Friday, August 5, 2011

ഭൂമി കൈയേറ്റം: അപ്പീല്‍ പിന്‍വലിക്കാനുള്ള ശ്രേയാംസിന്റെ ആവശ്യം വീണ്ടും തള്ളി


വയനാട് ജില്ലയിലെ കൃഷ്ണഗിരി എസ്റ്റേറ്റില്‍ അനധികൃതമായി കൈവശംവച്ച ഭൂമി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന എം വി ശ്രേയാംസ്കുമാറിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും നിരസിച്ചു. കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി കമ്പലക്കാട് കോഴിത്തല കോളനിയിലെ ആദിവാസിയായ പി പി വാസു ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു. ഭൂരഹിതരായ താനടക്കമുള്ള ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാകാത്തത് ശ്രേയാംസ്കുമാറിനെപ്പോലെയുള്ളവര്‍ ഭൂമി അനധികൃതമായി കൈവശംവച്ചതിനാലാണെന്ന് വാസുവിന്റെ ഉപഹര്‍ജിയില്‍ ആരോപിക്കുന്നു. അനധികൃത കൈവശഭൂമി ഏറ്റെടുക്കാന്‍ സുപ്രീം കോടതി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും മറ്റൊരു കേസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 50 ഏക്കറിലധികം ഭൂമി ശ്രേയാംസ്കുമാറിനും ബന്ധുക്കള്‍ക്കും കൈവശമുണ്ടെന്നും ഭൂമി പതിച്ചു ലഭിക്കാന്‍ ശ്രേയാംസ്കുമാറിന് അവകാശമില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ വിശദീകരിച്ചു. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനമുള്ളവര്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കൈയേറി അനധികൃതമായി കൈവശംവച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

No comments:

Post a Comment