Friday, August 5, 2011

ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ഷകരുടെ പ്രതിരോധനിര

  • പശ്ചിമബംഗാളില്‍ ഭരണത്തിന്റെ തണലില്‍ മുന്‍ജന്മിമാര്‍ക്കു വേണ്ടി തൃണമൂല്‍ അക്രമികള്‍ നടത്തുന്ന ഭൂമി പിടിച്ചെടുക്കലിനെതിരെ കര്‍ഷകരുടെ സമരം കാട്ടുതീപോലെ പടരുന്നു. അപ്രതീക്ഷിതമായി തൃണമൂല്‍ - ജന്മി കൂട്ടുകെട്ട് ഭൂമി പിടിച്ചെടുത്തത് കര്‍ഷകരെ ആദ്യം ഞെട്ടിച്ചുവെങ്കിലും അതില്‍നിന്നുണര്‍ന്ന് കര്‍ഷകപ്രസ്ഥാനം സമരസജ്ജമായിക്കഴിഞ്ഞു. ഭരണം മാറിയ തക്കംനോക്കി ജന്മികുടുംബങ്ങള്‍ തൃണമൂല്‍ അക്രമികളുടെ സഹായത്തോടെ ഭൂമിയില്‍ അവകാശം സ്ഥാപിക്കുകയായിരുന്നു. കര്‍ഷകര്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ സമരംമാത്രമേ വഴിയുള്ളൂ എന്ന തിരിച്ചറിവോടെ കര്‍ഷകര്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങി. 
  • ഭൂമി തിരിച്ചുപിടിക്കല്‍ സമരത്തിന് തുടക്കം ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലായിരുന്നു. മുന്‍ ഭൂപരിഷ്കരണ മന്ത്രിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ അബ്ദുറസാഖ് മൊള്ളയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിന്റെ പ്രചോദനമുള്‍ക്കൊണ്ട് ബര്‍ധമാന്‍ ജില്ലയില്‍ പലയിടത്തും സമരം ശക്തിപ്രാപിച്ചു. സദര്‍ ബ്ലോക്കിലെ കാമാര്‍കിത ഗ്രാമത്തില്‍ കര്‍ഷകര്‍ ഭൂമിയില്‍ തിരികെ പ്രവേശിച്ച് നിലമുഴുത് കൃഷിയിറക്കി. കാമാര്‍കിത ഗ്രാമത്തില്‍ 19 ഏക്കര്‍ തിരിച്ചുപിടിച്ചു.
  • ബര്‍ധമാന്‍ ജില്ലയിലെ ഗലസി ഗ്രാമത്തില്‍ ഷേഖ് ലാല്‍ മുഹമ്മദ് എന്ന കര്‍ഷക കാരണവരുടെ 20 സെന്റ് കൃഷിഭൂമി തൃണമൂല്‍ അക്രമികള്‍ പിടിച്ചെടുത്തിരുന്നു. ഇക്കാര്യം പുര്‍സാ കിസാന്‍സഭ ഓഫീസില്‍ അറിയിച്ചു. സമീപഗ്രാമങ്ങളിലും ഭൂമി പിടിച്ചെടുക്കലുകള്‍ നടന്നു. മുന്നൂറോളം കര്‍ഷകരുടെ ഭൂമി നഷ്ടപ്പെട്ടു. ഷേഖ് ലാല്‍ മുഹമ്മദിന്റെ കൃഷിഭൂമി സംരക്ഷിക്കാന്‍ മുതിര്‍ന്ന കര്‍ഷകരായ സത്താര്‍ മല്ലിക്, ഷേഖ് അസ്നാരി, ഷേഖ് അസ്കാരി, ഷേഖ് ആയേദ് നബി എന്നിവരും രംഗത്തുവന്നു. പ്രദേശത്തെ കര്‍ഷകരാകെ ഭൂമി സംരക്ഷിക്കാനുള്ള സമരത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ അക്രമികള്‍ പിന്‍വാങ്ങി. പണിയായുധങ്ങളും ചെങ്കൊടിയുമേന്തി കര്‍ഷകര്‍ കൃഷിയിറക്കി. വൃന്ദാബന്‍പുര്‍ , കുര്‍കുബ, മല്ലിക്പുര്‍ , സാരുള്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ മുന്നൂറോളം കര്‍ഷകരുടെ ഭൂമിയാണ് തിരിച്ചുപിടിച്ചത്. ഭാതാര്‍ , മംഗള്‍കോട്ട്, കേതുഗ്രാം, കാട്വ, പുര്‍ബസ്ഥലി, മന്ദേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലും തിരിച്ചുപിടിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ സോനാഠികാരി, ചാന്ദിപുര്‍ , ദുര്‍ഗാപുര്‍ , കാക്കുറിയ, ഖോരാഖലി, ഗംഗാപുര്‍ ഗ്രാമങ്ങളിലും കര്‍ഷകര്‍ ഭൂമി തിരിച്ചുപിടിച്ചു. ആദിവാസികളടക്കമുള്ള പാവപ്പെട്ട കര്‍ഷകരുടെ ഭൂമിയാണ് അക്രമികള്‍ ഇവിടെ കൈയേറിയിരുന്നത്. സമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എം നേതാവ് അബ്ദുറസാഖ് മൊള്ളയെ തൃണമൂല്‍ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. എന്നാല്‍ , കര്‍ഷകസമരം ശക്തിയോടെ തുടരുകയാണ്.

No comments:

Post a Comment