Friday, August 5, 2011

തേറമ്പിലിനും പ്രതാപനുമെതിരെ വിജിലന്‍സ് അന്വേഷണം


  • പൊതുപണം ദുരുപയോഗം ചെയ്തതിന് കോണ്‍ഗ്രസ് എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണനും ടി എന്‍ പ്രതാപനുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് കോടതി. അന്വേഷണറിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് കോടതിയില്‍ സമര്‍പ്പിക്കാനും തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി ജയറാം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറോട് നിര്‍ദേശിച്ചു. തൃശൂര്‍ അയ്യന്തോളില്‍ ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് ലൈബ്രറിയും ലക്ഷങ്ങള്‍ വിലമതിക്കുന്ന പതിമൂന്നര സെന്റ് സ്ഥലവും 1991ല്‍ തുച്ഛവിലയ്ക്ക് വിറ്റുവെന്നാരോപിച്ച് പൂങ്കുന്നം ഗ്രീന്‍ ഗാര്‍ഡനില്‍ പുത്തന്‍വീട്ടില്‍ രമേശ് നല്‍കിയ ഹര്‍ജിയിലാണ് തേറമ്പില്‍ രാമകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ചത്. തളിക്കുളത്ത് ഇല്ലാത്ത സാംസ്കാരികനിലയത്തിനും വാങ്ങാത്ത ഉപകരണങ്ങള്‍ക്കുമായി എംഎല്‍എ ഫണ്ടില്‍നിന്ന് തുക വകമാറ്റി പൊതുഖജനാവിന് അഞ്ചുലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്ന തളിക്കുളം സ്വദേശി ഐ എസ് സുബ്രഹ്മണ്യന്റെ പരാതിയിലാണ് പ്രതാപനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
  • അയ്യന്തോള്‍ കലക്ടറേറ്റിനടുത്ത് 1976ലാണ് ചില്‍ഡ്രന്‍സ് ലൈബ്രറി സ്ഥാപിച്ചത്. പിന്നീട് പ്രവര്‍ത്തനരഹിതമായി. ലൈബ്രറിയുടെ പ്രസിഡന്റെന്ന നിലയിലാണ് തേറമ്പില്‍ ഭൂമി വിറ്റത്. ലൈബ്രറി കമ്മിറ്റി യോഗമോ പൊതുയോഗമോ വിളിക്കാതെ തന്നിഷ്ടപ്രകാരം തൃക്കുമാരകുടം സ്വദേശി രാധാകൃഷ്ണന്റെയും ഭാര്യ രമണിയുടെയും പേരില്‍ സ്ഥലം തീറെഴുതുകയായിരുന്നു. പ്രവര്‍ത്തനരഹിതമായ ലൈബ്രറികള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിനെ തിരിച്ചേല്‍പ്പിക്കണമെന്ന ഗ്രന്ഥശാലാ നിയമാവലി ലംഘിച്ചാണ് തേറമ്പില്‍ ഭൂമി കൈമാറ്റം നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
  • തളിക്കുളം പഞ്ചായത്തിലെ എക്സ് സര്‍വീസ് ലീഗ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് 2003-04 സാമ്പത്തികവര്‍ഷം സാംസ്കാരികനിലയത്തിന് കെട്ടിടം നിര്‍മിക്കാന്‍ 2,21,404 രൂപ പ്രതാപന്‍ നല്‍കി. തളിക്കുളം സ്നേഹതീരം പാര്‍ക്കില്‍ അനിമോ മീറ്റര്‍ സ്ഥാപിക്കാന്‍ 2,25,000 രൂപയും അുനവദിച്ചിരുന്നു. തളിക്കുളത്ത് എക്സ് സര്‍വീസ് ലീഗ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴില്‍ സാംസ്കാരികനിലയമില്ല. സ്നേഹതീരം പാര്‍ക്കില്‍ അനിമോമീറ്ററും സ്ഥാപിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞു

No comments:

Post a Comment