അണ്ണാ ഹസാരെ അറസ്റ്റില്‍

- നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങിയ അണ്ണാ ഹസാരെയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ നിരാഹാരം തുടങ്ങാനിരിക്കെ മയൂര്‍ വിഹാറിലെ താമസ സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്്. പൊലീസ് കസ്റ്റഡിയില്‍ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതായി അഡ്വ. പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. തന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് രാജ്യത്ത് അഴിമതി വിരുദ്ധപോരാട്ടം നിലക്കില്ലെന്നും തന്റെ അനുയായികളായ ചെറുപ്പക്കാര്‍ സമരം ശക്തമായി തുടരുമെന്നും ഹസാരെ പറഞ്ഞു. ഹസാരെയുടെ അനുയായി കജ്രിവാള്‍ അടക്കം നിരവധി പ്രവര്‍ത്തകരും അറസ്റ്റിലായി. കിരണ്‍ ബേഡി, പ്രശാന്ത് ഭൂഷണ്‍ , ശാന്തി ഭൂഷണ്‍ തുടങ്ങി സമരത്തിന് പിന്തുണയുമായെത്തിയ പ്രമുഖരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് കിരണ്‍ബേഡി പ്രതികരിച്ചപ്പോള്‍ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
- അതേസമയം ഹസാരെയുടെ അനുയായികള്‍ ഡല്‍ഹി-നോയിഡ റോഡ് ഉപരോധിച്ചു. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നും നിലവിലെ കരട് ബില്ല് അംഗീകരിക്കില്ലെന്നും പറഞ്ഞാണ്് ഹസാരെ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ ഹസാരെയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അതിനാല്‍ അഴിമതിയെകുറിച്ച് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
- സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഹസാരെയുടെ സമരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. നിരാഹാരം കൊണ്ട് അഴിമതി തടയാനാവില്ലെന്നു പറഞ്ഞാണ് പ്രധാനമന്ത്രി ഹസാരെയുടെ സമരത്തിനെതിരെ പ്രതികരിച്ചത്. തന്നെ അറസ്റ്റ് ചെയ്താല്‍ ജയിലിലും സമരം തുടരുമെന്നും തന്റെ അനുയായികളെക്കൊണ്ട് ജയിലുകള്‍ നിറയുമെന്നും ഹസാരെ പറഞ്ഞിരുന്നു. ഹസാരെയുടെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പ്രതികരിച്ചു. അറസ്റ്റ് പ്രതിഷേധാര്‍ഹമെന്ന് സിപിഐ എം പ്രതികരിച്ചു.
No comments:
Post a Comment