്ന് വിശാല ഐ ഗ്രൂപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണവേളയില്‍തന്നെ കോട്ടയത്ത് എത്തിയ ഹൈദരാലി തങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ഇതിനുള്ള ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് സോണിയ ഗാന്ധിയുമായി പത്തുദിവസംമുമ്പ് കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇ അഹമ്മദ് വെളിപ്പെടുത്തിയത്. എന്നാല്‍, ഉമ്മന്‍ചാണ്ടിതന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ കണ്ട് ലീഗിന് അഞ്ചാംമന്ത്രിയെ കൊടുക്കില്ലെന്ന ഉറപ്പും പിറവം ഉപതെരഞ്ഞെടുപ്പുവേളയില്‍ നല്‍കി. ഐ ഗ്രൂപ്പ് മന്ത്രിമാരുടെ വകുപ്പുമാറ്റത്തിലടക്കം ചെന്നിത്തലയുമായി ആലോചിക്കാതെ ഉമ്മന്‍ചാണ്ടി ഏകപക്ഷീയമായി നീങ്ങിയതിലാണ് ചെന്നിത്തലയും വിശാല ഐയും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരില്‍ സീനിയോറിറ്റികൊണ്ടും അനുഭവപരിജ്ഞാനംകൊണ്ടും രണ്ടാമന്‍ ആര്യാടന്‍ മുഹമ്മദാണ്. വിജിലന്‍സ്വകുപ്പ് ആര്യാടന് നല്‍കണമെന്ന് പാമൊലിന്‍ കേസിന്റെ വേളയില്‍ ചെന്നിത്തല നിര്‍ദേശിച്ചപ്പോള്‍, അതിനെ നിരാകരിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയത്. ഇപ്പോള്‍ ആഭ്യന്തരംകൂടി ഏല്‍പ്പിച്ച് മന്ത്രിസഭയിലെ രണ്ടാംസ്ഥാനം തിരുവഞ്ചൂരിന് നല്‍കിയതോടെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചിരിക്കയാണ് ആര്യാടനും.

No comments:

Post a Comment