Saturday, April 21, 2012

വെടിവയ്പ് ഇന്ത്യന്‍ അതിര്‍ത്തിയിലെന്ന് കേന്ദ്രവും പറഞ്ഞിരുന്നു




കൊച്ചി: ഇറ്റാലിയന്‍ സൈനികര്‍ പ്രതികളായ കടല്‍ വെടിവയ്പ്കേസില്‍, വെടിവയ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്ന കേന്ദ്രനിലപാട് കേന്ദ്രസര്‍ക്കാര്‍തന്നെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനു കടകവിരുദ്ധം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നും കപ്പലിനുള്ളിലെ വാര്‍ത്താ വിനിമയ ഉപകരണങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുന്നുണ്ടെന്നും കോസ്റ്റ്ഗാര്‍ഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കേ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മലക്കംമറിഞ്ഞത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി. വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ത്തന്നെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിക്കുകയും ഗൂഗിള്‍ മാപ്പ് അടക്കം ഹാജരാക്കി ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ ഇന്ത്യന്‍ പൗരന്മാരായതിനാല്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ കൊലക്കുറ്റത്തിന് വിചാരണചെയ്യാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ ഘട്ടത്തിലൊന്നും കേസ് നിയമപരമായി നിലനില്‍ക്കുന്നത ല്ലെന്നോ, സംസ്ഥാനസര്‍ക്കാര്‍ വാദം തെറ്റെന്നോ കേന്ദ്രം കോടതിയില്‍ നിലപാട് എടുത്തിരുന്നില്ല. വെടിവയ്പ്കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ "എന്‍റിക ലെക്സി" ഉപാധികളോടെ വിട്ടുനല്‍കാവുന്നതാണെന്ന് കേന്ദ്ര ഷിപ്പിങ് ഡയറക്ടറുടെയും മെര്‍ക്കന്റയില്‍ മറൈന്‍ വിഭാഗത്തിന്റെയും അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി ഹൈക്കോടതിയില്‍ കേന്ദ്രം സ്വീകരിച്ചത്. മാസങ്ങളോളം ഹൈക്കോടതിയില്‍ വിചാരണ നടന്ന കേസില്‍ ആ ഘട്ടത്തിലൊന്നും എടുക്കാതിരുന്ന നിലപാട് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചത് രാഷ്ട്രീയ ഇടപെടല്‍മൂലമാണെന്ന അഭിപ്രായത്തിലാണ് നിയമവൃത്തങ്ങളും. അതിനിടെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന നിലപാടുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പെട്ടെന്ന് ഹൈക്കോടതിയെ സമീപിച്ചതും കേന്ദ്രസര്‍ക്കാരുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കപ്പല്‍ കമ്പനി ഇത്തരത്തിലൊരു നിലപാട് ഇതുവരെ എടുക്കാതിരിക്കുമ്പോഴാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി വന്നത് എന്നതാണ് സംശയത്തിനിടയാക്കുന്നത്.

No comments:

Post a Comment