Monday, April 16, 2012

ചെന്നിത്തല ഇടഞ്ഞു, ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍



തിരു: ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ഡല്‍ഹിയാത്ര ചെന്നിത്തല അവസാന നിമിഷം ഉപേക്ഷിച്ചു. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതും മന്ത്രിമാരുടെ വകുപ്പുമാറ്റവും സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കവും പടലപ്പിണക്കവും കേന്ദ്രനേതൃത്വവുമായിചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിയാത്ര തീരുമാനിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം തിങ്കളാഴ്ച ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് ഉമ്മന്‍ചാണ്ടി ഒറ്റക്ക് ഡല്‍ഹിയിലെത്തി. കേരളത്തിന്റെ ചുമതലയുള്ള അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് എ കെ ആന്റണിയുമായും ചര്‍ച്ച നടത്തി . ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി. തന്നോട് ആലോചിക്കുകപോലും ചെയ്യാതെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയതാണു കാരണം. മുഖ്യമന്ത്രിക്കസേര കണ്ട് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ചിലരുടെ നീക്കങ്ങള്‍ പ്രതിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവിച്ചതും ചെന്നിത്തലയെ ചൊടിപ്പിച്ചു. ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സംബന്ധിക്കാനാണ് ഉമ്മന്‍ചാണ്ടി എത്തുന്നത്. തുടര്‍ന്ന് സോണിയയെ നേരിട്ട് കണ്ട് കേരളത്തിലെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ സോണിയയെ കാണുന്നില്ലെന്നാണ് ഒടുവിലത്തെ വിവരം. ഡല്‍ഹിയിലുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോണിയഗാന്ധിയെ കണ്ട് കേരളത്തിലെ കാര്യങ്ങള്‍ അറിയിച്ചു. സോണിയയെ അറിയിക്കാനുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വിശ്വസ്തനായ തിരുവഞ്ചൂര്‍ വഴി വിശദീകരിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദും വി എം സുധീരനും പി സി ചാക്കോയും പി ടി തോമസും പ്രശ്നത്തില്‍ പരസ്യപ്രതികരണങ്ങള്‍ തുടര്‍ന്നതോടെ കോണ്‍ഗ്രസും ലീഗും അങ്കലാപ്പിലായി. അഞ്ചാംമന്ത്രി പദവിയും വകുപ്പുമാറ്റവും കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് പാരമ്യത്തിലെത്തിച്ചിരിക്കയാണ്. ഐ ഗ്രൂപ്പ് ഒന്നാകെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനിടെ, എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ആര്യാടന്റെ വിമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും ഇതേക്കുറിച്ച് ഹൈക്കമാന്‍ഡ് അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി ടി തോമസ് എം പി ആവശ്യപ്പെട്ടു. എന്നാല്‍, ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വെളിപ്പെടുത്തണമെന്ന് ചെന്നിത്തലയുടെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും ആവശ്യപ്പെട്ടു. ഈ പ്രസ്താവനയിലെ അപകടം മണത്ത ഉമ്മന്‍ചാണ്ടി പിന്നീടിത് തിരുത്തി. അങ്ങനെ ഒരു ഗൂഢാലോചനയും നടക്കുന്നില്ലെന്നും പാര്‍ടിയില്‍ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നതെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.

കെപിസിസി നിര്‍വാഹകസമിതി വിളിച്ച് ഉടന്‍ പ്രശ്നം ചര്‍ച്ച ചെയ്തില്ലെങ്കില്‍ എല്ലാ കാര്യവും പരസ്യമായി വിളിച്ചുപറയുമെന്ന് വി എം സുധീരന്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുമായി ആലോചിച്ച് നിര്‍വാഹകസമിതി ഉടന്‍ വിളിക്കുമെന്ന് ഇതിനു മറുപടിയായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുത്തത് കെപിസിസി എക്സിക്യൂട്ടീവ് ചേര്‍ന്നല്ലെന്ന് പി സി ചാക്കോ എംപി പറഞ്ഞു. കെപിസിസി നയരൂപീകരണസമിതി ഇല്ലാതായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ചാക്കോ പറഞ്ഞു.

No comments:

Post a Comment