അമേരിക്കയുടെ വിലയിടിഞ്ഞു

- ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ വായ്പാക്ഷമത പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ്ആന്‍ഡ്പി) എഎഎ(ട്രിപ്പിള്‍എ)യില്‍നിന്ന് എഎപ്ലസി(ഡബിള്‍ എ പ്ലസ്)ലേക്കു താഴ്ത്തി. 1917ല്‍ അമേരിക്കയ്ക്ക് ട്രിപ്പിള്‍എ റേറ്റിങ് അനുവദിച്ചശേഷം ആദ്യമായാണ് അത് താഴ്ത്തുന്നത്. ലോകത്തെ മൂന്നു പ്രധാന റേറ്റിങ് സ്ഥാപനങ്ങളിലൊന്നായ എസ്ആന്‍ഡ്പിയുടെ നടപടി ധന-വായ്പ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അമേരിക്കയ്ക്ക് കനത്തപ്രഹരമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതു കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതിസംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായ ചിത്രമാണ് എസ്ആന്‍ഡ്പി മുന്നോട്ടുവയ്ക്കുന്നത്. ചെലവുചുരുക്കലിലും മറ്റും വീഴ്ചവരുത്തിയാല്‍ രണ്ടുവര്‍ഷത്തിനകം അമേരിക്കയുടെ റേറ്റിങ് അടുത്ത പടിയായ എഎയിലേക്കു താഴ്ത്തേണ്ടിവരുമെന്നും എസ്ആന്‍ഡ്പി മുന്നറിയിപ്പ് നല്‍കി.
- ലോകത്തെ മറ്റു രണ്ടു പ്രധാന റേറ്റിങ് സ്ഥാപനങ്ങളായ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസും ഫിച്ച് റേറ്റിങ്സും തല്‍ക്കാലം അമേരിക്കയുടെ റേറ്റിങ് താഴ്ത്തിയിട്ടില്ല. എന്നാല്‍ , രാജ്യത്തിന്റെ കടഭാരം കുറയ്ക്കാന്‍ നിയമനിര്‍മാണം നടത്തുന്നതില്‍ അമേരിക്കന്‍ സാമാജികര്‍ പരാജയപ്പെടുകയും സമ്പദ്വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്താല്‍ റേറ്റിങ് കുറയ്ക്കേണ്ടിവരുമെന്ന് അവയും മുന്നറിയിപ്പ് നല്‍കുന്നു.
- അമേരിക്കയുടെ മൊത്തം കടം 14,57,000 കോടി ഡോളര്‍(652 ലക്ഷം കോടി രൂപ)ആണ്. ബാങ്കുകള്‍ , പെന്‍ഷന്‍ ഫണ്ടുകള്‍ , നിക്ഷേപകര്‍ , സംസ്ഥാന- പ്രാദേശിക സര്‍ക്കാരുകള്‍ , വിദേശനിക്ഷേപകര്‍ , വിദേശരാജ്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാം ഭീമമായ കടമെടുത്താണ് അമേരിക്ക പിടിച്ചുനില്‍ക്കുന്നത്. വായ്പയെടുക്കാനുള്ള പരിധി 14,10,000 കോടി ഡോളറായിരുന്നത് ഉയര്‍ത്തുന്നതുസംബന്ധിച്ച് ഒബാമ സര്‍ക്കാരും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മില്‍ മാസങ്ങളോളം നീണ്ട തര്‍ക്കം കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്. തുടര്‍ന്ന് അഞ്ചുദിവസംമുമ്പാണ് വായ്പപരിധി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതും പ്രസിഡന്റ് ഒബാമ ഉത്തരവില്‍ ഒപ്പിട്ടതും.
- അമേരിക്കയുടെ ഏറ്റവും വലിയ വായ്പദാതാവായ ചൈന എസ്ആന്‍ഡ്പി തീരുമാനത്തില്‍ കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. അമേരിക്ക കഴിവിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണമെന്നും വായ്പാസക്തിയെ നേരിടണമെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വിശകലനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്ക ഭീമമായ സൈനികച്ചെലവടക്കം ധൂര്‍ത്തുകള്‍ വെട്ടിക്കുറയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അമേരിക്ക ഘടനാപരമായ വായ്പപ്രശ്നം പരിഹരിക്കണമെന്നും തങ്ങളുടെ ഡോളര്‍ ആസ്തികള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ചൈന വ്യക്തമാക്കി. ഡോളറിനുപകരം പുതിയ ആഗോള കരുതല്‍നാണ്യം വേണ്ടിവന്നേക്കുമെന്നും ചൈന അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ 1,20,000 കോടി ഡോളറിന്റെ നിക്ഷേപം ചൈനയ്ക്കുണ്ട്.
- അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 15 മാസംമാത്രം അവശേഷിക്കെയാണ് പ്രധാന റേറ്റിങ് ഏജന്‍സി അമേരിക്കന്‍ സാമ്പത്തികശേഷിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് വായ്പകളടക്കാനുള്ള കഴിവിന്റെ മൂല്യം താഴ്ത്തിയത്. രണ്ടു പ്രധാന രാഷ്ട്രീയകക്ഷികളും ഇതിനു പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ ഇത് പ്രധാന രാഷ്ട്രീയവിഷയമാകുമെന്നുറപ്പ്. ആഗസ്ത് അവധിക്കുപിരിഞ്ഞ കോണ്‍ഗ്രസ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് സെനറ്റര്‍മാരില്‍നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
No comments:
Post a Comment