Wednesday, August 3, 2011

കൈക്കൂലിക്ക് ഇടനിലക്കാരനായി പുരോഹിതന്‍

 നാനോ എക്സലിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നതിന് ഇടനിലക്കാരനായി നിന്നുവെന്ന് സംശയിക്കുന്ന പുരോഹിതനെ പൊലീസ് ചോദ്യം ചെയ്തു. ചേലക്കോട്ടുകര മാര്‍ അപ്രേം പള്ളിയിലെ പുരോഹിതനും സെയില്‍സ് ടാക്സ് പ്രാക്ടീഷണറുമായ സന്തോഷ് ആന്റണിയെയാണ്് വടക്കാഞ്ചേരി സിഐ എന്‍ മുരളീധരന്‍ ചോദ്യം ചെയ്തത്. ബുധനാഴ്ച രാവിലെ മാര്‍ത്തമറിയം വലിയ പള്ളിയിലാണ് ചോദ്യം ചെയ്തത്. കസ്റ്റഡിയില്‍ കഴിയുന്ന നാനോ എക്സല്‍ ഡയറക്ടര്‍ പാട്രിക് തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ . സെയില്‍സ്ടാക്സുകാര്‍ മരവിപ്പിച്ച നാനോ എക്സലിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ തൃശൂര്‍ സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് വിഭാഗം അസി. കമീഷണറായിരുന്ന ജയനന്ദകുമാറിന് ഒന്നര ക്കോടി രൂപ കൈക്കൂലി നല്‍കിയതിന് ഇടനിലക്കാരനായി നിന്നത് സന്തോഷ് ആന്റണിയെന്ന പുരോഹിതനാണെന്ന് നാനോ എക്സല്‍ ഡയറക്ടര്‍ പാട്രിക് തോമസ് മൊഴി നല്‍കിയിരുന്നു. നാനോ എക്സലിന്റെ ഒരു ഇടപാടിലും ഇടനിലക്കാരനായിട്ടില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. കേസ് അടുത്ത ആഴ്ച ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പുരോഹിതനെ പ്രതിയാക്കണമോയെന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും സി ഐ മുരളീധരന്‍ പറഞ്ഞു.

No comments:

Post a Comment