Tuesday, August 9, 2011

ബസ് ചാര്‍ജ് വര്‍ധന സര്‍ക്കാരിന്റെ ഒത്തുകളി

  • അധികാരമേറ്റെടുത്ത് രണ്ടരമാസം പിന്നിടുമ്പോഴേക്കും ജനവിരുദ്ധനയങ്ങളില്‍ റെക്കോഡിട്ടുകഴിഞ്ഞു, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ . ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ജനോപകാരനടപടികള്‍ ഒന്നടങ്കം അട്ടിമറിച്ച് കെ എം മാണി അവതരിപ്പിച്ച "തിരുത്തല്‍ ബജറ്റ്", സ്വാശ്രയപ്രശ്നത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായുള്ള ഒത്തുകളി, പാവപ്പെട്ട വിദ്യാര്‍ഥികളെയും അധ്യാപകരെയും കൊഞ്ഞനംകുത്തിക്കൊണ്ട് സിബിഎസ്്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രണം എടുത്തുകളയല്‍ , ഇപ്പോഴിതാ ബസ്ചാര്‍ജ് വര്‍ധനയും. ജനവിരുദ്ധനയങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരുമായി മത്സരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ . കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണ് ഇന്നുമുതല്‍ ബസില്‍ യാത്രചെയ്യുന്ന കേരളീയര്‍ നല്‍കേണ്ടത്. ഈ വര്‍ധനയോടെ എക്സ്പ്രസ് ട്രെയിനുകളുടെ നിരക്കിന്റെ ഏതാണ്ട് ഇരട്ടിയിലേറെ തുക ബസ് യാത്രയ്ക്കായി നല്‍കേണ്ടിവരും.
  • ബസുടമകള്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ ചാര്‍ജ് വര്‍ധിപ്പിച്ചാണ് മുതലാളിമാരോട് യുഡിഎഫ് സര്‍ക്കാര്‍ കൂറുകാട്ടിയത്. എന്നിട്ടും ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ പറയുന്നത് ബസുടമകളോട് നീതികാട്ടാന്‍ കഴിഞ്ഞില്ലെന്നാണ്. എന്തൊരു മുതലാളിസ്നേഹം! നാല് രൂപയായിരുന്ന ഓര്‍ഡിനറി ബസിന്റെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെ ചാര്‍ജ് അഞ്ചില്‍നിന്ന് ഏഴ് രൂപയായി വര്‍ധിപ്പിച്ചു. ഇത് മാത്രമാണ് വര്‍ധനയെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ , കണക്കിലെ കളികൊണ്ട് യാത്രക്കാരോട് അനീതി കാട്ടിയിരിക്കുകയാണ് മന്ത്രിയും സര്‍ക്കാരും.
  •  കിലോമീറ്ററിന് 55 പൈസയാണ് നിലവിലെ നിരക്ക്. പുതിയ നിരക്ക് പ്രകാരം വിവിധ ഫെയര്‍സ്റ്റേജുകളില്‍ യാത്രക്കാരില്‍നിന്ന് 61 പൈസ മുതല്‍ ഒരുരൂപ വരെ ഈടാക്കും. ബസുടമകള്‍ കിലോമീറ്റര്‍ ചാര്‍ജ് 65 പൈസയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ബസുടമകള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ആറ് മുതല്‍ 35 പൈസവരെ അധികമായി ലഭിക്കും. അതായത് കിലോമീറ്ററിന് അധികവര്‍ധന അനുവദിച്ചുകൊണ്ടാണ് മന്ത്രി പച്ചക്കള്ളം പറയുന്നത്. ഹ്രസ്വദൂരയാത്രക്കാരെയാണ് വര്‍ധന ഏറ്റവുമധികം ബാധിക്കുക. ഏറ്റവുമധികം ആളുകള്‍ യാത്രചെയ്യുന്ന ഫെയര്‍സ്റ്റേജായ നാലാം ഫെയര്‍സ്റ്റേജില്‍ ഇതുവരെ നല്‍കിയ അഞ്ചര രൂപയ്ക്ക് പകരം ഇന്ന് മുതല്‍ എട്ട് രൂപ നല്‍കേണ്ടിവരും.
  •  ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബസ് നിരക്കാണ് കേരളത്തിലേത്. രാജ്യത്തുതന്നെ കുറഞ്ഞ ദൂരത്തിന് ഏറ്റവുമധികം നിരക്ക് ഈടാക്കുന്ന സംസ്ഥാനവും കേരളമാണ്. നിലവിലുള്ള നിരക്ക് തന്നെ തമിഴ്നാട്ടിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികമാണ്. ഇപ്പോഴത്തെ വര്‍ധനയോടെ ഈ അന്തരം പിന്നെയും വര്‍ധിച്ചിരിക്കുന്നു. മിനിമം നിരക്കിലും ഫെയര്‍സ്റ്റേജിലുമെല്ലാം തമിഴ്നാട്ടിലേതിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണ് മലയാളികള്‍ നല്‍കേണ്ടിവരുന്നത്.ബസ് ഉടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി യാത്രക്കാരെ പിഴിയാന്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.
