Tuesday, August 9, 2011

ഉമ്മന്‍ചാണ്ടി ഒഴിഞ്ഞു; വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂരിന്



തിരു: പാമോലിന്‍ കേസില്‍ കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. വകുപ്പിന്റെ ചുമതല റെവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയതായി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെന്നും തനിക്കെതിരായ വിധി വന്നതുകൊണ്ട് അതില്‍ മാറ്റമില്ലെന്നും അദ്ദേഹം തുടര്‍ന്നു. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതോടെ താന്‍ നല്ലപിള്ളയാണെന്ന തോന്നല്‍ സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും ശ്രമം. അതേസമയം എല്ലാ മന്ത്രിമാരെയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി തലപ്പത്ത് തുടര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ കേസ് വിജിലന്‍സ് അന്വേഷിക്കുന്നതിലെ പൊരുത്തക്കേടും അധാര്‍മികതയും നിലനില്‍ക്കുകയാണ്. അതുകൊണ്ടാണ് അന്വേഷണം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുനില്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നു വിശ്വസിക്കുന്നവര്‍ക്കപോലും ഈ പൊരുത്തക്കേട് തള്ളിക്കളയാവാനാവില്ല. ഉമ്മന്‍ചാണ്ടി ഒഴിയാന്‍ സന്നദ്ധനായി എന്നാണ് യുഡിഎഫ് വക്താക്കളും അനുകൂല മാധ്യമങ്ങളുംപ്രചരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദമെന്നൊക്കെ പറഞ്ഞ്് കസേരയില്‍ തുടരാതെ മനഃസാക്ഷിക്കനുസരിച്ച് രാജിവയക്കുകയാണ് ചെയ്യേണ്ടത്.
വകുപ്പ് ഒഴിഞ്ഞാല്‍ പോര; രാജിവയ്ക്കണം: സിപിഐ എം 

തിരു: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. വിജിലന്‍സ് വകുപ്പിന്റെ മാത്രം ചുമതലയില്‍ നിന്നൊഴിവായതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് പാമോലിന്‍ കേസിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകാനാവില്ലെന്ന് സെക്രട്ടറിയറ്റ് തീരുമാനം വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോടതിവിധി അംഗീകരിക്കുന്നതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് ചുമതലയില്‍ നിന്നൊഴിവായത്. യുഡിഎഫും മുഖ്യമന്ത്രിയും കോടതിവിധി അംഗീകരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തു തുടര്‍ന്നുകൊണ്ട് ശരിയായ അന്വേഷണം നടത്താനാവില്ല. പൊതുഭരണത്തിന്റെയും ആഭ്യന്തരവകുപ്പിന്റെയും കീഴിലാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരുമന്ത്രിയെ ചുമതലയേല്‍പ്പിച്ചതുകൊണ്ട് അന്വേഷണം നിഷ്പക്ഷമാവില്ല. ഇതുവരെ ഒരു മുഖ്യമന്ത്രിക്കും ഇത്തരത്തില്‍ വിജിലന്‍സ് കേസ് നേരിടേണ്ടിവന്നിട്ടില്ല. രാഷ്ട്രീയമായ അന്തസുണ്ടെങ്കില്‍ രാജിവക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. ജനാധിപത്യകേരളം ആഗ്രഹിക്കുന്നതും അതാണ്.വകുപ്പ് ഒഴിഞ്ഞുകൊണ്ടുള്ള ചെപ്പടിവിദ്യയിലൂടെ അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് ശരിയല്ല. നീതിന്യായവ്യവസ്ഥയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ എത്രയും വേഗം രാജിവക്കുകയാണ് ചെയ്യേണ്ടത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതിനായി ശബ്ദമുയര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

No comments:

Post a Comment