Wednesday, August 10, 2011

അപ്പീല്‍ നല്‍കാത്തത് ഹൈകോടതി പരാമര്‍ശനത്തെ ഭയന്ന്

  • പാമൊലിന്‍കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന നിയമോപദേശം കിട്ടിയിട്ടും അതിനു തയ്യാറാകാത്തത് ഹൈക്കോടതിയുടെ പ്രതികൂലപരാമര്‍ശം ഭയന്ന്. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയും സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ടി ആസഫലിയുമാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം നല്‍കിയത്. എന്നാല്‍ , അപ്പീല്‍ തള്ളിയാല്‍പ്പിന്നെ ഒരു നിമിഷം തുടരാന്‍ കഴിയില്ല. വിജിലന്‍സ് കോടതി ഉത്തരവ് വന്ന തിങ്കളാഴ്ചതന്നെ ദണ്ഡപാണിയെയും ആസഫലിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി. കോടതി പരാമര്‍ശം ഗൗരവതരമാണെന്നും അതു നീക്കിക്കിട്ടാന്‍ അപ്പീല്‍ നല്‍കണമെന്നുമായിരുന്നു അവരുടെ ഉപദേശം. മാണി ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും ഇതേ നിര്‍ദേശം വച്ചു. എന്നാല്‍ , പാമൊലിന്‍ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അന്വേഷണം തടസ്സപ്പെടുന്നതിനാലാണ് അപ്പീല്‍ നല്‍കാത്തതെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. ഇതു തെറ്റിദ്ധരിപ്പിക്കലാണ്.
  •  തുടരന്വേഷണത്തിനെതിരെ അപ്പീല്‍ നല്‍കാനല്ല നിയമോപദേശം ലഭിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശം നീക്കാനാണ്. പരാമര്‍ശം നീക്കാന്‍ അപ്പീല്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ല. പാമൊലിന്‍ ഇടപാടില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1991 നവംബര്‍ 27നാണ് ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടത്. പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള മന്ത്രിസഭാതീരുമാനമെടുക്കാന്‍ അജന്‍ഡക്ക് പുറത്തെ ഇനമായി അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ തയ്യാറാക്കിയ ഫയലാണിത്. സെക്രട്ടറിയറ്റ് മാനുവലിലെ ചട്ടം എട്ട് പ്രകാരം ഭക്ഷ്യമന്ത്രിയുടെ ഫയല്‍ ക്യാബിനറ്റില്‍ വയ്ക്കാനുള്ള അനുമതിയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. ഫയലില്‍ അവസാനമായി മന്ത്രി ഒപ്പിട്ടാല്‍ ആ ഫയലിലെ നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് തന്നെയാണ് അര്‍ഥം. ധനവകുപ്പിനോ മന്ത്രിക്കോ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഫയലില്‍ ഒപ്പിടില്ല. തന്റെ വിയോജിപ്പ് എന്താണെന്ന് രേഖപ്പെടുത്താനുള്ള അധികാരവും മന്ത്രിക്കുണ്ട്.
  • പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ അംഗീകാരത്തിന് അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി സമര്‍പ്പിക്കുന്ന ഫയലില്‍ മന്ത്രി ഒപ്പിട്ടു എന്നതില്‍ നിന്നുതന്നെ ഈ ഇടപാടിന്റെ ഉത്തരവാദിത്തം മന്ത്രിക്കുണ്ടെന്ന് വ്യക്തമാണ്. കോടതി പരാമര്‍ശങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ചട്ടം 10 പ്രകാരം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ഫയല്‍ കൊണ്ടുവരണമെന്ന് പറയാനുള്ള ഉത്തരവാദിത്തവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചില്ല. ഒരു ഫയല്‍ ചട്ടം 10 പ്രകാരം മന്ത്രിസഭായോഗത്തില്‍ അജന്‍ഡയായി കൊണ്ടുവരണമെങ്കില്‍ ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറിതൊട്ട് മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തുകയും പിന്നീട് ധനമന്ത്രി ഒപ്പിടുകയും വേണം. ഫയല്‍ വീണ്ടും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്ക് പോയശേഷമേ മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാകൂ. അങ്ങനെയാകുമ്പോള്‍ കാര്യം നടക്കില്ലെന്ന് മനസിലാക്കിയാണ് അജന്‍ഡയ്ക്കുപുറത്തുള്ള വിഷയമായി കൊണ്ടുവന്നത്.
  • തമിഴ്നാട് മാതൃകയില്‍ പാമൊലിന്‍ വാങ്ങാമെന്ന് ഫയലില്‍ വ്യക്തമായി കുറിച്ചിട്ടുണ്ട്. തമിഴ്നാട് എങ്ങനെയാണ് പാമൊലിന്‍ വാങ്ങിയതെന്നുപോലും ധനമന്ത്രി പരിശോധിച്ചില്ല. ഇതുണ്ടാക്കുന്ന സാമ്പത്തികബാധ്യത പരിശോധിക്കാനും ധനവകുപ്പിനും മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. അതും നിര്‍വഹിച്ചില്ല. ഇതുതന്നെയാണ് പ്രതിയാക്കരുതെന്ന് കാണിച്ച് ടി എച്ച് മുസ്തഫ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയിലും ചൂണ്ടിക്കാട്ടിയത്. ഫയലില്‍ ഒപ്പിട്ട ധനമന്ത്രിയുടെ നടപടിയില്‍ കുറ്റം കണ്ടെത്താത്ത സ്ഥിതിക്ക് തന്നെ പ്രതിയാക്കിയത് അനീതിയാണെന്നാണ് മുസ്തഫയുടെ വാദം. പൊതുതാല്‍പ്പര്യം മാനിച്ചാണ് പാമൊലിന്‍ ഇറക്കുമതി ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും മുസ്തഫ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനര്‍ഥം ഇടപാടിന്റെ എല്ലാ കാര്യങ്ങളും ഉമ്മന്‍ചാണ്ടി അറിഞ്ഞെന്നുതന്നെയാണ്.

No comments:

Post a Comment