Sunday, August 7, 2011

10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ബസ്ചാര്‍ജ് വര്‍ധന


  • കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സ്വകാര്യബസ് ചാര്‍ജ്വര്‍ധനയാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പാകുന്നതെന്ന് കണക്കുകള്‍ . നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഫെയര്‍ റിവിഷന്‍ കമ്മിറ്റിക്ക് സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞു. വ്യവസായം പ്രതിസന്ധിയിലാണെന്നു വരുത്താന്‍ ബസുടമകള്‍ നല്‍കിയ വ്യാജ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് കമ്മിറ്റി അമിത ചാര്‍ജ്വര്‍ധനയ്ക്ക് അനുമതി നല്‍കിയത്.
  • കിലോമീറ്റര്‍ ചാര്‍ജ് കൂട്ടാതെ മിനിമംചാര്‍ജില്‍ മാത്രം വര്‍ധന വരുത്തിയെന്ന് മന്ത്രിമാര്‍ അവകാശപ്പെടുമ്പോഴും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ട വര്‍ധന സര്‍ക്കാര്‍ നല്‍കിയെന്നതാണ് വാസ്തവം. ഇതാകട്ടെ സംസ്ഥാനത്താകെയുള്ള 17,000 സ്വകാര്യ ബസുകളില്‍ 90 ശതമാനത്തിനും കൊള്ളലാഭം നല്‍കും.
  • ഉടമകള്‍ ആവശ്യപ്പെട്ടത് കിലോമീറ്ററിന് 65 പൈസ വര്‍ധനയാണ്. പുതുക്കിയ നിരക്കനുസരിച്ച് നാലാമത്തെ ഫെയര്‍ സ്റ്റേജില്‍ 10 കിലോമീറ്റര്‍ യാത്രയ്ക്ക് ടിക്കറ്റ്നിരക്ക് എട്ടു രൂപയാണ്. അതായത് കിലോമീറ്ററിന് 80 പൈസ. നിലവില്‍ ഇത് 55 പെസയാണ്. 20 കിലോമീറ്റര്‍ ദൂരമുള്ള എട്ടാമത്തെ ഫെയര്‍ സ്റ്റേജിലേക്ക് 11 രൂപ നല്‍കണം. അപ്പോള്‍ കിലോമീറ്റര്‍ നിരക്ക് ഉടമകള്‍ ആവശ്യപ്പെട്ട 65 പൈസയാകും. ഇതിന്റെ ഗുണം സംസ്ഥാനത്ത് ആകെയുള്ള 17,000 സ്വകാര്യബസുകളില്‍ 90 ശതമാനത്തിനും കിട്ടും. കാരണം അത്രയും ബസുകള്‍ 40 കിലോമീറ്ററില്‍ താഴെ സര്‍വീസ് നടത്തുന്നവയാണ്. 
  • 1992 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിലോമീറ്റര്‍ നിരക്കില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 പൈസയുടെ വര്‍ധന ആദ്യമാണ്. "92ല്‍ കിലോമീറ്റര്‍ നിരക്ക് 15 പൈസയായിരുന്നത് "94 ല്‍ 18 പൈസയായാണ് ഉയര്‍ത്തിയത്. ഓരോ വര്‍ഷവും 6-7 പൈസയുടെ വര്‍ധനയ്ക്കപ്പുറം പോയിട്ടില്ല. 2008ല്‍ 55 പൈസയായി ഉയര്‍ത്തിയത് "09ല്‍ 52 പൈസയായി കുറച്ചിട്ടുമുണ്ട്. 
  • പ്രവര്‍ത്തനച്ചെലവ് കൂടിയതിനാല്‍ സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ബസുകളുടെ എണ്ണത്തില്‍ വര്‍ഷംതോറും കുറവുണ്ടാകുന്നുവെന്നുമുള്ള ഫെയര്‍ റിവിഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോഴത്തെ വര്‍ധനയ്ക്ക് പ്രധാന കാരണമാണ്. എന്നാല്‍ , ഇത് വ്യാജ കണക്കാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
  • ബസുകളുടെ എണ്ണം 30,000ല്‍ നിന്ന് 14,000 ആയി കുറഞ്ഞെന്നാണ് കമ്മിറ്റിയുടെയും ഗതാഗത കമീഷണറുടെയും കണക്ക്. എന്നാല്‍ , വിവരാവകാശ നിയമപ്രകാരം ആര്‍ടിഒ നല്‍കിയ മറുപടിയില്‍ 15,024 ബസുകളാണ് 2005ല്‍ ഉണ്ടായിരുന്നത്. 2011ല്‍ ഇത് 17,444 ആയി വര്‍ധിച്ചു. 
  • കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളും സമര്‍പ്പിച്ച കണക്കുപ്രകാരം പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് യഥാക്രമം 30-31 പൈസയാണ്. നാറ്റ്പാക് കണക്കുപ്രകാരം സ്വകാര്യ ബസിന്റെ ചെലവ് 20 പൈസ മാത്രം. തമിഴ്നാട്ടില്‍ ഇത് 19 പൈസയും കര്‍ണാടകത്തില്‍ 22 ഉം ആന്ധ്രപ്രദേശില്‍ 23 ഉം ആണ്. കിലോമീറ്ററിന് 10 പൈസയോളം കുടുതലായിട്ടും ഫെയര്‍ റിവിഷന്‍ കമ്മിറ്റി പരിശോധനയൊന്നും കൂടാതെ കണക്കുകള്‍ അതേപടി അംഗീകരിച്ചു.
  • സ്വകാര്യ ബസുടമകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാറില്ലെന്നും ആദായനികുതി വകുപ്പ് ഇവരുടെ കണക്ക് പരിശോധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയാണ് കമ്മിറ്റി കള്ളക്കണക്കുകള്‍ അംഗീകരിച്ചതെന്നതും വിചിത്രം. കുറഞ്ഞത് 60 പേരെയെങ്കിലും കയറ്റുന്ന സ്വകാര്യ ബസുകളിലെ യാത്രികരുടെ എണ്ണം 34 മാത്രമാണെന്ന കമ്മിറ്റിയുടെ തീര്‍പ്പും ചാര്‍ജ് വര്‍ധനയ്ക്ക് കാരണമാണ്. പൊതുവില്‍ ചാര്‍ജ്വര്‍ധനയ്ക്ക് ഗതാഗതവകുപ്പും ബസുടമകളും ചേര്‍ന്ന് സര്‍ക്കാരുമായി ഒത്തുകളിക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്.

No comments:

Post a Comment