Sunday, April 29, 2012

കേരളത്തില്‍ സിമി സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്

 കേരളത്തില്‍ നിരോധിത സംഘടനയായ സിമിയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് സംസ്ഥാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ടു നല്‍കി. സിമി നിരോധനം സംബന്ധിച്ച് കേന്ദ്ര ട്രൈബ്യൂണലിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഈ റിപ്പോര്‍ട്ട് കൈമാറി. അടുത്ത മാസം 3ന് കേരളം സന്ദര്‍ശിക്കുന്ന ജസ്റ്റിസ് വി കെ ഷാലിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണലിന് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2011 ലാണ് സിമിയുടെ പ്രവര്‍ത്തനം നിരോധിച്ചത്. നിരോധനം പുതുക്കുന്നതിന്റെ ഭാഗമായുള്ള തെളിവുശേഖരിക്കുന്നതിനാണ് ട്രിബ്യൂണല്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

മതതീവ്രവാദസംഘടനയായ സിമി കേരളത്തില്‍ പലവിധത്തിലുളള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും സാമുദായികകുഴപ്പങ്ങള്‍ക്കും ശ്രമിച്ചുവരികയായിരുന്നു. കേരളത്തില്‍ നടന്ന സ്ഫോടനങ്ങള്‍ക്കും സാമുദായിക കലാപത്തിനും പിന്നില്‍ സിമിയുടെ കരങ്ങള്‍ ഉണ്ടായിരുന്നു. വിദേശപരിശീലനം കിട്ടിയവര്‍ സിമിയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ രംഗത്തിറങ്ങി. സിമിയുടെ അംഗങ്ങള്‍ പലരൂപത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രഹസ്യമായി പണവും എത്തുന്നുണ്ട്്. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിദേശരാജ്യങ്ങളില്‍ നിന്നും പണം വാങ്ങി പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ. കേരളത്തില്‍ അധ്യാപകന്റെ കൈവെട്ടിയതുള്‍പ്പടെയുള്ള സംഭവങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനം ശക്തമായി വെളിവാക്കപ്പെട്ടിരുന്നു. സാമൂഹ്യപ്രശ്നങ്ങളിലിടപെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനും രഹസ്യമായി ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ സിമിയുടെ പ്രവര്‍ത്തനമുണ്ടെന്ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
നബിദിനറാലിയില്‍ പട്ടാളവേഷമിട്ട 3 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നബിദിനറാലിയില്‍ പട്ടാളവേഷമിട്ട 3 പേര്‍ അറസ്റ്റില്‍. ഹോസ്ദുര്‍ഗ് പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്്. മീനാപ്പീസ് കടപ്പുറത്തെ അര്‍ഷാദ്, ആരിഫ്, ജുനൈദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നബിദിനത്തിലാണ് ഇവര്‍ ഇന്ത്യന്‍ സൈനികര്‍ ധരിക്കുന്ന രീതിയിലുള്ള യൂനിഫോം ധരിച്ച് റാലിയില്‍ പങ്കെടുത്തത്. അനുമതിയില്ലാത റാലി, ഔദ്യോഗികവേഷം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്്. 
ചില രാഷ്ട്രീയപാര്‍ട്ടികളില്‍ തീവ്രവാദികള്‍ കയറിക്കൂടുന്നു ആര്യാടന്‍
കോഴിക്കോട്: എസ്ഡിപിഐ, സിമി, ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദസംഘടനകള്‍ ചില രാഷ്ട്രീയപാര്‍ട്ടികളില്‍ കയറിക്കൂടാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടന്‍. ഇവര്‍ക്ക് ചില രാഷ്ട്രീയപാര്‍ട്ടികളില്‍ എളുപ്പത്തില്‍ കയറിക്കൂടാന്‍ കഴിയും. തനിക്കു നേരെ വെടിയുതിര്‍ത്താല്‍ താനും തിരിച്ച് വെടിവെക്കും. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിക്കുകയാണിപ്പോള്‍. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബോര്‍ഡിന്റെ ശുപാര്‍ശ കിട്ടിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.
മതസംഘടനകള്‍ രാഷ്ട്രീയപാര്‍ടികളായി രൂപംമാറുന്നതിനോട് എതിര്‍പ്പ്: കാന്തപുരം

തിരു: മതസംഘടനകള്‍ രാഷ്ട്രീയപാര്‍ടികളായി രൂപം മാറുന്നതിനോട് ആശയപരമായി എതിരാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. കേരളയാത്രയുടെ സമാപനം കുറിച്ച് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരിക്കലും രാഷ്ട്രീയ പാര്‍ടി രൂപീകരണം ഞങ്ങളുടെ ലക്ഷ്യമല്ല. സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും വ്യക്തമായ നിലപാടുകള്‍ ഞങ്ങള്‍ക്കുണ്ട്. ഈ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരോട് ഞങ്ങളും അനുഭാവം പുലര്‍ത്തും. സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ മാനവികകേരളം സാക്ഷാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ സമഗ്രപദ്ധതിക്ക് രൂപംനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മാനവികപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍,മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, മന്ത്രി വി എസ് ശിവകുമാര്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളയാത്രയുടെ സമാപനസംഗമത്തിന്റെ ഭഭാഗമായി മൂന്ന് മണിയോടെ പുത്തരിക്കണ്ടം മൈതാനത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

No comments:

Post a Comment