Monday, April 16, 2012

തമിഴ്‌നാടിനുവേണ്ടി അമേരിക്കന്‍ സാങ്കേതിക വിദഗ്‌ധര്‍ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി.






  •  മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ബലപ്പെടുത്തുന്നതിന്റെ സങ്കേതിക റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ തമിഴ്‌നാടിനുവേണ്ടി അമേരിക്കന്‍ സാങ്കേതിക വിദഗ്‌ധര്‍ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി.
  • ഇപ്പോര്‍ നടന്നുവരുന്ന പരിശോധനകള്‍ക്കിടെ യു.എസ്‌ സാങ്കേതിക വിദഗ്‌ധര്‍ മുല്ലപ്പെരിയാറില്‍ പലതവണ എത്തിയിരുന്നു. സെന്‍ട്രല്‍ സോയില്‍ ആന്‍ഡ്‌ മിനറല്‍സ്‌ റിസര്‍ച്ച്‌ സ്‌റ്റേഷനിലെയും (സി.എസ്‌.എം.ആര്‍.എസ്‌) കേന്ദ്ര വാട്ടര്‍ ആന്‍ഡ്‌ പവര്‍ റിസര്‍ച്ച്‌ സ്‌റ്റേഷനിലെയും ഉദ്യോഗസ്‌ഥര്‍ക്കൊപ്പമാണ്‌ അമേരിക്കന്‍ വിദഗ്‌ധര്‍ ഡാമില്‍ വന്നുപോയത്‌. ഇതിനെ കേരളം എതിര്‍ത്തില്ല. 
  • കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങള്‍ യു.എസ്‌. സാങ്കേതിക വിദഗ്‌ധര്‍ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പ്രധാന ഡാമും ബേബിഡാമും ബലപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പ്രത്യേക ഹര്‍ജി അവര്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്‌. ആവശ്യം അംഗീകരിക്കുന്ന പക്ഷം ബലപ്പെടുത്താനുള്ള ഒരുക്കങ്ങളും തമിഴ്‌നാട്‌ ആരംഭിച്ചു. ഡാമില്‍ വെള്ളം ഉയരുന്ന ഓഗസ്‌റ്റ്-സെപ്‌റ്റംബര്‍ മാസങ്ങള്‍ക്കു മുമ്പായി ബലപ്പെടുത്തല്‍ ആരംഭിക്കാനാണ്‌ തമിഴ്‌നാടിന്റെ നീക്കം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പ്രളയാഘാത പഠനം, ഭൂകമ്പപഠനം, അണക്കെട്ട്‌ തകര്‍ച്ചാ വിശകലനം എന്നിവ പഠിക്കാന്‍ ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികളെ കേരളം സ്വന്തം നിലയില്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഉന്നതാധികാര സമിതി സ്വീകരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ്‌ തമിഴ്‌നാടും സ്വന്തം നിലയില്‍ പഠന റിപ്പോര്‍ട്ട്‌ തയാറാക്കുന്നത്‌.
  • അണക്കെട്ട്‌ എങ്ങനെ ബലപ്പെടുത്താമെന്നാണ്‌ അമേരിക്കന്‍ സംഘം പഠിക്കുന്നത്‌. ഉന്നതാധികാര സമതിയുടെ നിര്‍ദേശാനുസരണം നടക്കുന്ന എല്ലാ പരിശോധനകളുടെയും റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്‌ഥര്‍ അമേരിക്കന്‍ ഏജന്‍സിക്ക്‌ പരിശോധിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാനമാക്കിയാണ്‌ ഡാം ബലപ്പെടുത്തല്‍ റിപ്പോര്‍ട്ട്‌ തയാറാക്കുന്നത്‌. ഇതിന്‌ കേന്ദ്ര ഏജന്‍സികളുടെ മൗനാനുവാദമുണ്ട്‌.
  • അണക്കെട്ട്‌ റീകമ്മിഷന്‍ ചെയ്യാതെ തന്നെ അത്‌ ബലപ്പെടുത്തുന്ന പുതിയ സാങ്കേതിക വിദ്യ അമേരിക്കയിലും യൂറോപ്പിലും സര്‍വ്വസാധാരണമായി കഴിഞ്ഞു. ഇത്‌ മാതൃകയാക്കി മുല്ലപ്പെരിയാര്‍ ബലപ്പെടുത്താനാണ്‌ തമിഴ്‌നാടിന്റെ പദ്ധതി. പഴയ അണക്കെട്ട്‌ പൊളിച്ചാലുണ്ടാകുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ്‌ അവര്‍ പുതിയ സാങ്കേതിക വിദ്യയിലേക്കു തിരിഞ്ഞത്‌. 
  • അമേരിക്കയില്‍ പഴയ നിര്‍മിതികള്‍ പൊളിച്ച്‌നീക്കാന്‍ കര്‍ശന നിയന്ത്രണമാണുള്ളത്‌. അവ ബലപ്പെടുത്തി ദീര്‍ഘകാലം ഉപയോഗിക്കാന്‍ പ്രാപ്‌തമാക്കുന്നതാണ്‌ പദ്ധതി. പാലങ്ങള്‍, കെട്ടിടങ്ങള്‍, അണക്കെട്ടുകള്‍ ഒക്കെ ഇങ്ങനെ നിലനിര്‍ത്തിയിട്ടുണ്ട്‌. അമേരിക്കന്‍ എജന്‍സികളുടെ റിപ്പോര്‍ട്ട്‌ സുപ്രീംകോടതി അംഗീകരിക്കുന്ന പക്ഷം രാജ്യത്തുതന്നെ ആദ്യമായി ബലപ്പെടുത്തി നിലനിര്‍ത്തുന്ന അണക്കെട്ടാവും മുല്ലപ്പെരിയാര്‍. 
  • 136 അടിയില്‍ നിന്ന്‌ ജലനിരപ്പ്‌ ഉയരാതിരിക്കാന്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ടണലിന്റെ വലിപ്പം കൂട്ടുന്നത്‌ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുപ്രീം കോടതിയുടെ അനുമതി വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ്‌ തമിഴ്‌നാട്‌. എന്നാല്‍, കേസ്‌ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിന്റെ ഉദ്യോഗസ്‌ഥരാകട്ടെ രണ്ടു തട്ടിലും. മുല്ലപ്പെരിയാര്‍ സെല്ലുമായി ജലവിഭവവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സഹകരിക്കുന്നില്ലെന്നാണു പരാതി. 

No comments:

Post a Comment