Monday, August 8, 2011

തെളിവ് സാക്ഷിമൊഴി മാത്രം; വിജിലന്‍സിന് മനംമാറ്റമെന്തെന്ന് കോടതി



Posted on: 09 Aug 2011


 ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചെന്നും തുടരന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിയുമ്പോള്‍ തെളിവില്ലെന്നു പറയുന്നതിന്റെ കാരണമെന്തെന്ന് കോടതി വിജിലന്‍സിനോട് ചോദിച്ചു. ഇനി തുടരന്വേഷണം വേണമെന്നില്ലെങ്കില്‍ അതിന് യുക്തിസഹമായ തെളിവുകള്‍ നിരത്തണമെന്നും അല്ലാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാനാവില്ലെന്നും പറഞ്ഞാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി തള്ളിയത്.

പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പ്പറേഷനില്‍ നിന്ന് 1991-ല്‍ പാമോയില്‍ വാങ്ങാന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ നയമാണെന്നും സ്റ്റോര്‍ പര്‍ച്ചേസ് നിയമം ലംഘിക്കപ്പെട്ടിട്ടില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാണിച്ചത് സ്വീകാര്യമല്ലെന്ന് കോടതി പറയുന്നു. നയത്തിന്റെ പേരില്‍ സര്‍ക്കാരിന് കോടതിയോട് ബാധ്യതയില്ലെങ്കിലും നയത്തിലെ തെറ്റായതും ക്രമക്കേടുള്ളതുമായ തീരുമാനങ്ങളുണ്ടാക്കുന്ന വ്യക്തികള്‍ക്ക് കോടതിയോട് മറുപടി പറയാന്‍ ബാധ്യതയുണ്ട്. ഈ വാദം നിലനില്‍ക്കുന്നതല്ല. 2005 ജനവരി 19 ന് ഉമ്മന്‍ ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ പാമോയില്‍ കേസിനെക്കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇറക്കുമതി സംബന്ധിച്ച് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നാലാം പ്രതിയുമായ വ്യക്തി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാല്‍ 2011 മെയ് 13 ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളൊന്നും ചേര്‍ത്തിട്ടില്ല. 23-ാം പ്രതിയായ മുന്‍ ധനകാര്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുക മാത്രമാണുണ്ടായത്. പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് തന്നെ 2011 മാര്‍ച്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ഉമ്മന്‍ ചാണ്ടി നടത്തിയ പത്രസമ്മേളനം പുതിയ തെളിവായി സ്വീകരിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു. എങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താത്തതെന്നും കോടതി ചോദിക്കുന്നു. പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് 15 ശതമാനം സേവന ചാര്‍ജ് കൊടുത്തുകൊണ്ട് 15000 മെട്രിക് ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുത്തത് അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നുണ്ട്. ഇത്ര വലിയ സേവന ചാര്‍ജിന് വിലപേശലില്ലാതെയാണ് സമ്മതിച്ചതെന്നും വ്യക്തമാകുന്നുണ്ട്. ആ നിലയ്ക്ക്, മുന്‍ ധനമന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് പകരം, മൊഴി രേഖപ്പെടുത്തി ഫയല്‍ അവസാനിപ്പിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തതെന്നും കോടതി വ്യക്തമാക്കുന്നു. പാമോയില്‍ ഇറക്കുമതിക്കേസില്‍ അന്നത്തെ ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കാനാണ് തുടരന്വേഷണം വേണമെന്ന് മാര്‍ച്ചില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ മെയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കുക എന്ന അടിസ്ഥാനകാര്യം നിര്‍വഹിച്ചിട്ടുള്ളതായി പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും തുടരന്വേഷണം വേണമെന്നും വിജിലന്‍സ് ജഡ്ജ് പി.കെ.ഹനീഫ ആവശ്യപ്പെടുന്നു.

2011 മെയ് 13 നാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി. എന്‍.ശശിധരന്‍ വിജിലന്‍സ് കോടതിയില്‍, തുടരന്വേഷണം ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇദ്ദേഹം തന്നെയാണ് തുടരന്വേഷണത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നുകാണിച്ച് മാര്‍ച്ചില്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.

No comments:

Post a Comment