Thursday, August 18, 2011

ഹസാരെയുടെ അറസ്‌റ്റില്‍ രണ്ടാംദിനവും രാജ്യമെങ്ങും പ്രതിഷേധം
പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെയെ അറസ്‌റ്റ് ചെയ്‌തതിനെതിരേ തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യമെങ്ങും ശക്‌തമായ പ്രതിഷേധം അലയടിച്ചു. ജമ്മുകാശ്‌മീര്‍, പഞ്ചാബ്‌, ഹരിയാന, ചണ്ഡിഗഡ്‌, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, ഡല്‍ഹി, ഒറീസ, ആന്ധ്രാപ്രദേശ്‌, കര്‍ണാടക, ഛത്തീസ്‌ഗഡ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങളും ധര്‍ണകളും നടത്തി.

ബംഗളുരുവില്‍ ഐ.ഐ.എം, ഐ.ഐ.ടി. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ അണ്ണാ ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ച്‌ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും ഫ്രീഡം പാര്‍ക്കില്‍ ഒരുമിച്ചു കൂടുകയും ഹസാരെയുടെ ചിത്രം ആലേഖനം ചെയ്‌ത ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും ചെയ്‌തു. ഐ.ഐ.എസിലെ വിദ്യാര്‍ഥികള്‍ കാമ്പസില്‍നിന്ന്‌ ഫ്രീഡം പാര്‍ക്കിലേക്കു സൈക്കിള്‍ റാലി നടത്തി. 600 വിദ്യാര്‍ഥികള്‍ ഒപ്പുവച്ച ബാനറും വഹിച്ചായിരുന്നു റാലി. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചു.

ശക്‌തമായ ലോക്‌പാല്‍ ബില്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുംവരെ ഒരുനേരം ഭക്ഷണം വേണ്ടെന്നുവയ്‌ക്കാന്‍ ഐ.ഐ.എം. അധ്യാപകര്‍ തീരുമാനിച്ചു. കര്‍ണാടകയിലെ പ്രതിഷേധത്തില്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി സന്തോഷ്‌ ഹെഗ്‌ഡെയും പങ്കെടുത്തു.

അഹമ്മദാബാദ്‌, ഗാന്ധിനഗര്‍, ഗുവാഹത്തി, ഹൈദരാബാദ്‌ എന്നീ ഐ.ഐ.ടികളിലെ വിദ്യാര്‍ഥികള്‍ ഹസാരെയെ പിന്തുണച്ച്‌ ഓണ്‍ലൈന്‍ പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബി.എന്‍.എം.ഐ.ടി. കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ക്ലാസ്‌മുറികള്‍ വിട്ടതോടെ കോളജിന്‌ അവധി നല്‍കി. ലോകപാല്‍ ബില്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത കുട്ടികള്‍ വരെ ഹസാരെയ്‌ക്കു പിന്തുണയുമായി രംഗത്തെത്തി.

ദക്ഷിണമുംബൈയിലെ ആസാദ്‌ മൈതാനത്ത്‌ ഇന്നലെ പ്രതിഷേധധര്‍ണ നടന്നു. 'ഇന്ത്യ എഗന്‍സ്‌റ്റ് കറപ്‌ഷന്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കു പുറമേ യുവാക്കളും മില്‍ തൊഴിലാളികളും പരിപാടിയില്‍ അണിനിരന്നു. രാവിലെ മുതല്‍തന്നെ ആസാദ്‌ മൈതാനത്തേക്ക്‌ ആളുകള്‍ ഒഴുകിയെത്തി. വിമുക്‌തഭടനായ അണ്ണാഹസാരെയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്‍സൈനിക ഉദ്യോഗസ്‌ഥര്‍ പൊവായയില്‍ ഒത്തുകൂടി. ഇടതു ട്രേഡ്‌ യൂണിയനുകളും ആസാദ്‌ മൈതാനത്തെ പ്രതിഷേധപരിപാടിയില്‍ അണിനിരന്നു. ദേശഭക്‌തി ഗാനങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട്‌ മൈതാനം മുഖരിതമായിരുന്നു.

ഛത്രപതി ശിവാജി ടെര്‍മിനസിനു വെളിയില്‍ റെയില്‍വേ തൊഴിലാളികള്‍ യോഗം ചേര്‍ന്ന്‌ ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു നാഷണല്‍ റെയില്‍വേ മസ്‌ദൂര്‍ യൂണിയന്‍ സെക്രട്ടറി വേണു നായര്‍ പറഞ്ഞു.

ഗുജറാത്തില്‍ കോടതി ബഹിഷ്‌കരിക്കാനുള്ള അഭിഭാഷകരുടെ നീക്കം ചീഫ്‌ ജസ്‌റ്റിസ്‌ തടഞ്ഞു. കോടതിയിലേക്കു രാഷ്‌ട്രീയം വലിച്ചിഴയ്‌ക്കരുതെന്നും കേസുകള്‍ മാറ്റിവയ്‌ക്കാനാവില്ലെന്നും ചീഫ്‌ ജസ്‌റ്റില്‍ എസ്‌.ജെ. മുഖോപാധ്യയയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

ഹൈദരാബാദില്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയ ടി.ഡി.പി. നേതാവ്‌ ചന്ദ്രബാബു നായിഡുവിനേയും അനുയായികളേയും കസ്‌റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണു ടി.ഡി.പിയുടെ അഭിപ്രായമെന്നു ചന്ദ്രബാബു നായിഡു വ്യക്‌തമാക്കി.

ഇന്‍ഡോറില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ജൂഡീഷ്യറിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചു ഡല്‍ഹിയില്‍ ആറു ജില്ലാ കോടതികളിലും അഭിഭാഷകര്‍ സമരം നടത്തി. ഒറീസാ നിയമസഭയില്‍ ബി.ജെ.പി, ബി.ജെ.ഡി എം.എല്‍.എമാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു രണ്ടുതവണ സഭ തടസപ്പെട്ടു. തമിഴ്‌നാട്ടിലെ അഡയാറില്‍ മുന്നൂറോളം പേര്‍ നിരാഹാരം അനുഷ്‌ഠിച്ചു. ഝാര്‍ഖണ്ഡിലും പ്രതിഷേധം രൂക്ഷമാണ്‌. ബിഹാറില്‍ 'ഇന്ത്യ എഗന്‍സ്‌റ്റ് കറപ്‌ഷന്‍' പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ശക്‌തമായ പ്രതിഷേധപരിപാടികള്‍ നടത്തും. ജമ്മുവില്‍ നൂറുകണക്കിനാളുകള്‍ ജമ്മു-പത്താന്‍കോട്ട്‌ ഹൈവേയില്‍ പ്രകടനം നടത്തി. ലേയില്‍ ധര്‍ണ സംഘടിപ്പിക്കപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

അഴിമതിക്കെതിരായ ഹസാരെയുടെ സമരത്തിനു യു.പി. മുഖ്യമന്ത്രിയും ബി.എസ്‌.പി. നേതാവുമായ മായാവതി പിന്തുണ പ്രഖ്യാപിച്ചു.

No comments:

Post a Comment