  • നിരക്ക് എത്ര വര്‍ധിച്ചാലും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ഉടമകള്‍ നിരത്തുന്നത്. ഇന്ധനവില വര്‍ധന, സ്പെയര്‍പാര്‍ട്സ് വില, തൊഴിലാളികളുടെ കൂലി, തേയ്മാനം തുടങ്ങിയവയിലെല്ലാം കേരളത്തിലെ ബസ് മുതലാളിമാര്‍ പെരുപ്പിച്ച തുകയാണ് കാണിക്കുന്നതെന്ന് അയല്‍ സംസ്ഥാനങ്ങളുമായി പരിശോധിച്ചുനോക്കുമ്പോള്‍ മനസ്സിലാകും. ടയര്‍ , സ്പെയര്‍പാര്‍ട്സ് എന്നിവയ്ക്കായി കിലോമീറ്ററിന് 3.86 രൂപയാണ് ചെലവിനത്തില്‍ കേരളത്തിലെ സ്വകാര്യ ബസ് മുതലാളിമാര്‍ കാണിക്കുന്നത്. എന്നാല്‍ , തമിഴ്നാട്ടില്‍ ഇത് 91 പൈസയും കര്‍ണാടകത്തില്‍ 1.63 രൂപയും ആന്ധ്രയില്‍ 1.24 രൂപയുമാണ്. ബസ് യാത്രക്കാരുടെ കണക്കിലും ഉടമകളുടെ കള്ളക്കളിയുണ്ട്. ഓര്‍ഡിനറി ബസില്‍ വിദ്യാര്‍ഥികളടക്കം 36 പേര്‍ യാത്രചെയ്യുന്നതായാണ് ഉടമകള്‍ നല്‍കുന്ന കണക്ക്. എന്നാല്‍ 48 പേര്‍ ഇരുന്നും 12 പേര്‍ നിന്നും യാത്രചെയ്യാനുള്ള പെര്‍മിറ്റാണ് നല്‍കുന്നത്. ഇങ്ങനെ പെരുപ്പിച്ച കള്ളക്കണക്കുകളുമായാണ് ഉടമകള്‍ നിരക്ക് വര്‍ധനയ്ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്.
  •  കണക്കുകളിലെ കള്ളക്കളിയെക്കുറിച്ച് പരിശോധിച്ചുനോക്കാന്‍ പോലും തയ്യാറാകാതെ നിരക്ക് വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാരും. നഷ്ടത്തിലാണ് എന്ന് ഉടമകളുടെ പരിദേവനത്തിനിടയിലും കേരളത്തിലെ എല്ലാ ജില്ലയിലും സ്വകാര്യ ബസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്.പത്തുവര്‍ഷത്തിനിടെ 200, 300 ബസുകളാണ് ഓരോ ജില്ലയിലും വര്‍ധിച്ചത്. കുറഞ്ഞത് ആയിരം മുതല്‍ ആറായിരംവരെ പ്രതിദിനലാഭം സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
  • വിദ്യാര്‍ഥികളുടെ നിരക്കില്‍ വര്‍ധനയില്ലെന്ന മന്ത്രിയുടെ പ്രസ്താവനയും കണ്ണില്‍ പൊടിയിടലാണ്. വിദ്യാര്‍ഥികളുടെ നിരക്കില്‍ 40 മുതല്‍ 80 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. 60 പൈസ നല്‍കിയിരുന്നവര്‍ ഒരു രൂപയും 80 പൈസ നല്‍കിയിരുന്നവര്‍ ഒന്നര രൂപയും നല്‍കണം. അതായത് 87 ശതമാനം വര്‍ധന. 25 പൈസ ഇല്ലാത്തതിനാല്‍ 50ന്റെ ഗുണിതങ്ങളായാണ് കണ്‍സഷന്‍ നിരക്ക് കണക്കാക്കുക.
  • ഡീസല്‍വില കുറഞ്ഞപ്പോള്‍ ബസ് നിരക്ക് കുറയ്ക്കാനുള്ള ധീരമായ തീരുമാനമെടുത്ത സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്. ബസ് ഉടമകളുടെ ഒരു സമ്മര്‍ദത്തിനും ഇടതുപക്ഷസര്‍ക്കാര്‍ വഴങ്ങിയില്ല. ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. ഇത്തരം നടപടികള്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ കടുത്ത ജനരോഷം തന്നെ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരു ന്യായീകരണവുമില്ലാത്ത ഈ വര്‍ധനയ്ക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.

No comments:

Post a Comment